ബംഗ്ലൂര്‍ നന്ദി ഹില്‍സ്… വീക്കെൻഡ് ആയാലും അവധിയാണെങ്കിലും ഇനി വെറുതേയിരിക്കുമ്ബോള്‍ ഒരു യാത്ര പോകാൻ തോന്നിയാലും ബെംഗളരു നിവാസികളുടെ ആദ്യ ചോയ്സ്..ബൈക്കില്‍ ഇവിടേക്ക് പോകുന്നത് ഒരു ഹരം തന്നെയാണ് ഇനി കെഎസ്‌ആര്‍ടിസി ബസിലാണെങ്കിലും മറ്റു വാഹനങ്ങളിലാണെങ്കിലും കോടമഞ്ഞും റോഡും മികച്ച അനുഭവം നല്കും. ഇപ്പോഴിതാ നന്ദി ഹില്‍സിലേക്ക് ഇലക്‌ട്രിക് ട്രെയിൻ സര്‍വീസ് ആരംഭിക്കുകയാണ്.
ബാംഗ്ലൂര്‍-നന്ദി ഹില്‍സ് ആദ്യ ഇലക്‌ട്രിക് ട്രെയിൻ സര്‍വീസ് ഡിസംബര്‍ 11 തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ (എസ്‌ഡബ്ല്യുആര്‍) എയര്‍പോര്‍ട്ട് റൂട്ടിലെ മെമു (മെയിൻലൈൻ ഇലക്‌ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിനുകളുടെ പ്രവര്‍ത്തനം ദേവനഹള്ളിയില്‍ നിന്ന് ചിക്കബെല്ലാപ്പൂര്‍ വരെ ദീര്‍ഘിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് നന്ദി ഹില്‍സിലേക്ക് ട്രെയിൻ യാത്ര സാധ്യമാകുന്നത്.
ബാംഗ്ലൂര്‍- നന്ദി ഹില്‍സ് ട്രെയിന്‍ സര്‍വീസുകള്‍:
1. 06531/06532 ബെംഗളൂരു കന്‍റോണ്‍മെന്‍റ്-ചിക്കബെല്ലാപൂര്‍-കന്‍റോണ്‍മെന്‍റ്,
2. 06535/06538 ചിക്കബെല്ലാപൂര്‍-ബെംഗളൂരു കന്‍റോണ്‍മെന്‍റ്-ചിക്കബെല്ലാപൂര്‍
3.06593/06594 യശ്വന്ത്പൂര്‍-ചിക്കബെല്ലാപൂര്‍-യശ്വന്ത്പൂര്‍ എന്നീ മൂന്നു ട്രെയിനുകളാണ് ബാംഗ്ലൂര്‍- നന്ദി ഹില്‍സ് റൂട്ടില്‍ സര്‍വീസ് നടത്തുക.
യെലഹങ്കയ്ക്കും ചിക്കബല്ലാപ്പൂരിനും ഇടയിലുള്ള വൈദ്യുതീകരണം 2022 മാര്‍ച്ചില്‍ പൂര്‍ത്തിയായെങ്കിലും ഈ റൂട്ടില്‍ ഇലക്‌ട്രിക് ട്രെയിനുകള്‍ അവതരിപ്പിക്കുന്നത് പല കാരണങ്ങളാല്‍ വൈകുകയായിരുന്നു. നിലവില്‍, നന്ദി സ്റ്റേഷൻ പോലുള്ള സ്റ്റേഷനുകളില്‍ 06387/06388 കെഎസ്‌ആര്‍ ബെംഗളൂരു -കോലാര്‍ -കന്‍റോണ്‍മെന്‍റ് ഡീസല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഡെമു), 16549/16550 കെഎസ്‌ആര്‍ ബെംഗളൂരു – കോലാര്‍-കെഎസ്‌ആര്‍ ബെംഗളൂരു ഡെമു തുടങ്ങിയ ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.
നന്ദി സ്റ്റേഷനും നന്ദി ഹില്‍സിന്റെ അടിവാരത്തുള്ള ഭോഗനന്ദീശ്വര ക്ഷേത്രവും തമ്മിലുള്ള ദൂരം ഏകദേശം 1.4 കിലോമീറ്ററാണ്. ഇവിടുന്നു വീണ്ടും 15-18 കിലോമീറ്റര്‍ കൂടി യാത്ര ചെയ്താലേ നന്ദി ഹില്‍സിനു മുകളിലെത്താൻ കഴിയൂ. നന്ദി ഹാള്‍ട്ട് ട്രെയിൻ സ്റ്റേഷനില്‍ നിന്നുള്ള ഗതാഗത സൗകര്യങ്ങളുടെ അഭാവം ചിലപ്പോള്‍ നന്ദി ഹില്‍സ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായേക്കാം എന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബാംഗ്ലൂരില്‍ നിന്ന് ആദ്യ മെമു ട്രെയിൻ നിലവില്‍ ലഭ്യമായ സമയക്രമീകരണം അനുസരിച്ച് രാവിലെ 6:37 നാണ് നന്തി ഹാള്‍ട്ട് സ്റ്റേഷനില്‍ എത്തിച്ചേരുന്നത്. എന്നാല്‍ നന്ദി ഹില്‍സിലെ സൂര്യോദയം ആസ്വദിക്കാനാണ് യാത്രാ ലക്ഷ്യമെങ്കില്‍ ഇത് സമയം വൈകിച്ചേക്കാം എന്നും യാത്രക്കാര്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ ഈ ട്രെയിനുകള്‍ക്ക് ബേട്ടഹല്‍സൂര്‍, ദൊഡ്ഡജാല, ചന്നസാന്ദ്ര തുടങ്ങിയ സ്റ്റേഷനുകളില്‍ സ്റ്റോപ്പില്ല.
108 വര്‍ഷം പഴക്കമുള്ള ബെംഗളൂരു-ദേവനഹള്ളി-ചിക്കബല്ലാപ്പൂര്‍ പൈതൃക റെയില്‍ പാതയില്‍ ഏകദിന ടൂര്‍ പാക്കേജ് അവതരിപ്പിക്കുന്ന കാര്യം സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ നേരത്തെ പരിഗണിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. നന്ദി ഹില്‍സിലെ സൂര്യോദയം, ദേവനഹള്ളി കോട്ട പര്യവേക്ഷണം, ഇഷ ഫൗണ്ടേഷന്‍റെ ചിക്കബല്ലാപ്പൂരിലെ 112 അടി ആദിയോഗി പ്രതിമ,വിമാനത്താവളത്തിലെ 108 അടി കെമ്ബഗൗഡ പ്രതിമയും മറ്റ് ആകര്‍ഷണങ്ങളും കണ്ടുള്ള യാത്രാ പാക്കേജായി ഒരുക്കാനും റെയില്‍വേ നേരത്തെ ആലോചിച്ചുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം സൗത്ത് വെസ്റ്റ് റെയില്‍വേ, ഇന്ത്യൻ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആൻഡ് കള്‍ച്ചറല്‍ ഹെറിറ്റേജുമായി (INTACH) സഹകരിച്ച് ഈ റൂട്ടില്‍ ദൊഡ്ഡജാല, ദേവനഹള്ളി, ആവതിഹള്ളി എന്നിങ്ങനെ മൂന്ന് ഹെറിറ്റേജ് സ്റ്റേഷനുകള്‍ പുനഃസ്ഥാപിക്കൻ പദ്ധതിയുണ്ട്. നന്തി ഹാള്‍ട്ടിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാകും. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, നന്ദി ഹില്‍സിലെ സൂര്യോദയം കാണാൻ സന്ദര്‍ശകര്‍ക്കായി ഒരു ട്രെയിൻ അതിരാവിലെ സര്‍വീസ് നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.