Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു മെട്രോയ്ക്ക് നീളം കൂടിയേക്കും; ഈ നഗരത്തിലേക്കു കൂടി നീട്ടണമെന്ന ആവശ്യവുമായി എംഎല്‍എ

ബെംഗളൂരു മെട്രോയ്ക്ക് നീളം കൂടിയേക്കും; ഈ നഗരത്തിലേക്കു കൂടി നീട്ടണമെന്ന ആവശ്യവുമായി എംഎല്‍എ

by ടാർസ്യുസ്

ബെംഗളൂരു: ഇന്ത്യയുടെ ഐടി ഹബ്ബായ ബെംഗളൂരു നഗരത്തിന്റെ ഏറ്റവും വലിയ പരിമിതിയാണ്് മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക്.ഈ ഗതാഗതക്കുരുക്കില്‍ നിന്ന് യാത്രക്കാര്‍ക്ക് വലിയ മോചനം നല്‍കുന്ന പദ്ധതിയായിരുന്നു നമ്മ മെട്രോ. ലക്ഷക്കണക്കിന് യാത്രക്കാരാണ് ഇപ്പോള്‍ ദൈനംദിന യാത്രയ്ക്കായി മെട്രോയെ ആശ്രയിക്കുന്നത്. മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ വികസന പ്രവര്‍ത്തനങ്ങളും നഗരത്തില്‍ നടന്നുവരുന്നുണ്ട്നഗരത്തിലെ യാത്രാ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സമഗ്രമായ പദ്ധതിയാണ് കര്‍ണാടക സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി അതിവേഗം വളരുന്ന വ്യാവസായിക മേഖലയായ ദൊഡ്ഡബല്ലാപൂരിലേക്ക് മെട്രോ ട്രെയിന്‍ സൗകര്യം എത്തിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ നിയമസഭയെ അറിയിച്ചു.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് വേണ്ടിയാണ് അദ്ദേഹം സഭയില്‍ മറുപടി നല്‍കിയത്.നഗരത്തില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള ദൊഡ്ഡബല്ലാപൂരിലെ എം.എല്‍.എയായ ധീരജ് മുനിരാജു ഉന്നയിച്ച ആവശ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്. ദൊഡ്ഡബല്ലാപൂരിനെ യെലഹങ്ക, രാജനകുണ്ടെ വഴി മെട്രോയുമായി ബന്ധിപ്പിക്കണമെന്നാണ് ആവശ്യം. ഈ ഭാഗത്ത് 5400 ഏക്കറില്‍ പുതുതായി വരുന്ന കെഡബ്‌ള്യൂഐഎന്‍ സിറ്റിയും ഫോക്‌സ്‌കോണ്‍ കമ്പനിയുടെ വലിയ ഫാക്ടറിയും വഴി പതിനായിരക്കണക്കിന് ആളുകള്‍ക്ക് ജോലി ലഭിക്കും. അതുകൊണ്ട് തന്നെ ഈ ഭാഗത്ത് മെട്രോ കണക്റ്റിവിറ്റി അത്യാവശ്യമാണെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.നിലവില്‍ ബെംഗളൂരു വിമാനത്താവളം വരെയുള്ള നമ്മ മെട്രോയുടെ ജോലികള്‍ നടന്നു വരികയാണെന്നും ഇത് 2027 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. മെട്രോയുടെ മൂന്നാം ഘട്ട പദ്ധതികളില്‍ ദൊഡ്ഡബല്ലാപൂര്‍ നിലവില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ 2020-ല്‍ തയ്യാറാക്കിയ നഗര യാത്രാ പദ്ധതി ഇപ്പോള്‍ കാലോചിതമായി പരിഷ്‌കരിക്കുകയാണ്. ഈ പരിഷ്‌കരിച്ച പദ്ധതിയില്‍ ദൊഡ്ഡബല്ലാപൂര്‍ ലൈന്‍ ഉള്‍പ്പെടുത്തുന്ന കാര്യം വിദഗ്ദ്ധ സമിതി പരിശോധിക്കും. മൂന്നാം ഘട്ടത്തിന് ശേഷമുള്ള മെട്രോ വികസന പ്രവര്‍ത്തനങ്ങളില്‍ ഇതിന് മുന്‍ഗണന നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group