Home കർണാടക ബെംഗളൂരു സബര്‍ബൻ റെയിലിന് ഇനി പഴയ കണക്കല്ല; പദ്ധതിച്ചെലവ് 15,767 കോടിയില്‍ നിന്ന് 23,342 കോടി രൂപയായി ഉയര്‍ന്നു

ബെംഗളൂരു സബര്‍ബൻ റെയിലിന് ഇനി പഴയ കണക്കല്ല; പദ്ധതിച്ചെലവ് 15,767 കോടിയില്‍ നിന്ന് 23,342 കോടി രൂപയായി ഉയര്‍ന്നു

by ടാർസ്യുസ്

ബെംഗളൂരു: ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ബെംഗളൂരു നഗരത്തിലെ പ്രധാന പദ്ധതികളിലൊന്നായ ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിച്ചെലവ് വർധിപ്പിച്ചു.15,767 കോടി രൂപയില്‍ നിന്ന് 23,342 കോടി രൂപയായി പദ്ധതിച്ചെലവ് വർധിപ്പിച്ചു. പദ്ധതിയുടെ കാലതാമസവും റോളിങ് സ്റ്റോക്ക് സംഭരണത്തിലെ മാറ്റവുമാണ് പദ്ധതിച്ചെലവ് വർധിപ്പിക്കാൻ കാരണമായത്.149.348 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു കമ്മ്യൂട്ടർ റെയില്‍ ശൃംഖലയാണ് ബെംഗളൂരു സബർബൻ റെയില്‍ പദ്ധതി (BSRP). നാല് ഇടനാഴികളും 58 – 64 സ്റ്റേഷനുകളും ഉള്‍പ്പെടുന്ന പദ്ധതി 1.9 ദശലക്ഷം ദൈനംദിന യാത്രക്കാർക്ക് സേവനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പണപ്പെരുപ്പവും പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ ട്രെയിൻ കോച്ചുകള്‍ പാട്ടത്തിനെടുക്കുന്നതിനുപകരം നേരിട്ട് വാങ്ങാനുള്ള തീരുമാനവുമാണ് ചെലവ് വർധനവിന് കാരണമെന്ന് പദ്ധതി ഏജൻസിയായ റെയില്‍ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണാടക) ലിമിറ്റഡ് (കെ – റൈഡ്) പറഞ്ഞു. പദ്ധതി പിപിപി മാതൃകയില്‍ ആസൂത്രണം ചെയ്തിരുന്നതിനാല്‍ മുൻ പദ്ധതി ചെലവില്‍ റോളിങ് സ്റ്റോക്ക് സംഭരണം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കെ – റൈഡ് എംഡി ലക്ഷ്മണ്‍ സിങ് അറിയിച്ചു.2020ല്‍ അംഗീകരിച്ച 148 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു സബർബൻ റെയില്‍ ശൃംഖല 2026 ഒക്ടോബറില്‍ പൂർത്തീകരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ പദ്ധതി വൈകിയതോടെ സമയപരിധി 2030 മാർച്ച്‌ വരെ നീട്ടുകയായിരുന്നു.”മുൻപത്തെ പദ്ധതി ചെലവായ 15,767 കോടി രൂപയില്‍ റോളിങ് സ്റ്റോക്ക് പിപിപി മാതൃകയിലൂടെയാണ് ആസൂത്രണം ചെയ്തത്. അത് ഇപ്പോള്‍ ഇക്വിറ്റിയിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ട്. അതിനാല്‍ റോളിങ് സ്റ്റോക്ക് ചെലവ് വർധിച്ചു. ഏകദേശം 4,300 കോടി രൂപയായി. കൂടാതെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ പ്രതിവർഷം 5 മുതല്‍ 6 ശതമാനം എന്ന നിരക്കില്‍ പണപ്പെരുപ്പം മൊത്തത്തിലുള്ള ചെലവ് വർധിച്ചു” – എന്ന് ലക്ഷ്മണ്‍ സിങ് പറഞ്ഞു.കാലതാമസം കൂടുന്തോറും പദ്ധതിച്ചെലവ് വർധിക്കുമെന്ന് സിറ്റിസണ്‍സ് ഫോർ സിറ്റിസണ്‍സ് (C4C) സ്ഥാപകനും കണ്‍വീനറുമായ രാജ്കുമാർ ദുഗർ പറഞ്ഞു. തുടർച്ചയായ കാലതാമസം ചെലവ് വർധിപ്പിക്കുകയും ബെംഗളൂരുവിന് അത്യാവശ്യമായ താങ്ങാനാവുന്ന പൊതുഗതാഗതം നഷ്ടപ്പെടുത്തുകയും ചെയ്യും. പൗരന്മാർ പുരോഗതിക്കായി കാത്തിരിക്കുകയാണെങ്കിലും പക്ഷേ ഒന്നും സംഭവിച്ചിട്ടില്ല. കേന്ദ്ര റെയില്‍വേ സഹമന്ത്രി വി സോമണ്ണ, കർണാടക അടിസ്ഥാന സൗകര്യ മന്ത്രി എംബി പാട്ടീല്‍, ബെംഗളൂരു എംപിമാർ എന്നിവർ ഇടപെട്ട് പദ്ധതി പതിവായി അവലോകനം ചെയ്ത് ത്വരിതപ്പെടുത്തേണ്ട സമയമാണിത്.” – എന്ന് അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group