
ബെംഗളൂരു: പ്രസവിച്ച് മണിക്കൂറുകൾക്കകം ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടികൊണ്ടു പോയി. ഹാസനിലെ അർകൽഗുഡ് സർക്കാർ ആശുപത്രിയിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് അസം സ്വദേശിനിയായ യുവതിയായ യാസ്മിൻ ആൺകുഞ്ഞിനെ പ്രസവിച്ചിരുന്നു. തുടർന്ന് അമ്മയേയും കുഞ്ഞിനേയും വാർഡിലേക്ക് മാറ്റി. രാത്രി 11.45 ഓടെ നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീ യാസ്മിന്റെ ഒപ്പം വാർഡിലുണ്ടായിരുന്ന ഭർത്താവിനെ മരുന്ന് വാങ്ങാൻ പറഞ്ഞയച്ച ശേഷം കുഞ്ഞിനെ ഐ.സി.യുവിലേക്ക് മാറ്റണമെന്ന് പറഞ്ഞ് കുഞ്ഞിനെ എടുത്ത് വാർഡിന് പുറത്തേക്ക് പോവുകയായിരുന്നു.
പുറത്തേക്കെത്തിയ സ്ത്രീ ആശുപത്രി വളപ്പിൽ കാത്തുനിൽക്കുകയായിരുന്ന കാറിൽ കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് അർകൽഗുഡ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി പരിശോധിച്ചപ്പോൾ കെ കുഞ്ഞുമായി മൂന്ന് പുരുഷൻമാർക്കൊപ്പം കാറിൽ കടന്നു കളയുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.