ബംഗളൂരു: ബംഗളൂരുവില്‍നിന്ന് മലബാറിലേക്ക് പുതിയ ട്രെയിന്‍ എന്ന അധികൃതരുടെ ആ വാക്കും വെറുതെയായി. പുതിയ ട്രെയിന്‍ പോയിട്ട് കേരളത്തിലേക്കുള്ള യാത്രക്ക് ഏറ്റവും തിരക്കുള്ള ഓണക്കാലത്ത് ഒരു സ്പെഷല്‍ ട്രെയിന്പോലും ഇതുവരെ ദക്ഷിണ-പശ്ചിമ റെയില്‍വേ അനുവദിച്ചിട്ടില്ല. ബംഗളൂരുവില്‍നിന്ന് കേരളത്തിന്റെ തെക്കോട്ടായാലും വടക്കോട്ടായാലും യാത്രികര്‍ക്ക് ദുരിതംതന്നെ മിച്ചം.
മലബാര്‍ മേഖലയിലേക്ക് ദിനേനയുള്ള ഏക ട്രെയിനില്‍ ടിക്കറ്റ് കിട്ടാന്‍ ആഴ്ചകള്‍ക്കുമുമ്ബ് ബുക്ക് ചെയ്യണമെന്നതാണ് സ്ഥിതി. എറണാകുളം ഭാഗത്തേക്കുള്ള ഐലന്‍ഡ്, കൊച്ചുവേളി തുടങ്ങിയ പതിവുട്രെയിനുകളുടെ സ്ഥിതിയും ഇതുതന്നെ. കേരള, കര്‍ണാടക ആര്.ടി.സികള്‍ പതിവ് സര്‍വിസുകള്‍ക്കുപുറമെ സ്പെഷല്‍ സര്‍വിസുകള്‍ ഇറക്കിയിട്ടും യാത്രക്കാര്‍ പുറത്തുതന്നെ. മലബാറിന്റെ വാണിജ്യ, വിദ്യാഭ്യാസ, സാംസ്കാരിക തലസ്ഥാനമായ കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കാമെന്നും ബാംഗ്ലൂര്‍ സിറ്റി-മംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് പരിഗണിക്കാമെന്നും 2021 നവംബര്‍ രണ്ടാംവാരത്തില്‍ കോഴിക്കോട് എം.പി ദക്ഷിണ-പശ്ചിമ റെയില്‍വേ മാനേജര്‍ സഞ്ജീവ് കിഷോറുമായി ഹുബ്ബള്ളിയിലെ ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിരുന്നു. പക്ഷേ, വാഗ്ദാനം നടപ്പായില്ല.
ഓണാവധിക്ക് കൂടുതല്‍ യാത്ര ചെയ്യുന്നത് ഈ വാരാന്ത്യ ദിനങ്ങളിലാണ്. ഇതുവരെ ബംഗളൂരുവില്‍നിന്നോ മൈസൂരുവില്‍നിന്നോ സ്പെഷല്‍ ട്രെയിനിന്റെ കാര്യത്തില്‍ ഒരു തീരുമാനവുമായിട്ടില്ല. ദക്ഷിണ റെയില്‍വേ കേരളത്തില്‍നിന്ന് പ്രഖ്യാപിച്ച ഏക ട്രെയിന്‍ മാത്രമാണ് സ്പെഷലായി സര്‍വിസ് നടത്തുക. ഇതാകട്ടെ ഓണാവധി കഴിഞ്ഞ് നാട്ടില്‍നിന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതാണ്.
സെപ്റ്റംബര്‍ 11ന് കൊച്ചുവേളിയില്‍നിന്ന് വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന ഈ സ്പെഷല്‍ ട്രെയിന്‍ (06037) 12ന് രാവിലെ 10.10ന് സര് എം. വിശേശ്വരയ്യ ബൈയപ്പനഹള്ളി ടെര്‍മിനലിലെത്തും. 12ന് വൈകീട്ട് മൂന്നിന് ബൈയപ്പനഹള്ളിയില്‍നിന്ന് യാത്രതിരിക്കുന്ന സ്പെഷല്‍ ട്രെയിന്‍ (06038) പിറ്റേന്ന് രാവിലെ 6.35ന് കൊച്ചുവേളിയിലെത്തും. കോവിഡ്കാല നിയന്ത്രണത്തിനുപിന്നാലെ കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്; പ്രത്യേകിച്ചും മലബാര്‍ മേഖലയിലേക്ക്. മലബാറില്‍നിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രക്കായി ഒരേയൊരു ദിവസ ട്രെയിന്‍ സര്‍വിസ് അപര്യാപ്തമാണ്. യാത്രക്കാരുടെ എണ്ണത്തിലെ ഒരുശതമാനം പേരെപ്പോലും ഉള്‍ക്കൊള്ളാന്‍ ഈ സര്വിസിനാവില്ല.
ആശുപത്രി ചികിത്സകള്‍ക്ക് ബംഗളൂരുവിലേക്ക് വരുന്നവരടക്കം ട്രെയിന്‍ ടിക്കറ്റ് കിട്ടാതെ പ്രയാസപ്പെടുകയാണ്.യശ്വന്ത്പുരില്‍നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന യശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസ് (1657) മാത്രമാണ് പാലക്കാട്, കോഴിക്കോട് വഴി ദിനേനയുള്ളത്. ബംഗളൂരു സിറ്റി-മംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് (06511) യശ്വന്ത്പുര്‍, ഹാസന്, മംഗളൂരു വഴിയാണ് സര്‍വിസ് എന്നതിനാല്‍ കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവര്‍ക്ക് ഉപകാരപ്പെടില്ല. ബംഗളൂരുവില്‍നിന്ന് രാത്രി 9.35 ന് പുറപ്പെടുന്ന ബംഗളൂരു സിറ്റി-മംഗലാപുരം- കണ്ണൂര്‍ എക്സ്പ്രസ് (06511) യശ്വന്ത്പുര്‍, ശ്രാവണ ബെലഗോള, സകലേഷ്പുരവഴി പിറ്റേന്ന് രാവിലെ 6.52ന് മംഗളൂരു ജങ്ഷനിലും 10.40ന് കണ്ണൂരിലുമെത്തും.
തിരിച്ച് കണ്ണൂരില്‍നിന്ന് വൈകീട്ട് 5.05ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.50ന് മംഗളൂരു ജങ്ഷനിലും പിറ്റേന്ന് രാവിലെ 6.50ന് ബംഗളൂരു സിറ്റിയിലുമെത്തും. കണ്ണൂരിലെത്തി തിരിച്ച് പോകുന്നതിനിടയില്‍ ആറുമണിക്കൂറോളം സമയം ട്രെയിന്‍ കണ്ണൂരില്‍ നിര്‍ത്തിയിടുകയാണ്. ഈ സമയം ഉപയോഗപ്പെടുത്തി സര്‍വിസ് കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ദക്ഷിണ പശ്ചിമ റെയില്‍വേക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് മുമ്ബ് അറിയിച്ചിരുന്നെങ്കിലും നടപടിയായില്ല.
ആഴ്ചയിലൊരിക്കല്‍ ബംഗളൂരുവില്‍നിന്ന് പാലക്കാട് വഴി മംഗലാപുരത്തേക്ക് സര്‍വിസ് നടത്തുന്ന യശ്വന്ത്പുര്‍-മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് (16565) യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ സമയത്തല്ല സര്‍വിസ് നടത്തുന്നത്. ഞായറാഴ്ച രാത്രി 11.55ന് യശ്വന്ത്പുരില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ച രാവിലെ 11.50നാണ് കോഴിക്കോട്ടും ഉച്ചക്ക് 1.22ന് കണ്ണൂരും വൈകീട്ട് 04.05ന് മംഗളൂരുവിലുമെത്തും. മംഗളൂരുവില്‍നിന്ന് തിങ്കളാഴ്ച രാത്രി 11.35ന് പുറപ്പെടുന്ന മംഗളൂരു-യശ്വന്ത്പുര്‍ വീക്ക്ലി എക്സ്പ്രസ് (16566) ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് യശ്വന്ത്പുരിലെത്തും. വെള്ളിയാഴ്ചകളില്‍ യശ്വന്ത്പുരില്‍നിന്ന് പുറപ്പെടുകയും ഞായറാഴ്ചകളില്‍ യശ്വന്ത്പുരിലേക്ക് പുറപ്പെടുകയും ചെയ്യുന്ന രീതിയില്‍ ഷെഡ്യൂള്‍ പുനഃക്രമീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യമുയര്‍ത്തിയിരുന്നെങ്കിലും നടപ്പായിട്ടില്ല.