ഓണ്‍ലൈനിലൂടെ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. ബംഗളൂരു വിദ്യാര്‍ണപുര സ്വാഗത് ലേ ഔട്ട് ശ്രീനിലയത്തില്‍ മനോജ് ശ്രീനിവാസ് (33) നെയാണ് റൂറല്‍ ജില്ല പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ സ്വദേശികളായ സ്മിജയില്‍ നിന്ന് ഏഴ് ലക്ഷത്തോളം രൂപയും, ബിനോയിയില്‍ നിന്ന് 11 ലക്ഷത്തോളം രൂപയുമാണ് ഇയാള്‍ തട്ടിയത്. സൈബര്‍ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ നാല്‍പ്പത്തഞ്ചോളം അക്കൗണ്ടുകളില്‍ നിന്ന് 250 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.ഓണ്‍ലൈൻ ടാസ്ക് വഴിയാണ് പറവൂര്‍ സ്വദേശികള്‍ക്ക് പണം നഷ്ടമായത്.
പാര്‍ട്ട് ടൈം ജോലിയുടെ ഭാഗമായി യൂട്യൂബ് വിഡിയോകള്‍ ലൈക്ക് ചെയ്യുന്നത് വഴി വരുമാനം, ആയിരം രൂപ നിക്ഷേപിച്ചാല്‍ 1250 രൂപ വരുമാനം എന്നിങ്ങനെയായിരുന്നു ഇവര്‍ക്ക് ലഭിച്ച വാഗ്ദാനം. ആദ്യ ഘട്ടം എന്ന നിലയില്‍ ചെറിയ തുകകള്‍ തട്ടിപ്പുസംഘം പ്രതിഫലം, ലാഭം എന്നിങ്ങനെ പറഞ്ഞ് കൈമാറും. തുടര്‍ന്ന് വിശ്വാസം ജനിപ്പിച്ച ശേഷം വലിയ തുകകള്‍ നിക്ഷേപിപ്പിക്കും. ഇതിന്‍റെ ലാഭം തിരികെ ലഭിക്കുന്നതിനായി ജി.എസ്.ടി, മറ്റ് ടാക്സുകള്‍ എന്നിങ്ങനെ കൂടുതല്‍ തുകകള്‍ വാങ്ങി കബളിപ്പിക്കുകയാണ് ചെയ്യുന്നത്.ഈ തട്ടിപ്പ് നടത്തുന്നതിനായി സാധാരണക്കാരെക്കൊണ്ട് കറൻറ് അക്കൗണ്ട് മനോജ് എടുപ്പിക്കും.
ഈ അക്കൗണ്ട് ഇവരറിയാതെ കൈകാര്യം ചെയ്യുന്നത് മനോജും സംഘവുമാണ്. പിടിക്കപ്പെട്ടാല്‍ അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാനാണ് സംഘം ഇങ്ങനെ ചെയ്യുന്നത്. ഇത്തരം നാല്‍പ്പത്തിയഞ്ചോളം അക്കൗണ്ടുകളാണ് ചതിയിലൂടെ സ്വന്തമാക്കിയത്. ഇതിലേക്കാണ് ജോലി വാഗ്ദാനം ചെയ്ത് പറ്റിക്കപ്പെടുന്നവര്‍ പണം നിക്ഷേപിക്കുന്നത്. 250 കോടിയിലേറെ രൂപ ഇത്തരത്തില്‍ അക്കൗണ്ടുകള്‍ വഴി കൈമാറ്റം ചെയ്തുവെന്നാണ് കിട്ടുന്ന വിവരം.
ഒരു ദിവസം ആയിരത്തിലേറെ പണമിടപാട് ഒരു അക്കൗണ്ട് വഴി മാത്രം നടന്നിട്ടുണ്ട്. ദുബൈയില്‍ ജോലി ചെയ്യുന്ന കെവിൻ, ജെയ്സൻ എന്നിങ്ങനെ രണ്ടു പേരെ സമൂഹമാധ്യമം വഴി പരിചയപ്പെട്ടുവെന്നും, അവര്‍ പങ്കാളികളായിട്ടാണ് തട്ടിപ്പ് ആരംഭിച്ചതെന്നുമാണ് മനോജ് പറഞ്ഞത്. എന്നാല്‍ പൊലീസിന്‍റെ അന്വേഷണത്തില്‍ ഈ പേരുകളും അക്കൗണ്ടും വ്യാജമാണെന്നും ഇവ ചൈനയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതെന്നുമാണ് മനസിലാകുന്നത്.
അക്കൗണ്ട് വഴി ലഭിക്കുന്ന തുക ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിക്കുകയാണ് പതിവ്. ബംഗളൂരു സിറ്റി സൈബര്‍ പൊലീസില്‍ പ്രതിക്കെതിരെ കേസുകളുണ്ട്. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ എം.ബി. ലത്തീഫ്, എസ്.ഐ പി.ജി. അനൂപ്, എ.എസ്.ഐ റെനില്‍ വര്‍ഗീസ് സീനിയര്‍ സി.പി.ഒമാരായ വികാസ് മണി, ലിജോ ജോസ്, ജെറി കുര്യാക്കോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.