ബെംഗളൂരു : നഗരത്തിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്ന സംഘത്തിനായി തിരച്ചിൽ. കഴിഞ്ഞ 15 ദിവസത്തിനിടെ നഗരത്തിൽ 20 വീടുകളിലാണ് കവർച്ച നടത്തിയത്. ആവലഹള്ളി പോലീസ് സ്റ്റേഷൻപരിധിയിൽ വരുന്ന അഞ്ച് ലേഔട്ടുകളിലാണ് കൂടുതൽ കവർച്ച നടന്നത്. ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും മോഷണം പോയി.നാലംഗ മോഷണസംഘമാണ് മിക്ക വീടുകളിലും എത്തിയത്. പകൽസമയം ബൈക്കിലെത്തി കൊള്ളയടിക്കേണ്ട വീടുകൾ കണ്ടെത്തിവെക്കും. പൂട്ടിക്കിടക്കുന്ന വീടുകളാണ് സംഘം ശ്രദ്ധിക്കുന്നത്. വീടിന്റെ പരിസരവും ആളുകളുടെ പ്രവർത്തനങ്ങളും സസൂക്ഷ്‌മം നിരീക്ഷിക്കും.
തുടർന്ന് മടങ്ങിപ്പോയി പുലർച്ചെ ഒന്നിനുശേഷം സംഘം മുഖംമൂടിയണിഞ്ഞ് കാറിലെത്തിയാണ് മോഷണം നടത്തിയത്. വീടിനുപുറത്ത് കാർ പാർക്കുചെയ്തശേഷം ഗേറ്റിന്റെ പൂട്ടും വീടിന്റെ വാതിലും തകർത്താണ് അകത്ത് കയറുന്നത്. വീടുകളിൽ ആളില്ലെന്ന് ഉറപ്പാക്കിയശേഷമാകും ഓപ്പറേഷൻ. ചില വീടുകളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ക്യാമറകളിൽ മോഷണസംഘത്തിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. ആവലഹള്ളി പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. മോഷണം വ്യാപകമായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
വീട്ടിൽ മോഷണം: പതിനേഴുകാരൻ പിടിയിൽ
ബാഗലഗുണ്ടെയിൽ വീട്ടിൽ അതിക്രമിച്ചുകയറി രണ്ടുലക്ഷം രൂപ മോഷ്‌ടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റുചെയ്തു. പകൽസമയം പൂട്ടിക്കിടന്ന വീട് നിരീക്ഷിച്ച ശേഷം രാത്രിയിലെത്തി മോഷണം നടത്തുകയായിരുന്നു. വീടിൻറെ വാതിൽ തകർത്ത് അകത്തുകയറി പണവും ആഭരണങ്ങളും മോഷ്ടിച്ചു.വാതിൽ തകർക്കപ്പെട്ട കാര്യം അയൽവാസിയാണ് വീട്ടുടമയെ അറിയിച്ചത്.തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മോഷണംപോയ സ്വർണാഭരണങ്ങൾ ലഗ്ഗെരെയിലെ സ്വർണവ്യാപാരിയിൽനിന്ന് ലഭിച്ചു .
മാണ്ഡ്യയിൽ വിവിധ കവർച്ചസംഘത്തിലെ ആറുപേർ അറസ്റ്റിൽ
മൈസൂരു : മാണ്ഡ്യയിൽ വിവിധ കവർച്ചാ സംഘത്തിലെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ വ്യത്യസ്ത മോഷണക്കേസുകൾക്ക് തുമ്പ് ലഭിച്ചതായി പോലീസ് സുപ്രണ്ട് മല്ലികാർജുന ബലദാനി അറിയിച്ചു.സംഘത്തിലെ പ്രധാനിയായ വിദ്യാരണ്യപുരം സ്വദേശി അനന്ത ഏലിയാസ് പ്രകാശിനെ (35) ചൊവ്വാഴ്ചയാണ് മാണ്ഡ്യ പോലീസ് അറസ്റ്റുചെയ്തത്. മലവള്ളി താലൂക്കിലെ അഗസ്നപുര വില്ലേജിലെ ഒരു വീട്ടിൽ നടന്ന കവർച്ചക്കേസിലാണ് ഇയാൾ പിടിയിലായത്. സ്വർണം, വെള്ളി, പണം എന്നിവയടക്കം ഈ വീട്ടിൽനിന്ന് ഏകദേശം നാലര ലക്ഷം രൂപയുടെ കവർച്ച ഏലിയാസ് നടത്തിയതായി പോലീസ് പറഞ്ഞു.
മോഷ്ടിച്ച സ്വർണം ഒരു ജൂവലറിയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ സ്വർണവും പണവും അടക്കം ആകെ 22 ലക്ഷത്തിൻ്റെ മോഷണവസ്തുക്കൾ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. അനന്ത ഒട്ടേറെ കവർച്ചക്കേസുകളിൽ പ്രതിയാണ്. 2020-ൽ കവർച്ചക്കേസുകളിൽ അറസ്റ്റിലായ ഇയാൾ പിന്നീട് ജയിൽ മോചിതനായ ശേഷവും വ്യാപകമായി കവർച്ച നടത്തുകയായിരുന്നു.
11 കവർച്ചക്കേസുകളിൽ പ്രതികളായ ബാർ ജീവനക്കാരൻ എച്ച്.പി. സുധീപ്, ഓട്ടോ ഡ്രൈവർ എച്ച്.ആർ. ചേതൻ, എച്ച്.എസ്. ദർശൻ, എച്ച്.സി. കിരൺ കുമാർ, മുദഗരെ വില്ലേജിലെ പി.ആർ. ചേതൻ എന്നിവരെയും മണ്ഡ്യ പോലീസ് പിടികൂടി. പ്രധാനമായും മാല കവർച്ചക്കേസുകളിലെ പ്രതികളാണിവർ. ഗോവയിലെ കാസിനോകളിൽ മോഷണം നടത്തിയ സംഭവങ്ങളിലും ഇവർ പ്രതികളാണ്. ഇവരെ ചോദ്യം ചെയ്തതിനെത്തുടർന്ന് സ്വർണം, വെള്ളി, പണം, രണ്ട് മോട്ടോർ ബൈക്കുകൾ എന്നിവയടക്കം ആകെ 22 ലക്ഷത്തിൻ്റെ മോഷണവസ്തുക്കൾ പിടിച്ചെടുത്തു. അഞ്ചംഗസംഘം 2022 മുതൽ വിവിധ ക്രമിനൽക്കേസുകളിൽ പ്രതികളായവരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.