ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ റെയില്‍ സംവിധാനങ്ങള്‍ക്ക് കരുത്ത് പകരാൻ വൻ പദ്ധതികള്‍ പുരോഗമിക്കുന്നു. ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പ്രീമിയം ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച അറിയിച്ചു. സംസ്ഥാനത്തുടനീളം നിരവധി അടിസ്ഥാന സൗകര്യ നവീകരണങ്ങള്‍ നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.പുതിയ ബജറ്റില്‍ കർണാടകയുടെ റെയില്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് 7,748 കോടി അനുവദിച്ചിരുന്നു. നിരവധി പദ്ധതികള്‍ക്കുള്ള സമയപരിധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ പ്രധാന മുന്നേറ്റത്തിലേക്ക് നീങ്ങുകയാണ്. ഐടി നഗരമായ ബെംഗളൂരുവിനും ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയ്ക്കും ഇടയില്‍ പ്രീമിയം ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും. ഇക്കാര്യത്തില്‍ അധികം താമസ്സം ഉണ്ടാകില്ലെന്ന് പത്രസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ അശ്വിനി വൈഷ്ണവ് അറിയിച്ചു.പ്രധാന റൂട്ടുകളില്‍ അധിക പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതിനനുസരിച്ച് പുതിയ സർവീസ് ആസൂത്രണം ചെയ്യുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയില്‍വേ ട്രാക്ക് വികസനം, സ്റ്റേഷൻ പുനർവികസനം, സുരക്ഷാ നവീകരണം, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങള്‍, ബെംഗളൂരു സബർബൻ റെയില്‍ പദ്ധതി എന്നിവയ്ക്ക് ധനസഹായം നല്‍കും.പ്രതീക്ഷകള്‍ ശക്തമായി തുടരുന്ന ബെംഗളൂരുവിനും മംഗളൂരുവിനും ഇടയിലുള്ള വന്ദേ ഭാരത് എക്സ്പ്രസ് സാധ്യതകളും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. സാങ്കേതിക പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ പ്രഖ്യാപിക്കും. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ബെംഗളൂരുവിനെ ചെന്നൈ, ഹൈദരാബാദ് എന്നിവയുമായി ബന്ധിപ്പിക്കുന്ന നിർദിഷ്ട അതിവേഗ റെയില്‍ ഇടനാഴികളെക്കുറിച്ചും മന്ത്രി സംസാരിച്ചു.നിർദിഷ്ട അതിവേഗ റെയില്‍ ഇടനാഴി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മൂന്ന് വലിയ സമ്പദ്വ്യവസ്ഥകളെ ബന്ധിപ്പിക്കുന്നതാണെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. ദക്ഷിണേന്ത്യയുടെ അതിവേഗ സംവിധാനങ്ങളിലെ ‘വജ്രമായി’ ഈ സംവിധാനം മാറും. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങള്‍ ഇതിനകം ആരംഭിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിയിലും പുരോഗതി കൈവരിക്കാനായി. പദ്ധതിയുടെ രൂപകല്‍പ്പന, ടെൻഡർ ഉള്‍പ്പെടെയുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ പൂർത്തിയാകാത്തതിന് കർണാടക സർക്കാർ പിന്തുണ നല്‍കണം. യശ്വന്ത്പൂർ – കോലാർ പാത പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.ബെംഗളൂരുവിൻ്റെ വികസനം വളരെ പ്രധാനപ്പെട്ടതിനാല്‍ സംസ്ഥാന സർക്കാരിൻ്റെ പിന്തുണ അനിവാര്യമാണ്. ബെംഗളൂരുവിന്റെ ശേഷി ഇരട്ടിയാക്കണം. എങ്കില്‍ മാത്രമേ ആവശ്യം നിറവേറ്റാൻ കഴിയൂ. സംസ്ഥാനത്തിനായി കൂടുതല്‍ കൂടുതല്‍ റെയില്‍വേ ലൈനുകള്‍ നമുക്ക് ഉണ്ടാകണമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.