Home Featured ‘ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു കുഴി, മനോഹരം’;ബംഗളൂരുവിലെ റോഡിലെ കുഴികള്‍ക്ക് ഗൂഗിളില്‍ റിവ്യൂ

‘ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു കുഴി, മനോഹരം’;ബംഗളൂരുവിലെ റോഡിലെ കുഴികള്‍ക്ക് ഗൂഗിളില്‍ റിവ്യൂ

by കൊസ്‌തേപ്പ്

റോഡിലെ കുഴികള്‍ക്കെതിരായ പ്രതിഷേധം മലയാളികള്‍ക്ക് പുതുമയുള്ളതല്ല. റോഡില്‍ വാഴവെച്ചുള്ള പ്രതിഷേധം, കുഴിയില്‍ കിടന്നും ചെളിവെള്ളത്തില്‍ കുളിച്ചുമുള്ള പ്രതിഷേധം, ശയനപ്രദക്ഷിണം, തുടങ്ങി വിവിധയിനം പ്രതിഷേധ പരിപാടികള്‍ കാലങ്ങളായി നടന്നുവരുന്നുണ്ട്.

എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് ടെക്കികളുടെ നഗരമായ ബംഗളുരുവിലെ ചെറുപ്പക്കാര്‍ റോഡിലെ കുഴികള്‍ക്കെതിരെ പ്രതിഷേധിച്ചത്.

ബംഗളൂരുവിലെ ബെല്ലന്ദൂരില്‍ റോഡിലുണ്ടായ കുഴി അടക്കാന്‍ പരാതികള്‍ നിരവധി കൊടുത്തിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. ഇതോടെ ഒരാള്‍ ഗൂഗിള്‍ മാപ്പില്‍ കുഴി പ്രത്യേകം രേഖപ്പെടുത്തി ‘അബിസേഴ്സ് കുഴി (Abizer’s Pothole)’ എന്ന് പേരിട്ട് ലൊക്കേഷനായി നല്‍കുകയായിരുന്നു. ‘ബംഗളൂരുവിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലായ സ്ഥലം’ എന്ന് റിവ്യൂ നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ നിരവധി പേര്‍ വന്ന് റോഡിലെ കുഴി റിവ്യൂ ചെയ്യുകയായിരുന്നു.

‘നഗരത്തിലെ മുന്‍നിര കുഴിയാണിത്. നിരവധി കടകളും സ്കൂളുകളും അടുത്തുതന്നെയുണ്ട്’ എന്ന് മറ്റൊരാള്‍ റിവ്യൂ ചെയ്തു. ‘അത്ഭുതകരമായി ഡിസൈന്‍ ചെയ്തെടുത്ത കുഴി, കൃത്യമായ സ്ഥലം. അത് നിങ്ങളെ നിമിഷങ്ങള്‍ക്കൊണ്ട് താഴേക്ക് കൊണ്ടുപോകുകയും ഭൂമിക്ക് മുകളിലേക്ക് കൊണ്ടുവരികയും ചെയ്യും. ദിവസം ചെല്ലുംതോറും ഇത് വളരുകയും സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കുകയും ചെയ്യുന്നുണ്ട്’ -ഇങ്ങനെ തുടങ്ങുന്നു മറ്റൊരാളുടെ കമന്‍റ്.

കുഴിയെ കുറിച്ചുള്ള രസകരമായ റിവ്യൂകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ഇനിയെങ്കിലും അധികൃതര്‍ ഇടപെടുമെന്നാണ് ഇവരുടെ പ്രതീക്ഷ.

You may also like

error: Content is protected !!
Join Our WhatsApp Group