Home കർണാടക ബെംഗളൂരുവിലെ ഈ മേഖല അടിമുടി മാറും; ആറു കോടി ചെലവില്‍ നവീകരണം: ഹൈടെക് പാര്‍ക്കിങ് സംവിധാനം

ബെംഗളൂരുവിലെ ഈ മേഖല അടിമുടി മാറും; ആറു കോടി ചെലവില്‍ നവീകരണം: ഹൈടെക് പാര്‍ക്കിങ് സംവിധാനം

by ടാർസ്യുസ്

ബെംഗളൂരു:ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ മേഖലയാണ് കെആര്‍ മാര്‍ക്കറ്റ്. ബെംഗളൂരുവിലെ ഏറ്റവും പഴക്കമേറിയ മൊത്തവ്യാപാര വിപണി മാത്രമല്ല, വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഇടം കൂടിയാണിത്.എന്നാല്‍ സ്ഥലപരിമിതിയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്‌നം. രാത്രിയായാല്‍ ഇരുട്ടും ദുര്‍ഗന്ധവും നിറഞ്ഞതും സാമൂഹിക വിരുദ്ധരുടെ താവളവുമായിരുന്ന ഈ പ്രദേശം ഇനി അടിമുടി മാറുകയാണ്. കെആര്‍ മാര്‍ക്കറ്റിന്റെ മുഖഛായ തന്നെ മാറ്റുന്ന പുതിയ ഹൈടെക് പാര്‍ക്കിങ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു.ഏകദേശം 26 വര്‍ഷത്തോളം അവഗണനയിലായിരുന്ന അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് ഏരിയയാണ് ആറ് കോടി രൂപ ചെലവില്‍ അത്യാധുനിക രീതിയില്‍ നവീകരിച്ചിരിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങളോടെയാണ് പാര്‍ക്കിങ് മേഖല നവീകരിച്ചിരിക്കുന്നത്. പുതിയ സംവിധാനമനുസരിച്ച്‌ 200 കാറുകള്‍ക്കും 400 ഇരുചക്ര വാഹനങ്ങള്‍ക്കും ഒരേസമയം ഇവിടെ പാര്‍ക്ക് ചെയ്യാം. യാത്രക്കാരുടെ സുരക്ഷയ്ക്കായി 40-ലധികം സിസിടിവി ക്യാമറകള്‍, ലിഫ്റ്റുകള്‍, ഡിജിറ്റല്‍ മോണിറ്ററിംഗ്, മികച്ച വെളിച്ചം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. മാര്‍ക്കറ്റ് ഭാഗത്തു നിന്നും അവന്യൂ റോഡില്‍ നിന്നും രണ്ട് എന്‍ട്രി പോയിന്റുകളുമുണ്ട്.വെറുമൊരു പാര്‍ക്കിങ് കേന്ദ്രം എന്നതിലുപരി കെആര്‍ മാര്‍ക്കറ്റിന്റെ പാരമ്പര്യം വിളിച്ചോതുന്ന ചുവര്‍ചിത്രങ്ങളും ആനക്കൊമ്പിന്റെ ആകൃതിയിലുള്ള തൂണുകളും കൊണ്ട് മനോഹരമാണ് ഈ പുതിയ ഇടം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഡ്രെയിനേജ് സംവിധാനം കുറ്റമറ്റതാക്കുകയും ടണ്‍ കണക്കിന് മാലിന്യങ്ങളും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഇവിടെ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.ആറു കോടി രൂപ ചെലവിലാണ് അത്യാധുനിക ഭൂഗര്‍ഭ പാര്‍ക്കിംഗ് സൗകര്യം നിര്‍മ്മിച്ചത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നിന്റെ ദീര്‍ഘകാലമായുള്ള പാര്‍ക്കിങ് പ്രതിസന്ധിക്കാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. സ്വകാര്യ കമ്പനിയായ റൈറ്റ് പാര്‍ക്കിങ്ങിനാണ് പത്ത് വര്‍ഷത്തേക്ക് ഇതിന്റെ നടത്തിപ്പ് ചുമതല സിറ്റി കോര്‍പറേഷന്‍ നല്‍കിയിരിക്കുന്നത്.മാര്‍ക്കറ്റിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ പാര്‍ക്കിങ് ഉറപ്പാക്കാനും ഈ പദ്ധതി ഉപകരിക്കും. റോഡരികിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ ഇത് വലിയ പങ്കുവഹിക്കുമെന്ന് അധികൃതര്‍ കരുതുന്നു. അതേസമയം, പാര്‍ക്കിങ് നിരക്കുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണമെന്നും പ്രവേശന നടപടികള്‍ ലളിതമായിരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വൃത്തിയും സുരക്ഷയും ഉറപ്പാക്കുന്ന ഈ മാറ്റം ബെംഗളൂരു നിവാസികള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ആശ്വാസകരമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group