ബാംഗ്ലൂർ: ബെംഗളൂരു നഗരവാസികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് നമ്മ മെട്രോയുടെ മൂന്നാം ഘട്ടത്തിന്റെ നിര്‍മാണം.44.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നാം ഘട്ടം കൂടി വരുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ബെംഗളൂരു മെട്രോയുടെ കണക്ടിവിറ്റി വര്‍ധിക്കുന്നതിന് അനുസരിച്ച് യാത്രക്കാരുടെ ദുരിതവും കുറയും. സ്റ്റേഷനില്‍ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് പോകാന്‍ സ്വകാര്യ ടാക്സികളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കഴിയും. എന്നാലിപ്പോള്‍ ബെംഗളൂരു മെട്രോയുടെ നീളം വര്‍ധിപ്പിക്കുന്നതിന് എതിരേ ഒരു അപ്രതീക്ഷിത പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.

44.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നാം ഘട്ടത്തിലെ ജെപി നഗര്‍ നാലാം ഘട്ടം മുതല്‍ കെമ്പാപുര (ഹെബ്ബാള്‍) വരെയുള്ള ഓറഞ്ച് ലൈനിന് എതിരേ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. പരിസ്ഥിതി സ്നേഹികളാണ് പ്രതിഷേധം ഉയര്‍ത്തിയത്. ഓറഞ്ച് ലൈന്‍ നിര്‍മ്മാണത്തിനായി വന്‍ തോതില്‍ മരങ്ങള്‍ മുറിക്കുന്നതിനെതിരെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.2024 ഓഗസ്റ്റിലാണ് കേന്ദ്ര മന്ത്രിസഭ 15,611 കോടി രൂപ ചെലവു വരുന്ന ബെംഗളൂരു മെട്രോ മൂന്നാം ഘട്ടം അംഗീകരിച്ചത്. രണ്ട് പ്രധാന ഇടനാഴികളിലായി 31 സ്റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്ന 44.65 കിലോമീറ്റര്‍ പാതയാണ് നിര്‍മിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ നിര്‍മാണത്തിനായുള്ള സിവില്‍ വര്‍ക്കുകള്‍ക്ക് ടെന്‍ഡറുകള്‍ ക്ഷണിച്ചിരുന്നു.മെട്രോ പാത കടന്നുപോകുന്ന 5.1 കിലോമീറ്റര്‍ പരിധിയില്‍ ഏകദേശം 652 മരങ്ങള്‍ പദ്ധതിക്കു വേണ്ടി മുറിച്ചു മാറ്റേണ്ടി വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇതില്‍ 463 മരങ്ങള്‍ മുറിച്ചുമാറ്റാനായി ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ഇതിനകം അടയാളപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള 189 മരങ്ങളുടെ ഭാവിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം അനിശ്ചിതത്വത്തിലാകും.മരങ്ങള്‍ മുറിച്ചുമാറ്റുന്നത് പ്രദേശത്തിന് പാരിസ്ഥിതികമായും ആഘാതമുണ്ടാക്കും. അസിം പ്രേംജി സര്‍വ്വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് പ്രകാരം, ഈ പ്രദേശത്തെ മരങ്ങള്‍ 280 മെട്രിക് ടണ്‍ കാര്‍ബണ്‍ ആഗിരണം ചെയ്യുന്നുണ്ട്. ഇവ മുറിച്ചുമാറ്റുന്നത് നഗരത്തിലെ ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ആക്കം കൂട്ടുമെന്നും പഠനം മുന്നറിയിപ്പ് നല്കുന്നു. പ്രത്യേകിച്ച് ആല്‍മരം ഉള്‍പ്പെടെയുള്ള ഫിക്കസ് ഇനത്തില്‍പ്പെട്ട 12 കൂറ്റന്‍ മരങ്ങളാണ് വലിയ ഭീഷണി നേരിടുന്നത്. ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിന് ഈ മരങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.മരങ്ങള്‍ മുറിച്ചുമാറ്റാതിരിക്കാന്‍ മെട്രോ പാത പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ പാത മാറ്റാന്‍ ഉത്തരവിടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, പച്ചപ്പ് നിലനിര്‍ത്തുന്നതിനായി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ ബിഎംആര്‍സിഎല്ലിനോട് നിര്‍ദ്ദേശിച്ചു. പദ്ധതിയുടെ ബ്ലൂപ്രിന്റ് അന്തിമമാക്കുന്നതിന് മുമ്പ് മരങ്ങള്‍ സംരക്ഷിക്കാനാവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ ഡി.ടി. ദേവാരെ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം.മരങ്ങള്‍ മുറിക്കുന്നത് ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ പദ്ധതിയില്‍ ഏറ്റവും വലിയ നഷ്ടമായി കണക്കാക്കപ്പെടുന്നത് 150 മുതല്‍ 200 വര്‍ഷം വരെ പഴക്കമുള്ള ഒരു പൈതൃക ആല്‍മരമാണ്. 1242 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പച്ചപ്പ് പടര്‍ത്തി നില്ക്കുന്ന ഈ കൂറ്റന്‍ വൃക്ഷം നഗരത്തിന്റെ പച്ചപ്പിലെ അപൂര്‍വ്വ കാഴ്ചയാണ്. ഇത്തരം പൈതൃക വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിനായി പ്രത്യേക കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും പരിസ്ഥിതി സ്നേഹികളും ഒത്തുചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിവരികയാണ്.