ബെംഗളൂരു:തിരക്കേറിയ നഗര റോഡിൽ നഗ്നനായി നിൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന്, പൊതുജനങ്ങൾക്ക് ശല്യം സൃഷ്ടിച്ചതിന് ഒരാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.ഫെബ്രുവരി 2-നാണ് ലാവെല്ലെ റോഡിലെ ഒരു സ്വകാര്യ ക്ലബ്ബിന് പുറത്ത് സംഭവം നടന്നത്. ക്ലബ്ബിലെത്തിയ ഇയാൾ സുരക്ഷാ ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും, തന്റെ പിതാവ് ക്ലബ്ബ് അംഗമാണെന്ന അവകാശവാദം ഉന്നയിച്ച് അകത്തേക്ക് പ്രവേശനം ആവശ്യപ്പെടുകയും ചെയ്തതായി പോലീസ് അറിയിച്ചു.പ്രവേശനം നിഷേധിച്ചതോടെ, ഇയാൾ ക്ലബ്ബിന് പുറത്ത് നഗ്നനായി രംഗം സൃഷ്ടിച്ചതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.സംഭവവുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ, ഒരു ചുവന്ന കാറിന്റെ ബോണറ്റിൽ പിടിച്ചുനിന്ന് ഇയാൾ വാഹനം തടയുന്നത് കാണാം. ഡ്രൈവർ വാഹനം മുന്നോട്ട് നീക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ റോഡിലേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.ഇയാൾ മദ്യലഹരിയിലായിരുന്നോയോ, മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോയോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ലെന്ന് പോലീസ് അറിയിച്ചു.സംഭവത്തിൽ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഒന്നാം കേസ് പൊതുജനങ്ങൾക്ക് ശല്യം സൃഷ്ടിച്ചതിന് ആ വ്യക്തിക്കെതിരെയും, രണ്ടാമത്തേത് കാർ ഡ്രൈവർക്കെതിരെയുമാണെന്നും പോലീസ് അറിയിച്ചു.