ബംഗളൂരു: അനിയന്ത്രിതമായ കുടിയേറ്റവും നിയമം കാറ്റില്‍ പറത്തിയുള്ള കെട്ടിട നിര്‍മാണവും ഇതിനെല്ലാം കുടപിടിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും ബംഗളൂരു നഗരത്തെ നാശത്തിന്റെ പാതയിലേക്കു നയിക്കുന്നു.ഒരാഴ്ചയായി നഗരം അഭിമുഖീകരിക്കുന്ന പ്രളയദുരിതത്തിന്റെ പ്രധാന കാരണം ഇതുതന്നെയാണ്.
90 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയക്കെടുതിയെയാണു ബംഗളൂരു നഗരം അഭിമുഖീകരിക്കുന്നത്. സര്‍വത്ര കോണ്‍ക്രീറ്റ് വനമായതോടെ താഴ്വാരങ്ങളിലുള്ള തടാകങ്ങളിലേക്കുള്ള മാര്‍ഗങ്ങളെല്ലാം അടയ്ക്കപ്പെട്ടു. ഇതോടെ വെള്ളമൊഴുക്കിനു മാര്‍ഗമില്ലാതായി. നഗരത്തില്‍ എവിടെ നോക്കിയാലും നിയമം കാറ്റില്‍ പറത്തിയുള്ള കെട്ടിടനിര്മാണമാണു നടക്കുന്നത്.
കുടിവെള്ള ലഭ്യതയോ മറ്റു ഘടകങ്ങളോ ആരും ഗൗനിക്കുന്നില്ല. എവിടെ വെറുംഭൂമിയുണ്ടോ അതെല്ലാം പ്ലോട്ടാക്കി തിരിച്ചുവില്ക്കുകയെന്ന ലക്ഷ്യം മാത്രമേ അധികൃതര്ക്കുള്ളൂവെന്നും പ്രളയമുണ്ടായാല്‍ പ്രളയജലം ഒഴുക്കിവിടാനുള്ള സംവിധാനമൊരുക്കുന്നതില്‍ കാലാകാലങ്ങളായി ഭരിക്കുന്ന സര്‍ക്കാരുകള്‍ തികച്ചും പരാജയമാണെന്നും നഗരവാസികള്‍ കുറ്റപ്പെടുത്തുന്നു.
ഏതായാലും പ്രളയജലത്തില്‍ മുങ്ങി നഗരജീവിതം നരകജീവിതമായതോടെ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും പരസ്പരം കുറ്റപ്പെടുത്താനാണു താത്പര്യം കാട്ടുന്നത്.
കോണ്‍ഗ്രസിന്റെ ഭരണകാലത്തെ അനധികൃത നഗരവത്കരണമാണ് ഇപ്പോഴത്തെ ദുസ്ഥിതിക്കു കാരണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ബിജെപിയും കുറ്റപ്പെടുത്തുന്പോള്‍ ബംഗളൂരുവിലും കര്‍ണാടകയിലും ഇപ്പോള്‍ സര്‍വത്ര അഴിമതിയാണെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ സര്‍ക്കാരിനു സമയമില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
മോശം ഭരണം, ഉയര്‍ന്ന അഴിമതി, നഗരപരിഷ്കരണങ്ങളുടെ അഭാവം എന്നിവയുള്‍പ്പെടെ ഒന്നിലധികം ഘടകങ്ങളുടെ ഫലമാണ് കനത്ത മഴയെത്തുടര്‍ന്ന് ബംഗളൂരുവിലുണ്ടായ നാശനഷ്ടങ്ങള്‍ക്കു കാരണമെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വ്യവസായ പ്രമുഖന് ടി.വി. മോഹന്‍ദാസ് പൈ പ്രതികരിച്ചു.
നഗരപരിഷ്കരണങ്ങളുടെ അഭാവത്തില്‍ മനംമടുത്ത് ബംഗളൂരുവിലെ ചില ഐടി കന്പനികളെങ്കിലും തങ്ങളുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ അയല്‍സംസ്ഥാനമായ തെലുങ്കാനയിലേക്കോ ആന്ധ്രപ്രദേശിലേക്കോ മാറ്റാന്‍ തയാറെടുക്കുന്നതായി സൂചനയുണ്ട്. ബംഗളൂരുവിലെ പ്രളയസാഹചര്യം ചൂണ്ടിക്കാട്ടി തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ബംഗളൂരുവിലെ ഐടി കന്പനികളെ ഹൈദരാബാദിലേക്കു ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
ബംഗളൂരുവില്‍ മലയാളിയുടെ സൂപ്പര്‍മാര്‍ക്കറ്റ് കത്തിനശിച്ചു
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ കണ്ണൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം.പാനൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി അന്‍വറും പാര്‍ട്ണര്‍മാരും ചേര്‍ന്ന് ബംഗളൂരു റിച്ച്മോണ്ട് ടൗണിലെ നഞ്ചപ്പ സര്‍ക്കിളിനടുത്ത് ശാന്താറാം കോംപ്ലക്സില്‍ നടത്തുന്ന ഫാമിലി സൂപ്പര്‍മാര്‍ക്കറ്റിലാണു തീപിടിത്തമുണ്ടായത്.
ചൊവ്വാഴ്ച രാത്രി ചെറിയതോതില്‍ കടയില്‍ തീയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ കെട്ടിടം ഉടമയെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് അള്സൂരില്നിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേയ്ക്കും കടയാകെ തീ ആളിപ്പടര്‍ന്നിരുന്നു.
അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയോടെയാണ് തീയണയ്ക്കാനായത്. നാലു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകള്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നു.