ബെംഗളൂരു: ശമ്പളപാക്കേജിലെ സുപ്രധാനമായ ഘടകമാണ് വീട് വാടക അലവൻസ് അഥവാ എച്ച്ആർഎ. ജോലിക്കാർ വാടകയ്ക്ക് താമസിക്കുന്നവരാണെങ്കില്‍, അവരുടെ വാടക ചെലവുകള്‍ നികത്താൻ സഹായിക്കുന്നതിനായി കമ്പനികള്‍ നല്കുന്ന ഒരു അനുകൂല്യമാണ് ഇത്.ഇന്ത്യൻ ആദായനികുതി നിയമത്തിലെ സെക്ഷൻ 10(13എ) പ്രകാരം, ഈ തുകയ്ക്ക് ഭാഗികമായോ പൂർണമായോ നികുതി ഇളവ് തേടാം. HRA യുടെ പ്രധാന ഉദ്ദേശ്യം, ശമ്പളക്കാരുടെ താമസച്ചെലവുകള്‍ കുറയ്ക്കുകയും നികുതി ഭാരം ലഘൂകരിക്കുകയുമാണ്, പ്രത്യേകിച്ച് ഉയർന്ന വാടകനിരക്കുള്ള നഗരങ്ങളില്‍.ഇപ്പോഴിതാ പ്രധാന നഗരങ്ങളില്‍ താമസിക്കുന്ന ശമ്പളക്കാർക്ക് കാര്യമായ നികുതി ഇളവ് ലഭ്യമാക്കാൻ ലക്ഷ്യമിട്ട്, പഴയ നികുതി സമ്പ്രദായത്തില്‍ എച്ച് ആർ എ ഇളവിന് അർഹതയുള്ള നഗരങ്ങളുടെ പട്ടിക വികസിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. നിലവില്‍ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നീ നാല് മെട്രോ നഗരങ്ങളിലെ ശമ്പളക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 50% വരെ എച്ച് ആർ എ ഇളവ് ലഭിക്കും. മറ്റ് നഗരങ്ങളിലുള്ളവർക്ക് ഇത് 40% മാത്രമാണ്. ഡ്രാഫ്റ്റ് ഇൻകം ടാക്സ് റൂള്‍സ് 2026 പ്രകാരം, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, അഹമ്മദാബാദ് എന്നീ നാല് പ്രധാന നഗരങ്ങളിലേക്കും 50% എച്ച് ആർ എ ഇളവ് വ്യാപിപ്പിക്കാനാണ് നിർദേശം. ഈ മാറ്റം 2026 ഏപ്രില്‍ 1 മുതല്‍ (ഫിനാൻഷ്യല്‍ ഇയർ 2026-27) നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് ശമ്പളക്കാരുടെ നികുതി സേവിംഗ്സിന് ഗണ്യമായ ഉത്തേജനം നല്‍കും.മാറുന്ന നഗര ജനസംഖ്യ, ഉയർന്ന വാടകനിരക്ക് എന്നിവ കണക്കിലെടുത്താണ് HRA വ്യവസ്ഥകള്‍ ആധുനികവല്ക്കരിക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി ഈ നീക്കം. ഈ നഗരങ്ങളിലെ ശരാശരി വാടകനിരക്കുകള്‍ കഴിഞ്ഞ ദശകത്തില്‍ 20-30% വരെ ഉയർന്നിട്ടുണ്ട്, പ്രത്യേകിച്ച് ഐടി, ഫിനാൻഷ്യല്‍ സെക്ടറുകളിലെ തൊഴില്‍ വളർച്ച കാരണം. ഉദാഹരണത്തിന്, ബെംഗളൂരുവിലെ ഒരു ശരാശരി 2BHK അപ്പാർട്ട്മെന്റിന്റെ മാസ വാടക 25,000-40,000 രൂപയ്ക്കിടയിലാണ്, ഇത് ശമ്പളത്തിന്റെ ഗണ്യമായ ഭാഗം വരും. പഴയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുന്ന ശമ്പളക്കാർക്കായിരിക്കും ഈ നിർദേശം ഏറ്റവും കൂടുതല്‍ പ്രയോജനകരമാകുക. പുതിയ നികുതി സമ്പ്രദായത്തില്‍ HRA ഉള്‍പ്പെടെയുള്ള മിക്ക ഇളവുകളും ലഭ്യമല്ല എന്നതും ശ്രദ്ധേയമാണ്.