ബംഗളുരു: തന്റെയും അമ്മയുടെയും സ്വകാര്യവീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ഡോക്ടറെ പ്രതിശ്രുത വധു അടിച്ചുകൊന്നു. ചെന്നൈ സ്വദേശിയായ 27കാരനായ ഡോക്ടര്‍ വികാസ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ സുശീല്‍, ഗൗതം എന്നിവരുടെ സഹായത്തോടെ പ്രതിശ്രുത വധു പ്രതിപ വികാസിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പ്രതിപക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സെപ്റ്റംബര്‍ പത്തിനാണ് യുവതിയുടെ സുഹൃത്തിന്റെ വീട്ടില്‍ വച്ച് വികാസ് ആക്രമിക്കപ്പെട്ടത്. ചികിത്സയിലിരിക്കെ പതിനെട്ടിന് അദ്ദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചു. ഇരുവരും ചെന്നൈ സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.
പ്രതിപ ബംഗളൂരുവില്‍ ആര്‍കിടെക്റ്റാണ്. രണ്ടുവര്‍ഷം മുന്‍പ് സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ പ്രണയത്തിലാകുകയും വിവരം വീട്ടുകാരെ അറിയിക്കുകയും ചെയ്തതോടെ അടുത്തവര്‍ഷം നവംബറില്‍ വിവാഹം നിശ്ചയിക്കുകയും ചെയ്തു. യുക്രൈനില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ വികാസ് ചെന്നൈയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു.
ചെന്നൈയില്‍ നിന്ന് ആറുമാസത്തെ പഠനത്തിനായാണ് ഡോക്ടര്‍ ബംഗളൂരുവിലെത്തിയത്. തുടര്‍ന്ന് ഡോക്ടറും പ്രതിപയും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. ഈ സമയത്താണ് ഇയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കൂടാതെ അമ്മയുടെ സ്വകാര്യവീഡിയോയും പകര്‍ത്തിയതായും പൊലീസ് പറഞ്ഞു.
പകര്‍ത്തിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പങ്കുവെക്കുകയും ചെയ്തു. ഈ വിഡിയോ വൈറലാവുകയും ചെയ്തു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രതിപ ഇക്കാര്യം തന്റെ സുഹൃത്തുക്കളോട് പറയുകയും ചെയ്തു. തുടര്‍ന്ന് സെപ്റ്റംബര്‍ പത്തിന് വികാസിനെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിക്കുകയും അവിടെ വച്ച് വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ പെണ്‍കുട്ടിയെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്
മൊഹാലി: ചണ്ഡീഗഢ് യൂനിവേഴ്സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ രണ്ട് പേര്‍ പെണ്‍കുട്ടിയെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതികളായ സണ്ണി മേത്തയും സുഹൃത്ത് രങ്കജ് വര്‍മയും ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ ഒരു വിദ്യാര്‍ഥിനി ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കഴാഴ്ച മൊഹാലി കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ മൂന്ന് പേരെയും ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. അന്വേഷണ സംഘത്തിലെ മുഴുവന്‍ പേരും വനിതകളാണ്. സെക്ഷന്‍ 354-സി പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
അറുപതോളം പെണ്‍കുട്ടികള്‍ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ചോര്‍ന്നതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഇതിനെത്തുടര്‍ന്ന് ശനിയാഴ്ച വന്‍ പ്രതിഷേധമാണ് ഹോസ്റ്റലില്‍ നടന്നത്.