ബംഗളൂരു: ഓൺലൈൻ തട്ടിപ്പിലൂടെ 63 കാരന് നഷ്ടമായത് ആജീവനാന്ത സമ്പാദ്യം. ബംഗളൂരുവിലാണ് സംഭവം. നഗരത്തിലെ വൈറ്റ്‌ഫീൽഡ് സി.ഇ.എൻ പോലീസ് പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 70 ലക്ഷം രൂപ സൈബർ കുറ്റവാളികൾ വയോധികനിൽനിന്ന് തട്ടിയെടുത്തെന്ന് പൊലീസ് പറഞ്ഞു.
തട്ടിപ്പിന്‍റെ നാൾവഴികൾ:ഒരു അജ്ഞാത സ്ത്രീയുടെ സോഷ്യൽ മീഡിയ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിനെത്തുടർന്നാണ് വയോധികൻ തട്ടിപ്പിന് ഇരയായത്. വൈറ്റ്‌ഫീൽഡ് ചന്ദ്രാ ലേഔട്ട് ഐ ഫേസ് താമസക്കാരനായ ഇരയ്ക്ക് തന്റെ ആജീവനാന്ത സമ്പാദ്യവും വിരമിക്കൽ ഫണ്ടും നഷ്ടപ്പെട്ടതായും പൊലീസ് പറഞ്ഞു. 25 കോടി രൂപ സമ്മാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുകയായിരുന്നു. ഒക്‌ടോബർ ഒന്നിന് വയോധിക അജ്ഞാത വനിതയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു. തുടർന്ന് 25 ദിവസത്തിനുള്ളിൽ പലഘട്ടങ്ങളായി പണം നഷ്ടപ്പെടുകയായിരുന്നു.
തട്ടിപ്പ് രീതി:മരിയ ലിയോനാസ്മിക് എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി ഒക്‌ടോബർ ഒന്നു മുതൽ ഇരയുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. ഒക്‌ടോബർ എട്ടിന് ചില വിലയേറിയ സമ്മാനങ്ങൾ അയച്ചുതരാമെന്ന് കാണിച്ച് യുവതി സന്ദേശം അയച്ചു. അടുത്ത ദിവസം, സമ്മാനങ്ങൾ അയച്ചതായും ഇരയ്ക്ക് സന്ദേശമെത്തി. ഒക്‌ടോബർ 11ന് കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ട് മറ്റൊരു തട്ടിപ്പുകാരൻ ഇരയെ വിളിച്ചു.ഏതാനും ലക്ഷം ഡോളർ അടങ്ങുന്ന ഒരു കൊറിയർ താങ്കളുടെ പേരിൽ ഉണ്ടെന്ന് പറഞ്ഞാണ് കോളുകൾ വന്നത്. ഇത് ലഭിക്കാൻ കസ്റ്റംസ് ഡ്യൂട്ടി, കറൻസി കൺവേർഷൻ ചാർജുകൾ, സമ്മാനങ്ങൾക്കുള്ള നികുതി എന്നിവ അടക്കാൻ പ്രതികൾ നിർബന്ധിക്കുകയായിരുന്നു.
കറൻസി മാറ്റി നൽകുന്നതിന് പണം നൽകണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യാജ മുദ്ര പതിപ്പിച്ച ഇ-മെയിലും പ്രതികൾ അയച്ചു. ഇതെല്ലാം വിശ്വസനീയമായി തോന്നിയ വയോധികൻ വിവിധ ആവശ്യങ്ങൾക്കായി തന്‍റെ പക്കലുള്ള 70 ലക്ഷത്തോളം രൂപ പ്രതികൾക്ക് നൽകുകയായിരുന്നു.2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിനൊപ്പം ഇന്ത്യൻ പീനൽ കോഡ് 420 പ്രകാരവും സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ രീതിയിലുള്ള സൈബർ തട്ടിപ്പുകളെ കരുതിയിരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.