Home കർണാടക ബെംഗളൂരു – മൈസൂരു ട്രെയിനുകള്‍ ഇനി 130 കിലോമീറ്റര്‍ വേഗതയില്‍ പായും; റൂട്ടില്‍ രണ്ട് അധിക മെമു ട്രെയിനുകളും വരുന്നു; മലയാളികള്‍ക്കും ഗുണകരം

ബെംഗളൂരു – മൈസൂരു ട്രെയിനുകള്‍ ഇനി 130 കിലോമീറ്റര്‍ വേഗതയില്‍ പായും; റൂട്ടില്‍ രണ്ട് അധിക മെമു ട്രെയിനുകളും വരുന്നു; മലയാളികള്‍ക്കും ഗുണകരം

by ടാർസ്യുസ്

ബെംഗളൂരു: മൈസൂരിലേക്കുള്ള യാത്രകളുടെ സമയദൈർഘ്യം ഇനി കുറഞ്ഞു കിട്ടും. മൈസൂർ – ബെംഗളൂരു റെയില്‍ കോറിഡോറിലെ ദൂരം നേരത്തെ മണിക്കൂറില്‍ 110 കിലോമീറ്ററായിരുന്നു.ഇത് മണിക്കൂറില്‍ 130 കിലോമീറ്ററായി ഉയർത്തിയിരിക്കുകയാണിപ്പോള്‍. പാതയില്‍ ട്രയല്‍ റണ്‍ നടക്കുന്നതായി കേന്ദ്ര റെയില്‍വേ സഹമന്ത്രി വി സോമണ്ണ പറഞ്ഞു. സോമണ്ണയും കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമിയും, മൈസൂരു-കൊടഗു എംപി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാറും ചേർന്ന് റൂട്ടില്‍ പരിശോധന നടത്തി. ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് ഒരു പ്രത്യേക ട്രെയിനില്‍ യാത്ര ചെയ്തായിരുന്നു പരിശോധന. എട്ട് സ്റ്റേഷനുകള്‍ ഈ സംഘം പരിശോധിച്ചു.മൈസൂരിന് കർണാടകയുടെ വളർച്ചയിലുള്ള പങ്കിനെക്കുറിച്ചും മന്ത്രി സോമണ്ണ പറഞ്ഞു.

ബെംഗളൂരുവിന് സമാന്തരമായി മൈസൂരു, തുമകൂരു തുടങ്ങിയ നഗരങ്ങളെ വികസിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ മുൻഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമാണ് റെയില്‍വേ സൗകര്യങ്ങളുടെ വികസനം നടത്തുന്നത്. മൈസൂരു റെയില്‍വേ സ്റ്റേഷൻ, മാണ്ഡ്യ റെയില്‍വേ സ്റ്റേഷൻ തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യ വികസനവും ഈ കാഴ്ചപ്പാടിന്റെ ഭാഗമായി നടക്കുമെന്ന് സോമണ്ണ പറഞ്ഞു.ബെംഗളൂരു-മൈസൂരു റൂട്ടില്‍ രണ്ട് അധിക മെമു ട്രെയിനുകള്‍ ഉടൻ ആരംഭിക്കുമെന്ന് സോമണ്ണ വെളിപ്പെടുത്തി. മൈസൂരു വഴി നാട്ടിലേക്ക് വരുന്ന മലയാളികള്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് ഈ മാറ്റങ്ങളെല്ലാം. കൂടാതെ, ബെംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് ട്രിപ്പ് പോകുന്നവർ‍ക്കും ട്രെയിനുകളുടെ എണ്ണം കൂടുന്നതും, വേഗത കൂടുന്നതും സഹായകമാകും.അതെസമയം റെയില്‍വേ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ ആവശ്യമായ സഹകരണം നല്‍കുന്നില്ലെന്ന് സോമണ്ണ പറഞ്ഞു.

ഇതേ പ്രശ്നം കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഉന്നയിച്ചിരുന്നു. ബെംഗളൂരു സബർബൻ റെയില്‍വേയുടെ സ്ഥലം ഏറ്റെടുപ്പ് ഇഴയുകയാണ്. നാല് വിഭാഗമായി തിരിച്ച്‌ നടക്കുന്ന സബർബൻ റെയില്‍വേ നിർമാണ പ്രവർത്തനത്തിന് ആവശ്യമായ ഭൂമി ഇനിയും ഏറ്റെടുത്തിട്ടില്ല. സംസ്ഥാന ഭരണകൂടത്തിന്റെ പിന്തുണയില്ലാത്തതിനാല്‍ അടിസ്ഥാന സൗകര്യ സംരംഭങ്ങള്‍ കാലതാമസം നേരിടുന്നതായി വി സോമണ്ണ പറഞ്ഞു.ബെംഗളൂരു മുതല്‍ ചാമരാജനഗർ വഴി കനകപുര വരെ 142 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു റെയില്‍വേ പദ്ധതി നിലവിലുണ്ട്. ഇതിന്റെ ജോലികള്‍ സ്തംഭിച്ചതിന് കാരണം സംസ്ഥാന സർക്കാരാണെന്ന് വി സോമണ്ണ പറഞ്ഞു. 1,200 കോടി രൂപയുടെ റെയില്‍വേ പദ്ധതിയാണ് സ്തംഭിച്ചിരിക്കുന്നത്. മൈസൂരു-കുശാല്‍നഗർ റെയില്‍ ലൈൻ പദ്ധതിയും സംസ്ഥാന സര്‍‌ക്കാരിന്റെ കെടുകാര്യസ്ഥത മൂലം നടപ്പാക്കാൻ കഴിയാതെ നില്‍‌ക്കുകയാണ്. സംസ്ഥാനത്തുടനീളം ഏകദേശം 707 പുതിയ റെയില്‍വേ പാലങ്ങള്‍ നിർമ്മിക്കുന്നുണ്ടെന്ന് റെയില്‍വേ സഹമന്ത്രി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group