ബെംഗളൂരു മെട്രോ യെല്ലോ ലൈൻ; ബാംഗ്ലൂരിൽ ജീവിക്കുന്നവർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ് ആർ വി റോഡിനെയും ബൊമ്മസാന്ദ്രയേയും ബന്ധിപ്പിക്കുന്ന മെട്രോ സർവീസ്. നഗരത്തിലെ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ ബാംഗ്ലൂർ ജീവിതം കൂടുതൽ എളുപ്പവും കുരുക്കില്ലാത്തതുമാക്കും. ഇപ്പോഴിതാ, ടെക് ഹബ്ബായ ഇലക്ട്രോണിക്സ് സിറ്റിയുമായി ബന്ധിപ്പിക്കുന്ന യെല്ലോ ലൈൻ 2025 മെയ് മാസത്തോടെ പ്രവർത്തനക്ഷമമാകും.
ഡ്രൈവറില്ലാ മെട്രോ റെയിൽ സർവീസ് എന്നതാണ് യെല്ലോ ലൈനിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിനായി ഡ്രൈവറില്ലാ ട്രെയിനുകൾ നിർമിക്കുന്നത്. ജനുവരി മാസത്തിൽ ആദ്യത്തെ ഡ്രൈവർ രഹിത ട്രെയിൻ ബെംഗളൂരുവിൽ എത്തിയിരുന്നു.
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന്‍റെ പദ്ധതിയനുസരിച്ച് മൂന്നു ട്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ യെല്ലോ ലൈനിൽ സർവീസ് നടത്തുക. 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ്. 2024 മാർച്ച് 7-ന്, ബിഎംആർസിഎൽ യെല്ലോ ലൈനിൽ (ബൊമ്മസാന്ദ്ര – ആർവി റോഡ്) സ്ലോ ട്രയൽ റൺ ആരംഭിച്ചിരുന്നു. യഥാർത്ഥത്തിൽ 2021 ഡിസംബറിൽ പ്രവർത്തനം ആരംഭിക്കേണ്ടതായിരുന്നു യെല്ലോ ലൈനെങ്കിലും കോവിഡ്-19, വിദേശ നേരിട്ടുള്ള നിക്ഷേപ നയങ്ങൾ, ചൈനയുമായുള്ള വ്യാപാര നിയന്ത്രണങ്ങൾ തുടങ്ങിയ പല കാരണങ്ങളാൽ വൈകുകയായിരുന്നു.
ബാംഗ്ലൂർ മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോർ എന്നറിയപ്പെടുന്ന യെല്ലോ ലൈനിൽ ഈ റൂട്ടിലെ ഐടി കമ്പനികളിൽ ജോലി ചെയ്യുന്നവർക്കാണ് ഏറ്റവും പ്രയോജനപ്പെടുന്നത്. ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര, എച്ച്എസ്ആർ ലേഔട്ട് തുടങ്ങി ഏറ്റവും കൂടുതൽ ഐടി കമ്പനികളും കാമ്പസുകളുമുള്ള റൂട്ടിലൂടെയാണ്. ഇൻഫോസിസ്, ബയോകോൺ, വിപ്രോ, ടിസിഎസ്, എച്ച്സിഎൽ, ടെക് മഹീന്ദ്ര തുടങ്ങിയവ ഈ റൂട്ടിലെ ചില കമ്പനികള്‍ മാത്രമാണ്.
ബൊമ്മസാന്ദ്രയ്ക്കും നഗരത്തിലെ ഏറ്റവും തിരക്കേറിയ സെൻട്രൽ സിൽക്ക് ബോർഡ് ഏരിയയ്ക്കും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തുന്ന യെല്ലോ ലൈനിൽ 16 സ്റ്റേഷനുകളാണ് ആകെയുള്ളത്. ആർവി റോഡ്, രാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേ ഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹോംഗസാന്ദ്ര, കുഡ്‌ലു ഗേറ്റ് മെട്രോ സ്റ്റേഷൻ, സിംഗസാന്ദ്ര, ഹോസ റോഡ്, ബേരട്ടെന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, കൊന്നപ്പന അഗ്രഹാര, ഹസ്കർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്രയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷൻ എന്നിവയാണ് യെല്ലോ ലൈനിലെ സ്റ്റേഷനുകൾ.
രാഷ്ട്രീയ വിദ്യാലയ റോഡ് (മാടവാരയ്ക്കും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിനും ഇടയിലുള്ള ഗ്രീൻ ലൈനുമായി ബന്ധിപ്പിക്കുന്നു)
ജയദേവ ആശുപത്രി (നാഗാവാരയ്ക്കും കലേന അഗ്രഗരയ്ക്കും ഇടയിലുള്ള പിങ്ക് ലൈനുമായി ബന്ധിപ്പിക്കുന്നു)
സെൻട്രൽ സിൽക്ക് ബോർഡ് (സെൻട്രൽ സിൽക്ക് ബോർഡിനും കിയാൽ ടെർമിനലുകൾക്കും ഇടയിൽ പോകുന്ന ബ്ലൂ ലൈനുമായി ബന്ധിപ്പിക്കുന്നു) എന്നിവയാണ് യെല്ലോ ലൈനിലെ ഇന്‍റർചേഞ്ച് സ്റ്റേഷനുകൾ.