ബെംഗളൂരു :നമ്മ മെട്രോയെ സംബന്ധിച്ച് നിര്‍ണായകമായ വര്‍ഷമാണ് 2026. ബെംഗളൂരു നഗരത്തിലുടനീളം കണക്ടിവിറ്റി വര്‍ധിപ്പിക്കാനായി വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.മെട്രോയുടെ പിങ്ക് ലൈന്‍ ഡിസംബറോടെ പൂര്‍ണമായി തുറക്കും. ബ്ലൂ ലൈനിന്റെ ആദ്യ ഘട്ടവും ഡിസംബറില്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പര്‍പ്പിള്‍ ലൈനിലെ കെആര്‍ പുരത്തുനിന്നും ഹോസ്‌കോട്ടെ വരെയുള്ള പാതയും യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ്. ഇതിനായുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്.കെആര്‍ പുര മുതല്‍ ഹോസ്‌കോട്ടെ വരെയുള്ള 16 കിലോമീറ്റര്‍ പാതയില്‍ ഡബിള്‍ ഡെക്കര്‍ ഇടനാഴി നിര്‍മിക്കാനുള്ള സാധ്യതാ പഠനം ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് നടത്തിവരിയാണ്. മെട്രോ കടന്നു പോകുന്ന സ്ഥലങ്ങള്‍, സ്റ്റേഷനുകള്‍, ഗതാഗതം, നിര്‍മ്മാണ ചെലവുകള്‍, സുസ്ഥിരത എന്നിവ സാധ്യതാ പഠനത്തില്‍ ഉള്‍പ്പെടുന്നു.ഏറ്റവും താഴെ റോഡ്, അതിനു മുകളില്‍ ട്രാഫിക് സിഗ്നലില്‍ കാത്തു കിടക്കാതെ വാഹനങ്ങള്‍ക്കു കടന്നു പോകാന്‍ കഴിയുന്ന ഫ്‌ളൈഓവര്‍, ഏറ്റവും മുകളില്‍ മെട്രോ ട്രെയിനുകള്‍ കടന്നു പോകുന്ന ട്രാക്ക് എന്നിങ്ങനെയാണ് ഡബിള്‍ ഡെക്കര്‍ പാത വിഭാവനം ചെയ്തിരിക്കുന്നത്.
ഡല്‍ഹി ആസ്ഥാനമായുള്ള ഇന്‍ട്രോസോഫ്റ്റ് സൊല്യൂഷന്‍സ് എന്ന സ്ഥാപനമാണ് പദ്ധതിയുടെ സാധ്യതാ പഠനം നടത്തുന്നത്. യാത്രാക്കാരുടെ എണ്ണം, സ്റ്റേഷനുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍, നിര്‍മ്മാണച്ചെലവ് എന്നിവയെല്ലാം ഈ പഠനത്തിന്റെ പരിധിയില്‍ വരും. സാധ്യതാ പഠനത്തിന്റെ ഫലത്തെ അടിസ്ഥാനമാക്കി വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കും.43 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചല്ലഘട്ട-വൈറ്റ്ഫീല്‍ഡ് പര്‍പ്പിള്‍ ലൈനിന്റെ ഒരു വിപുലീകരണമാണ് നിര്‍ദ്ദിഷ്ട കെആര്‍ പുര-ഹോസ്‌കോട്ടെ ഇടനാഴി. നിര്‍ദ്ദിഷ്ട അലൈന്‍മെന്റ് പ്രകാരം കെആര്‍ പുര, ഐടിഐ ഭവന്‍, ടിസി പാല്യ ഗേറ്റ്, ബട്ടരഹള്ളി ജങ്ഷന്‍, മേദഹള്ളി ജങ്ഷന്‍, അവലഹള്ളി, ബുഡിഗെരെ ക്രോസ്, കട്ടമാനല്ലൂര്‍ ഗേറ്റ് ഫ്‌ളൈഓവര്‍, ഹോസ്‌കോട്ടെ ടോള്‍ പ്ലാസ, കെഇബി സര്‍ക്കിള്‍, ഹോസ്‌കോട്ടിലെ സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളിലെല്ലാം സ്റ്റേഷനുകള്‍ ഉണ്ടാകാനാണ് സാധ്യത.ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ, സാറ്റലൈറ്റ് റിങ് റോഡ്, നിര്‍ദ്ദിഷ്ട ബെംഗളൂരു ബിസിനസ് കോറിഡോര്‍ എന്നിവയുടെ വികസനത്തോടെ ഈ മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. നിലവില്‍ ഹോസ്‌കോട്ടെ നിവാസികള്‍ക്ക് മെട്രോയില്‍ കയറാന്‍ വൈറ്റ്ഫീല്‍ഡ് വരെയോ ബെന്നിഗനഹള്ളി വരെയോ എത്തേണ്ട അവസ്ഥയാണുള്ളത്. പുതിയ പാത വരുന്നതോടെ ഈ ബുദ്ധിമുട്ട് മാറുകയും യാത്രാസൗകര്യം മെച്ചപ്പെടുകയും ചെയ്യും. ഇതുകൂടാതെ തുംകുരു, അട്ടിബെലെ, ദേവനഹള്ളി തുടങ്ങി വിവിധ ഭാഗങ്ങളിലേക്ക് മെട്രോ വ്യാപിപ്പിക്കാനുള്ള പഠനങ്ങളും ബിഎംആര്‍സിഎല്‍ നടത്തുന്നുണ്ട്. ഇവിടങ്ങളില്‍ സാധ്യതാ പഠനങ്ങള്‍ നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.