ബംഗളൂരു: നന്ദി പര്‍വതത്തില്‍നിന്നു തുടങ്ങി ചിക്കബല്ലാപൂര്‍, ഹോസ്കോട്ടെ, സര്‍ജാപുര്‍, മാലൂര്‍ പ്രദേശങ്ങള്‍ പിന്നിട്ട് ബംഗളൂരു നഗരപ്രാന്തത്തിലൂടെ തമിഴ്നാട്ടിലേക്ക് ഒഴുകിയിരുന്ന നദിയായിരുന്നു ദക്ഷിണ പിനാകിനി.നഗരപ്രാന്തത്തിലെ ബെല്ലന്ദൂര്‍, വര്‍ത്തൂര്‍ തടാകങ്ങളുമായി ചേര്‍ന്നാണ് നദി ഒഴുകിയിരുന്നത്.
എണ്‍പതുകളില്‍ ബംഗളൂരു നഗരത്തിന്റെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്കൊപ്പം നദിയുടെ ഒഴുക്ക് ക്രമേണ നിലയ്ക്കുകയായിരുന്നു. നഗരമാലിന്യങ്ങള്‍ നിറഞ്ഞ ചതുപ്പുകളായി മാത്രം അവശേഷിച്ച നദിയുടെ ഓരങ്ങള്‍ മണ്ണിട്ടുനികത്തി കെട്ടിടങ്ങളും ഐടി പാര്‍ക്കുകളും പാര്‍പ്പിട സമുച്ചയങ്ങളുമുയര്ന്നു. അതിനിടെ ബെല്ലന്ദൂര്‍, വര്‍ത്തൂര്‍ തടാകങ്ങള്‍ മാത്രം ജലാശയങ്ങളായി അവശേഷിച്ചു.
നന്ദി മുതല്‍ മാലൂര്‍ വരെയുള്ള ഭാഗത്തുമാത്രമാണു കഴിഞ്ഞ 30 വര്‍ഷമായി ഒരു പുഴയുടെ രൂപത്തില്‍ ദക്ഷിണ പിനാകിനി ഉണ്ടായിരുന്നത്. പുഴയുടെ പുനരുജ്ജീവനത്തിനായി പരിസ്ഥിതി സംഘടനകളും മറ്റും പ്രയത്നങ്ങള്‍ നടത്തിയിരുന്നെങ്കിലും മാറിമാറിവരുന്ന സര്‍ക്കാരുകളൊന്നും അതില്‍ താത്പര്യം കാണിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ ബംഗളൂരു നഗരത്തെ വെള്ളത്തില്‍ മുക്കിയ പ്രളയം കാണിച്ചുതന്നതു പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ചുകൊണ്ട് ഒഴുകിയ ദക്ഷിണ പിനാകിനിയുടെ പുനര്ജന്മംകൂടിയാണ്. ബെല്ലന്ദൂര്‍, യെമല്ലൂര്‍ മേഖലയില്‍ വെള്ളം കയറിയ പല ഐടി പാര്‍ക്കുകളും പാര്‍പ്പിടസമുച്ചയങ്ങളും നിലനിന്നിരുന്നത് പഴയ നദിയുടെ തടങ്ങളിലായിരുന്നു. പുഴ പഴയ വഴികളെ വീണ്ടെടുത്തപ്പോള്‍ ഇവയെല്ലാം വെള്ളത്തിനടിയിലാകുകയായിരുന്നു.
നഗരത്തിന്റെ ഐടി ഇടനാഴിയിലേക്കുള്ള പ്രധാന പാതകളിലൊന്നായ ചെന്നസാന്ദ്ര മെയിന്‍ റോഡിന്റെ ഗണ്യമായൊരു ഭാഗം വെള്ളത്തിനടിയിലാക്കിയതും നദിയുടെ തിരിച്ചുവരവായിരുന്നു. ഈ റോഡിന്റെ ഓരത്ത് മുമ്ബ് പുഴയുടെ ഭാഗങ്ങളായിരുന്ന പ്രദേശങ്ങളിലെല്ലാം ഇപ്പോള്‍ ഐടി മേഖലയില്‍നിന്നുള്ളവര്‍ താമസിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള പാര്പ്പിടസമുച്ചയങ്ങളാണ്. ഇവയെല്ലാം കഴിഞ്ഞദിവസം ഞൊടിയിടയില്‍ വെള്ളത്തിലായിരുന്നു.
അതേസമയം, ബംഗളൂരുവിലെ സാഹചര്യങ്ങള്‍ ഈ രീതിയിലാകുകയാണെങ്കില് ഐടി കമ്ബനികള്‍ തെലുങ്കാനയിലേക്കു മാറാന്‍ നിര്‍ബന്ധിതരാകുമെന്ന ഇന്‍ഫോസിസ് മുന്‍ ഡയറക്ടറും സാമ്ബത്തിക വിദഗ്ധനുമായ മോഹന്‍ദാസ് പൈയുടെ പ്രസ്താവനയ്ക്കെതിരേ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി.
ഐടി, റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ തന്നെയാണ് വ്യാപകമായ നിലംനികത്തലിലൂടെ ബംഗളൂരു നഗരത്തിന്റെ താളംതെറ്റിച്ചതെന്ന് തേജസ്വി സൂര്യ എംപിയും ബിജെപി നേതാവ് എന്‍.ആര്. രമേശും കുറ്റപ്പെടുത്തി.
എത്ര ഉന്നത സ്ഥാപനങ്ങളുടേതായാലും ഭൂമി കൈയേറ്റങ്ങളും അനധികൃത നിലംനികത്തലുകളും ഒഴിപ്പിച്ച് നഗരത്തില്‍ ഇനിയൊരു വെള്ളക്കെട്ട് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഇരുവരും പറഞ്ഞു. തര്‍ക്കങ്ങള്‍ തുടരുന്നതിനിടയിലും വരുംദിവസങ്ങളിലെ മഴ മുന്നറിയിപ്പ് വീണ്ടും നഗരത്തിന്റെ ഉറക്കം കെടുത്തുകയാണ്
വിദൂര, ഓണ്‍ലൈന്‍ കോഴ്സുകള്‍ ഇനി റെഗുലര്‍ കോഴ്സുകള്‍ക്കു തുല്യമെന്നു യുജിസി
ന്യൂഡല്‍ഹി: വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ പൂര്‍ത്തിയാക്കുന്ന കോഴ്സുകളെ റെഗുലര്‍ രീതിയില്‍ പൂര്‍ത്തിയാക്കിയ കോഴ്സുകള്‍ക്കു തുല്യമായി പരിഗണിക്കുമെന്നു യുജിസി.ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിംഗ് പ്രോഗ്രാംസ് ആന്‍ഡ് ഓണ്‍ലൈന്‍ പ്രോഗ്രാംസ് റെഗുലേഷനിലെ 22-ാം റെഗുലേഷന് പ്രകാരമാണു തുല്യമായി പരിഗണിക്കാനുള്ള തീരുമാനമെന്നും യുജിസി അറിയിച്ചു. യുജിസി അംഗീകാരമുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകളിലൂടെയോ, ഓണ്‍ലൈന്‍ കോഴ്സിലൂടെയോ പൂര്‍ത്തിയാക്കിയ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കാണ് ഇതു ബാധകമെന്നും യുജിസി വ്യക്തമാക്കി.