ബെംഗളൂരു: ബെംഗളൂരുവില്‍ നായയെ കെട്ടിയിട്ട് തല്ലിയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ കെആര്‍ പുരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജീവനുള്ള മൃഗമാണെന്ന് പോലും പരിഗണിക്കാതെയായിരുന്നു മര്‍ദ്ദനം. നായ നിരന്തരം കുരയ്ക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ക്രൂരത.
മൂന്ന് യുവാക്കള്‍ ചേര്‍ന്ന് വലിയ വടികൊണ്ട് നായയെ അടിക്കുകയായിരുന്നു. നായയുടെ കാലുകള്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. നായയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവാക്കളെ തടഞ്ഞുനിര്‍ത്തി നായയെ രക്ഷപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. അക്രമികള്‍ക്കെതിരെ നായയുടെ ഉടമയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
രാഹുല്‍, രജത്, രഞ്ജിത്ത് എന്നിവരെയാണ് മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കെആര്‍ പുരത്തെ മഞ്ജുനാഥ ലേഔട്ടിലെ താമസക്കാരാണ് ഇവര്‍. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നായയെ സമീപത്തെ മൃഗാശുപത്രിയിലേക്ക് മാറ്റി. രാത്രി ഉറങ്ങാന്‍ പോലും അനുവദിക്കാതെ നിര്‍ത്താതെ കുരയ്ക്കുന്നുവെന്നതായിരുന്നു മര്‍ദ്ദനത്തിന് യുവാക്കള്‍ കണ്ടെത്തിയ കാരണമെന്ന് പൊലീസ് പറഞ്ഞു. നായയോട് കൊടും ക്രൂരത കാട്ടിയ യുവാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികള്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
അടച്ച കട തുറപ്പിച്ച് മോഷണം, പിറ്റേന്ന് കാലിയായ ബാഗ് തിരികെ വച്ച് കള്ളൻ, സിസിടിവിയിൽ കുടുങ്ങി
കാഞ്ഞങ്ങാട് : രാത്രി വൈകി കടയടച്ചുപോകാൻ തുടങ്ങിയ കടയുടമയെ നിർബന്ധിച്ച് കട തുറപ്പിച്ച് കയ്യിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് മോഷ്ടിച്ച് യുവാക്കൾ. പൊള്ളക്കടയിൽ അനാദി കട നടത്തിവരുന്ന ഗോവിന്ദന്റെ ബാഗാണ് ചൊവ്വാഴ്ച മോഷ്ടിച്ചത്. കടയടയ്ക്കാൻ തുടങ്ങിയപ്പോൾ പഴം വേണമെന്ന് പറഞ്ഞ് എത്തിയ ആളാണ് കട തുറക്കുന്നതിനിടെ ബാഗ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരാളുടെ മോട്ടോർ സൈക്കിളിൽ കയറി ബാഗുമായി രക്ഷപ്പെടുകയായിരനുന്നു. കട തുരക്കാൻ നേരം പുറത്തുവച്ച ബാഗ് മോഷണം പോയത് ഗോവിന്ദൻ അറിഞ്ഞിരുന്നില്ല. പഴം വാങ്ങാൻ വന്നയാൾ മറ്റെന്തെങ്കിലും ആവശ്യത്തിന് പോയതാകുമെന്ന് കരുതി വീണ്ടു കട പൂട്ടി ഇറങ്ങുമ്പോഴാണ് ബാഗ് മോഷണം പോയത് ഇയാൾ അറിയുന്നത്.
ബാഗിൽ അയ്യായിരത്തോളം രൂപ ഉണ്ടായിരുന്നു. ഗോവിന്ദന്റെ പരാതിയിൽ അമ്പലത്തറ പൊലിസ് അന്വേഷണം ആരംഭിച്ചെങ്കിലും സംഭവത്തിന്റെ വഴിത്തിരിവുണ്ടാകുന്നത് ഇന്ന് രാവിലെയാണ്. ഇന്ന് രാവിലെ 10.27 ന് മോഷണം പോയ അതേ ബാഗ് കള്ളൻ തിരികെ കടയുടെ പുറത്ത് കൊണ്ടുവച്ചു. ഇയാൾ ബാഗ് കൊണ്ടുവെക്കുന്നതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. എന്നാൽ ബാഗിൽ പണം ഉണ്ടായിരുന്നില്ല. ഒഴിഞ്ഞ ബാഗ് മാത്രമാണ് തിരികെ കൊണ്ടുവച്ചത്.