Home കർണാടക ബെംഗളൂരു മെട്രോ സ്‌റ്റേഷനുകള്‍ അത്ഭുതപ്പെടുത്തും; 500 ലിഫ്റ്റുകള്‍, 1,000 എസ്‌കലേറ്ററുകള്‍: പുതിയ പദ്ധതികള്‍

ബെംഗളൂരു മെട്രോ സ്‌റ്റേഷനുകള്‍ അത്ഭുതപ്പെടുത്തും; 500 ലിഫ്റ്റുകള്‍, 1,000 എസ്‌കലേറ്ററുകള്‍: പുതിയ പദ്ധതികള്‍

by ടാർസ്യുസ്

ബെംഗളൂരു: ലക്ഷക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ ബെംഗളൂരു നമ്മ മെട്രോ ഈ വര്‍ഷം വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. പുതിയ ലൈനുകള്‍ കൂട്ടിച്ചേര്‍ത്ത് കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനൊപ്പം മെട്രോ സ്‌റ്റേഷനുകളും അടിമുടി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തയാറെടുക്കുകയാണ്. നിലവില്‍ യാത്രക്കാരുടെ എണ്ണം മെട്രോ സ്‌റ്റേഷനുകളുടെ ശേഷിയേക്കാള്‍ കൂടുതലാണ്. പ്രവൃത്തി ദിവസങ്ങളില്‍ വലിയ തിരക്കാണ് സ്‌റ്റേഷനുകളിലും ട്രെയിനുകളിലും അനുഭവപ്പെടുന്നത്. യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്ന വിധമാണ് സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്.ട്രാഫിക്കില്‍ നിന്ന് രക്ഷപ്പെട്ട് മെട്രോയില്‍ കയറാന്‍ എത്തുന്നവര്‍ക്ക് സ്റ്റേഷനുള്ളിലെ തിരക്കില്‍പെട്ട് ശ്വാസംമുട്ടുന്ന അവസ്ഥ ഒഴിവാക്കാനാണ് പുതിയ വികസന പദ്ധതി ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള മെട്രോ ശൃംഖലയുടെ ദൈര്‍ഘ്യം 96 കിലോമീറ്ററില്‍ നിന്ന് 175 കിലോമീറ്ററായി ഇരട്ടിയാക്കാനാണ് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ലക്ഷ്യമിടുന്നത്. ഇതോടൊപ്പം സ്റ്റേഷനുകളുടെ എണ്ണം 83-ല്‍ നിന്ന് 127 ആയി വര്‍ധിപ്പിക്കും. യാത്രക്കാരുടെ എണ്ണം ലക്ഷം കടന്ന സാഹചര്യത്തില്‍ സ്റ്റേഷനുകള്‍ക്കുള്ളിലെ തിരക്ക് കുറയ്ക്കാനും യാത്ര സുഗമമാക്കാനും വലിയ തയ്യാറെടുപ്പുകളാണ് അധികൃതര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി പുതിയ മെട്രോ സ്റ്റേഷനുകളിലായി 500 ലിഫ്റ്റുകളും 1,000 എസ്‌കലേറ്ററുകളും സ്ഥാപിക്കും. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും യാത്ര എളുപ്പമാക്കാന്‍ ഈ നീക്കം വലിയ രീതിയില്‍ സഹായിക്കും. പ്രത്യേകിച്ച്‌ ഒന്നിലധികം ലൈനുകള്‍ സംഗമിക്കുന്ന ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് ഇതുവഴി എളുപ്പമാകും. കേന്ദ്ര സര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഈ യന്ത്രസാമഗ്രികളുടെ 60 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചവയാകണം എന്ന നിബന്ധനയും ബിഎംആര്‍സിഎല്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ലിഫ്റ്റുകളും എസ്‌കലേറ്ററുകളും കേടാകാതെ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പത്ത് വര്‍ഷത്തെ അറ്റകുറ്റപ്പണി കരാറുകളും പദ്ധതിയുടെ ഭാഗമായി രൂപീകരിക്കും. മെട്രോയിലെ ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം ഇതിനകം പത്ത് ലക്ഷം കടന്ന സാഹചര്യത്തില്‍, ഇത്തരം സൗകര്യങ്ങള്‍ യാത്രയുടെ അവിഭാജ്യ ഘടകമാണെന്ന് അധികൃതര്‍ കരുതുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ പുതിയ മാറ്റങ്ങള്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. ഈ വര്‍ഷം അവസാനത്തോടെ പിങ്ക് ലൈന്‍ പൂര്‍ണമായി യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കും.

You may also like

error: Content is protected !!
Join Our WhatsApp Group