ബെംഗളൂരു : പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി ഒരു മാസമായി ഒളിവില്‍ കഴിയുകയായിരുന്ന ഡല്‍ഹി സ്വദേശിയായ യുവാവിനെ ബെംഗളൂരു പൊലീസ് പിടികൂടി. ഹൈദരാബാദില്‍ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ അര്‍പിത് കരിക് ആണ് അറസ്‌റ്റിലായത്. ഹൈദരാബാദ് സ്വദേശിനിയായ ആകാൻക്ഷ (23)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
കേസിനാസ്‌പദമായ സംഭവം : ജൂണ്‍ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. നാല് വര്‍ഷമായി അര്‍പിത് ബെംഗളൂരുവിലെ സ്വകാര്യ കമ്ബനിയില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഒന്നര വര്‍ഷം മുൻപാണ് ആകാൻക്ഷയെ കണ്ടുമുട്ടുന്നത്. ക്രമേണ അടുപ്പത്തിലായ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരായ ഇരുവരും ജീവൻ ഭീമ നഗര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊടിഹള്ളിയിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്‍റില്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്.
മാസങ്ങള്‍ക്ക് മുൻപ് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് അര്‍പിത് ഹൈദരാബാദിലേക്ക് താമസം മാറി. ഇതിനിടെ ആകാൻക്ഷ മറ്റൊരാളുമായി അടുപ്പത്തിലായെന്ന പേരില്‍ ഇരുവരും തമ്മില്‍ പലപ്പോഴും വാക്കേറ്റമുണ്ടായിരുന്നതായി ബെംഗളൂരു സിറ്റി ഈസ്റ്റ് ഡിസിപി ഭീമശങ്കര്‍ ഗുലേദ് പറഞ്ഞു. തന്നെ വിവാഹം കഴിക്കാൻ അര്‍പിത് ആകാൻക്ഷയെ നിര്‍ബന്ധിച്ചെങ്കിലും ബന്ധം പിരിയണമെന്ന് യുവതി നിര്‍ദേശിച്ചു.
മൊബൈല്‍ ഫ്ലാറ്റില്‍ ഉപേക്ഷിച്ചു : ഇതില്‍ ക്ഷുഭിതനായ അര്‍പിത് ജൂണ്‍ അഞ്ചിന് ഹൈദരാബാദില്‍ നിന്ന് ജീവൻ ഭീമനഗറിലെ കൊടിഹള്ളിയിലുള്ള ആകാൻക്ഷയുടെ ഫ്ലാറ്റില്‍ എത്തി വാക്കേറ്റമുണ്ടാവുകയും യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടപ്പോള്‍ മൃതദേഹം ഫ്ലാറ്റില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് കണ്ടെത്താതിരിക്കാൻ പ്രതി തന്‍റെ ഫോണ്‍ യുവതിയുടെ ഫ്ലാറ്റില്‍ തന്നെ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്.
തുടര്‍ന്ന് ബൈയ്യപ്പനഹള്ളി റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്യുകയും അവിടെ നിന്ന് കെ.ആര്‍ പുരവരെ കാല്‍നടയായി പോവുകയും ചെയ്‌തു. അവിടെ നിന്നാണ് പ്രതിയെ കാണാതായത്. ആകാൻക്ഷയ്‌ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു വ്യക്തി മുറിയില്‍ എത്തിയപ്പോഴാണ് യുവതി കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ജീവൻ ഭീമ നഗര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടിസ് : പ്രതിയുടെ കുടുംബാംഗങ്ങളെയും പരിചയക്കാരെയും ചോദ്യം ചെയ്‌തിട്ടും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാളെ കണ്ടെത്താൻ ബെംഗളൂരു പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഇയാള്‍ക്കായി ബെംഗളൂരു പൊലീസ് മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് ഡല്‍ഹി, അസം, വിജയവാഡ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി അന്വേഷണം നടത്തുന്നതിനിടെയാണ് കുറ്റകൃത്യം നടന്ന് ഒരു മാസത്തിന് ശേഷം ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിന് സമീപത്തുനിന്ന് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. അര്‍പിത്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.