Home കർണാടക യാത്രക്കാരുടെ പോക്കറ്റ് കീറുന്ന ബെംഗളൂരു മെട്രോ; ഇന്ത്യയിലെ ചെലവേറിയ പൊതുഗതാഗത സംവിധാനം

യാത്രക്കാരുടെ പോക്കറ്റ് കീറുന്ന ബെംഗളൂരു മെട്രോ; ഇന്ത്യയിലെ ചെലവേറിയ പൊതുഗതാഗത സംവിധാനം

by ടാർസ്യുസ്

ബാംഗ്ലൂർ : ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമാണ് നമ്മ മെട്രോ.ഐടി പ്രൊഫഷണല്‍സ് മുതല്‍ സാധാരണക്കാര്‍ വരെ നമ്മ മെട്രോയില്‍ യാത്ര ചെയ്യുന്നുണ്ട്. എന്നാല്‍ എല്ലാ വര്‍ഷവുമുള്ള ടിക്കറ്റ് നിരക്ക് വര്‍ധന സാധാരണക്കാര്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി ഏറ്റവും കൂടുതല്‍ ടിക്കറ്റ് നിരക്കുള്ളത് നമ്മ മെട്രോയ്ക്കാണ്. ഇത് യാത്രക്കാരില്‍ നിന്ന് വലിയ വിമര്‍ശനവും ക്ഷണിച്ചുവരുത്തുന്നുണ്ട്. പൊതുഗതാഗത സംവിധാനമായിട്ടും ബെംഗളൂരു മെട്രോ ഇത്ര ചെലവേറിയതാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്.മെട്രോയുടെ വര്‍ധിച്ചുവരുന്ന പ്രവര്‍ത്തന, പരിപാലന ചെലവുകള്‍, പദ്ധതി പൂര്‍ത്തിയാകുന്നതിലുള്ള കാലതാമസം, വിദേശ വായ്പ തിരിച്ചടവുകള്‍, വര്‍ധിച്ചുവരുന്ന കടം എന്നിവ ദൈനംദിന യാത്രക്കാരിലാണ് സമ്മര്‍ദം സൃഷ്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടിക്കറ്റ് നിരക്ക് 71 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. ഈ ഫെബ്രുവരിയില്‍ വീണ്ടും ഒരു അഞ്ചു ശതമാനം വര്‍ധനയ്ക്ക് ബിഎംആര്‍സിഎല്‍ (ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്) ശ്രമിച്ചെങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് അത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

പദ്ധതികള്‍ അനിശ്ചിതമായി വൈകുന്നത് മൂലം ഓരോ ദിവസവും 1.5 കോടി മുതല്‍ രണ്ടു കോടി രൂപ വരെ നഷ്ടമുണ്ടാകുന്നുവെന്ന് മെട്രോ മാന്‍ ഇ. ശ്രീധരന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒന്നാം ഘട്ടത്തിന് തുടക്കത്തില്‍ 6,395 കോടി രൂപയാണ് കണക്കാക്കിയിരുന്നതെങ്കില്‍ അത് പൂര്‍ത്തിയായപ്പോള്‍ 14,133 കോടി രൂപയായി ഉയര്‍ന്നു. 2014 ല്‍ 26,405 കോടി രൂപയ്ക്ക് അംഗീകരിച്ച രണ്ടാം ഘട്ടത്തിന് 2024 ആയപ്പോഴേക്കും ചെലവ് 40,614 കോടി രൂപയായി ഉയര്‍ന്നു, ഇത് കോര്‍പ്പറേഷന്റെ കടബാധ്യത ഗണ്യമായി വര്‍ദ്ധിപ്പിച്ചു.2017-നെ അപേക്ഷിച്ച്‌ മെട്രോയുടെ പ്രവര്‍ത്തന ചെലവ് 133% വര്‍ധിച്ചു. വൈദ്യുതി നിരക്ക്, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കായി ഭീമമായ തുക ചിലവാകുന്നുണ്ട്. ഇതുകൂടാതെ വിദേശ വായ്പകളും കടബാധ്യതയും മെട്രോയുടെ വരുമാനത്തെ കുറയ്ക്കുന്നത്. 13,000 കോടിയിലധികം രൂപയുടെ വിദേശ വായ്പ ബിഎംആര്‍സിഎല്ലിനുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് വിദേശ ഏജന്‍സികള്‍ക്ക് പണം തിരിച്ചടയ്ക്കുമ്പോള്‍ വലിയ തിരിച്ചടിയാകുന്നു.യാത്രക്കാരുടെ എണ്ണം അനുദിനം കൂടുമ്പോഴും ആവശ്യത്തിന് ട്രെയിനുകള്‍ ഇല്ലാത്തത് പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ 96 കിലോമീറ്റര്‍ ദൂരത്തേക്ക് ട്രെയിനുകളുടെ എണ്ണം പരിമിതമാണ്. കര്‍ണാടക സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെങ്കിലും, മറ്റ് ജനക്ഷേമ പദ്ധതികള്‍ക്ക് വന്‍തുക മാറ്റി വെക്കേണ്ടി വരുന്നത് മെട്രോയിലേക്കുള്ള സഹായത്തെ ബാധിക്കുന്നുണ്ട്. ചുരുക്കത്തില്‍, കടബാധ്യതയും പ്രവര്‍ത്തന ചിലവും ടിക്കറ്റ് നിരക്കിലൂടെ ഈടാക്കാന്‍ മെട്രോ നിര്‍ബന്ധിതരാകുന്നതാണ് സാധാരണ യാത്രക്കാരെ വലയ്ക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group