ബെംഗളൂരു: ദേശീയപാത അതോറിറ്റി (എൻഎച്ച്‌എഐ) പുതിയ സാമ്പത്തിക വർഷം മുതല്‍ പ്രധാന ഇടനാഴികളിലെ ടോള്‍ നിരക്കുകള്‍ വർധിപ്പിച്ചത് എല്ലാവരും അറിഞ്ഞുകാണും.ഇതുസംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കുകയും ചെയ്‌തിരുന്നു. നാളെ രാവിലെ മുതല്‍ ഈ നിരക്കുകള്‍ ആയിരിക്കും പ്രാബല്യത്തില്‍ ഉണ്ടാവുക. നഗരവുമായി ബന്ധപ്പെട്ട പ്രധാന ദേശീയപാതകളില്‍ എല്ലാം തന്നെ ചെറുതെങ്കിലും നിരക്ക് വർധന ഉണ്ടാവും.ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ (ഹോസ്കോട്ടെ-കെജിഎഫ്), ദബാസ്പേട്ട്-ഹോസ്കോട്ടെ എസ്‌ടിആർആർ, ബംഗളൂരു-മൈസൂർ ഹൈവേ, കനകപുര റോഡ്, കെംപഗൗഡ വിമാനത്താവള (കെഐഎ) ബല്ലാരി റോഡ് തുടങ്ങിയ പ്രധാന ദേശീയപാതകളില്‍ പുതിയ നിരക്കുകള്‍ ബാധകമാകും എന്നതാണ് യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യം.
പ്രധാന റോഡുകളും ടോള്‍ നിരക്കുകളും
ബെംഗളൂരു കെംപഗൗഡ വിമാനത്താവള റോഡിലെ (ബല്ലാരി റോഡ്) സദാഹള്ളി ടോള്‍ ഗേറ്റില്‍ കാറുകള്‍ക്കുള്ള ഒറ്റയാത്ര നിരക്ക് 120 രൂപയാണ്. മടക്കയാത്ര നിരക്ക് 180 രൂപയില്‍ നിന്ന് 185 രൂപയായി വർധിപ്പിച്ചു. 50 യാത്രകള്‍ക്കുള്ള പ്രതിമാസ പാസിന് 4070 രൂപയാണ് പുതിയ നിരക്ക്. ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കും (എല്‍സിവി/എല്‍ജിവി) മിനിബസുകള്‍ക്കും ടോള്‍ അഞ്ച് രൂപ കൂടി.ഒറ്റയാത്രയ്ക്ക് 190 രൂപ (മുമ്പ് 185), മടക്കയാത്രയ്ക്ക് 280 രൂപ (മുമ്പ് 275). ഇവയുടെ പ്രതിമാസ പാസിന് 6,255 രൂപയാണ്. ട്രക്കുകള്‍ക്കും ബസുകള്‍ക്കും അഞ്ച് മുതല്‍ 15 രൂപ വരെയാണ് നിരക്ക് വർധന ഏർപ്പെടുത്തിയിരിക്കുന്നത്. ഒറ്റയാത്ര 375 രൂപ, മടക്കയാത്ര 565 രൂപ എന്നിങ്ങനെയാണവ. പ്രതിമാസ പാസിന് 12,575 രൂപ നല്‍കണം.ബസ് യാത്രക്കാരെ ബാധിച്ചേക്കുംഈ വർധന ബസ് യാത്രാ നിരക്കുകളില്‍, പ്രത്യേകിച്ച് ബിഎംടിസി സർവീസുകളില്‍ പ്രതിഫലിച്ചേക്കും എന്നതാണ് ശ്രദ്ധേയമായ കാര്യം. വിമാനത്താവളത്തിലേക്കും ദേവനഹള്ളി, ചിക്ക്ബല്ലാപൂർ ഉള്‍പ്പെടെയുള്ള സമീപ നഗരങ്ങളിലേക്കും ബിഎംടിസിക്ക് വിപുലമായ റൂട്ടുകളാണ് ഉള്ളത്. വായു വജ്ര യാത്രക്കാർക്കും അധിക തുക നല്‍കേണ്ടി വരും.
മറ്റ് റോഡുകളിലെ വർധന എസ്‌ടിആർആർ ഇടനാഴിയില്‍ കാറുകള്‍ക്ക് ടോള്‍ അഞ്ച് രൂപ കൂടി. നെല്ലൂർ-ദേവനഹള്ളി പ്ലാസയില്‍ ഒറ്റയാത്രയ്ക്ക് 75, മടക്കം 125, പ്രതിമാസ പാസിന് 2805 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. ഹുളിക്കുണ്ടെയില്‍ കാറുകള്‍ക്ക് ഒറ്റയാത്ര 110, മടക്കം 160, പ്രതിമാസ പാസിന് 3595 രൂപ എന്നിങ്ങനെയും ടോള്‍ ഉണ്ടാവും.ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയുടെ (ഹോസ്കോട്ടെ-കെജിഎഫ്, ബേത്തമംഗല) 72 കി.മീ. പ്രവർത്തനക്ഷമമായ ദൂരത്തില്‍ എൻഎച്ച്‌എഐ നിരക്ക് പരിഷ്‌കരിച്ചു. ഹെഡഗിനബേലെ, അഗ്രഹാര, കൃഷ്‌ണപുര, സുന്ദരപാളയ എന്നീ നാല് ടോള്‍ പ്ലാസകളിലായി കാറുകള്‍ക്ക് ഒറ്റയാത്ര 150 രൂപയും മടക്കയാത്ര 225 രൂപ വരെയും നല്‍കണം.ഈ പാതയിലെ പ്രതിമാസ പാസുകള്‍ക്ക് ദിശയനുസരിച്ച് 4860-4985 രൂപയാണ് നിരക്ക്. ടോള്‍ നിരക്കുകളില്‍ നേരത്തെ പല വട്ടം മാറ്റമുണ്ടായിരുന്നു. ഈ പാത തുറന്നപ്പോള്‍ എക്‌സ്പ്രസ് വേ നിരക്കുകള്‍ ഈടാക്കിയെങ്കിലും, നിർമ്മാണം പൂർത്തിയാകാത്ത ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി 2026 ഫെബ്രുവരിയില്‍ എൻഎച്ച്‌എഐ നിരക്കുകള്‍ കുറച്ചിരുന്നു.ആകെ 261 കിലോമീറ്റർ ദൈർഘ്യമുള്ള പാതയില്‍ 72 കിലോമീറ്റർ മാത്രമാണ് നിലവില്‍ പ്രവർത്തനക്ഷമമായുള്ളത്. അതിനാല്‍, മുഴുവൻ എക്‌സ്പ്രസ് വേ നിരക്കിന് പകരം ദേശീയപാത നിരക്കിന് തുല്യമായ ടോളുകളാണ് അതോറിറ്റി ഇവിടെ ഏർപ്പെടുത്തിയത്. കൂടാതെ ബെംഗളൂരു-മൈസൂർ ഹൈവേയില്‍ കാറുകള്‍ക്ക് ടോള്‍ അഞ്ച് രൂപയും കൂട്ടിയിട്ടുണ്ട്.