ബെംഗളൂരു: നഗരപ്രാന്തങ്ങളും, നഗരമേഖലയും ഒരുപോലെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് ബെംഗളൂരു സബർബൻ റെയില്‍ പദ്ധതി.ഈ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ വൈകുന്നതായി പുതിയ റിപ്പോർട്ടുകള്‍. പദ്ധതിക്കായി ഇതിനകം 2,659 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്. ലോക്സഭയി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. 148 കിലോമീറ്റർ സബർബൻ റെയില്‍ ശൃംഖലയ്ക്കായി ആകെ 15,767 കോടി അനുവദിച്ചിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും പുറത്തു നിന്നെടുക്കുന്ന വായ്പയും ചേർന്നാണ് പദ്ധതിക്ക് പണം കണ്ടെത്തുന്നത്. റെയില്‍ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണാടക) ലിമിറ്റഡ് (കെ-റൈഡ്) ആണ് പദ്ധതി നടപ്പിലാക്കുന്നത്.ഈ പദ്ധതിയുടെ പ്രധാന കോറിഡോറുകളിലൊന്നിന് വേണ്ടി ഇതുവരെ ഏറ്റെടുത്തത് 7.8 ഏക്കർ ഭൂമിയാണ്. കോറിഡോറിന് ആകെ വേണ്ടത് 57 ഏക്കർ ഭൂമിയാണ്. ഈ വേഗക്കുറവ് പദ്ധതിയുടെ സമയക്രമത്തെ സാരമായി ബാധിക്കുന്നു.നാല് കോറിഡോറുകളിലായാണ് ഈ പദ്ധതി പൂർത്തീകരിക്കാൻ ആലോചിക്കുന്നത്. ഒന്നാമത്തെ കോറിഡോർ സാംപിഗെ എന്നറിയപ്പെടുന്നു. ഇത് കെഎസ്‌ആർ ബെംഗളൂരു സിറ്റി മുതല്‍ ദേവനഹള്ളി വരെ നീളുന്ന 41.4 കിലോമീറ്റർ പാതയാണ്. ഇതിനകം തന്നെ ഈ സ്ട്രെച്ചില്‍ അലൈൻമെന്റ് പ്ലാനുകള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുകയാണ്.രണ്ടാമത്തെ കോറിഡോർ മല്ലിഗെ എന്നാണ് അറിയപ്പെടുന്നത്. ബൈയ്യപ്പനഹള്ളി മുതല്‍ ചിക്കബനവാര വരെയുള്ള 25.01 കിലോമീറ്റർ പാതയാണ് ഈ സ്ട്രെച്ചില്‍ വരുന്നത്. ഇവിടെ ഭൂമി ഏറ്റെടുക്കല്‍ പൂർത്തിയായി നിർമ്മാണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കോറിഡോർ 3 പാരിജാത എന്നാണ് അറിയപ്പെടുന്നത്. കെങ്കേരി മുതല്‍ വൈറ്റ്ഫീല്‍ഡ് വരെയുള്ള 35.52 കിലോമീറ്റർ പാത. ഇവിടെ നിലവില്‍ ഭൂമി ഏറ്റെടുക്കല്‍ നടക്കുകയാണ്.നാലാമത്തെ കോറിഡോർ കനക എന്നറിയപ്പെടും. ഹീലലിഗെ മുതല്‍ രാജൻകുണ്ടെ വരെയുള്ള 46.25 കിലോമീറ്റർ പാതയാണിത്. ഭൂമി ഏറ്റെടുക്കല്‍ വളരെ പതുക്കെയാണ് ഈ സ്ട്രെച്ചില്‍. സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിലും സർക്കാർ ഭൂമി കൈമാറ്റം ചെയ്യുന്നതിലും വേഗതക്കുറവുണ്ടെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. പലയിടങ്ങളിലും സ്റ്റേഷൻ നിർമ്മാണം അടക്കമുള്ള ജോലികള്‍ പുരോഗമിക്കുന്നുണ്ട്. ചില ഇടനാഴികളില്‍ സിഗ്നലിംഗ് വര്‍ക്കുകളടക്കം നടക്കുന്നു. പദ്ധതി വേഗത്തിലാക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കെ-റൈഡും റെയില്‍വേ അധികാരികളും തമ്മില്‍ തുടർച്ചയായ ഏകോപന യോഗങ്ങള്‍ നടക്കുന്നുണ്ടെന്ന് റെയില്‍വേ ഉദ്യോഗസ്ഥർ അറിയിച്ചു.