ബെംഗളൂരു: മുംബൈ പോലുള്ള നഗരങ്ങളില്‍ കാണുന്നതുപോലെ ആകാശംമുട്ടുന്ന കെട്ടിടങ്ങള്‍ ഇനി ബെംഗളൂരുവിലും ഉയരും. സംസ്ഥാനത്തെ വ്യാവസായിക മേഖലകളില്‍ ഇത്തരം കെട്ടിടങ്ങളുടെ നിർമാണം അനുവദിക്കുന്ന തരത്തില്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തും.കർണാടക ഇൻഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്‌മെന്റ് ബോർഡിന് (KIADB) കീഴിലുള്ള ഇൻഡസ്ട്രിയല്‍ പ്ലോട്ടുകളിലെ കെട്ടിട നിർമ്മാണ ചട്ടങ്ങളിലാണ് ഇളവുകള്‍ വരുത്തുന്നത്.പുതിയ ചട്ടങ്ങള്‍ പ്രകാരം പ്രീമിയം തുക കെട്ടിവെച്ച് ഫ്ലോർ ഏരിയ റേഷ്യോ (FAR) 5.2 വരെ കൂട്ടാൻ സാധിക്കും. ഇത് ബെംഗളൂരുവിൻ്റെ വ്യാവസായിക മേഖലകളിലെ വ്യാവസായിക, വാണിജ്യ, പാർപ്പിട പദ്ധതികളില്‍ വലിയ വികസനത്തിന് വഴിയൊരുക്കും. നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന് ഇതൊരു വലിയ നേട്ടമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.ഇളവുകള്‍ വരുത്തുന്നതിലൂടെ കർണാടക ഇൻഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്‌മെന്റ് ബോർഡിന്റെ മേഖലകളില്‍ കൂടുതല്‍ ഉയരമുള്ളതും ഇടതൂർന്നതുമായ കെട്ടിടങ്ങള്‍ വരും. ഫാക്ടറികള്‍, ലോജിസ്റ്റിക്സ് പാർക്കുകള്‍, ഡാറ്റാ സെന്ററുകള്‍, ഓഫീസ് സ്പേസുകള്‍, പാർപ്പിടങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. മുമ്പ് 30 മീറ്ററിലധികം വീതിയുള്ള റോഡുകള്‍ക്ക് സമീപമുള്ള വ്യാവസായിക പ്ലോട്ടുകളില്‍ എഫ്‌എആർ 3.25 ആയി പരിമിതപ്പെടുത്തിയിരുന്നു. പുതിയ ചട്ടങ്ങള്‍ പ്രകാരം, ഈ പ്ലോട്ടുകളില്‍ എഫ്‌എആർ 5.2 വരെയാകാം. ഇത് കൂടുതല്‍ ഉയരത്തിലും ഇടതൂർന്നതുമായ കെട്ടിടങ്ങള്‍ നിർമ്മിക്കാൻ അനുവദിക്കുന്നു.24-30 മീറ്റർ വീതിയുള്ള റോഡുകള്‍ക്ക് സമീപമുള്ള പ്ലോട്ടുകളില്‍ 4.8 എഫ്‌എആർ വരെയും, 18-24 മീറ്റർ വീതിയുള്ള റോഡുകളില്‍ 4.0 എഫ്‌എആർ വരെയും, 12-18 മീറ്റർ വീതിയുള്ള റോഡുകളില്‍ 3.6 എഫഎആർ വരെയും നിർമ്മാണം നടത്താം. 12 മീറ്ററില്‍ താഴെ വീതിയുള്ള റോഡുകളില്‍ പോലും 2.45 മുതല്‍ 2.8 വരെ എഫ്‌എആർ അനുവദിച്ചിട്ടുണ്ട്.ഫ്ലോർ ഏരിയ റേഷ്യോ (FAR) എന്നത് ഒരു നിശ്ചിത പ്ലോട്ടില്‍ നിർമ്മിക്കാൻ കഴിയുന്ന കെട്ടിടത്തിന്റെ ഉയരവും മറ്റ് അളവുകളുമെല്ലാം നിർണയിക്കുന്ന മാനദണ്ഡമാണ്. കെട്ടിടത്തിൻ്റെ ആകെ ഫ്ലോർ ഏരിയയും പ്ലോട്ടിൻ്റെ വലുപ്പവും തമ്മിലുള്ള അനുപാതമാണിത്. ഉയർന്ന എഫ്‌എആർ കൂടുതല്‍ ഉയരമുള്ളതും ഇടതൂർന്നതും ആയ കെട്ടിടങ്ങള്‍ അനുവദിക്കുന്നു. കുറഞ്ഞ എഫ്‌എആർ ഉയരവും വീതിയുമെല്ലാം പരിമിതപ്പെടുത്തും. ഉദാഹരണത്തിന്, 10,000 ചതുരശ്ര മീറ്റർ പ്ലോട്ടില്‍ എഫ്‌എആർ 2 ആണെങ്കില്‍, ഡെവലപ്പർക്ക് 20,000 ചതുരശ്ര മീറ്റർ ഫ്ലോർ സ്പേസ് നിർമ്മിക്കാം. എഫ്‌എആർ 5 ആയി ഉയർത്തിയാല്‍, ഇതേ ഭൂമിയില്‍ അനുമതി ലഭിക്കുന്ന നിർമ്മിത വിസ്തീർണ്ണം 50,000 ചതുരശ്ര മീറ്ററായി വർദ്ധിക്കും.