ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ ക്ലാസ് റൂമുകള്‍ക്ക് കാവിനിറം പൂശുന്നു. പുതുതായി പണിയുന്ന 7,601 ക്ലാസ് മുറികളാണ് കാവിയണിയുക. വടക്കന്‍ കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷാണ് ഇക്കാര്യം അറിയിച്ചത്. സ്വാമി വിവേകാനന്ദനോടുള്ള ആദരസൂചകമായി നടപ്പാക്കുന്ന ‘വിവേക’ പദ്ധതിക്ക് കീഴിലാണ് സംസ്ഥാനത്തുടനീളം പുതിയ ക്ലാസ് റൂമുകള്‍ പണിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവയുടെ ശിലാസ്ഥാപനം കലബുറഗിയില്‍ നടന്ന ശിശുദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍വഹിച്ചു.
സ്കൂള്‍ എജുക്കേഷന്‍ ആന്‍ഡ് ലിറ്ററസി വകുപ്പിന്‍റെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും നിര്‍മാണോദ്ഘാടനം നടക്കും. അതേസമയം, വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിന്‍റെ തുടര്‍ച്ചയാണിതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകള്‍ ജനങ്ങളുടെ നികുതിപ്പണംകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാഭ്യാസത്തെ വര്‍ഗീയവത്കരിക്കാനും മതപരമായ ചേരിതിരവ് ഉണ്ടാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദ് കുറ്റപ്പെടുത്തി. എന്നാല്‍, വിവേകാനന്ദന്‍ കാവിവസ്ത്രം അണിഞ്ഞ സന്യാസിയായിരുന്നെന്നും അദ്ദേഹത്തിന്‍റെ പേരിലാണ് ‘വിവേക’ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് എല്ലാത്തിനെയും രാഷ്ട്രീയവത്കരിക്കുകയാണ്. ദേശീയപതാകയില്‍വരെ കാവി നിറമുണ്ട്. കോണ്‍ഗ്രസിന് ആ നിറത്തോട് എന്താണ് ദേഷ്യമെന്നും മുഖ്യമന്ത്രി ചോദിച്ചു. ക്ലാസ് മുറികള്‍ക്ക് പൊതുനിറമായിരിക്കുമെന്നും വാസ്തുശില്‍പ വിദഗ്ധര്‍ നിര്‍ദേശിച്ചതിനാലാണ് കാവിനിറമെന്നും സര്‍ക്കാറിന് അതില്‍ പങ്കില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഈയടുത്ത് സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ധ്യാനം നിര്‍ബന്ധമാക്കിയിരുന്നു. പാഠ്യപദ്ധതിയില്‍ ഹിന്ദുത്വ ആശയങ്ങളുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ചില തിരുത്തലുകള്‍ വരുത്തിയിരുന്നെങ്കിലും ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിനെ സംബന്ധിച്ചുള്ള അധ്യായമടക്കം നീക്കിയിട്ടില്ല.
പുത്തൻ വാട്സ് ആപ്പ് അപ്ഡേറ്റ്
ഒരേ മെസെജ് ഫോർവേഡ് ചെയ്ത് മിനക്കെടെണ്ട. ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളൊക്കെ ഇനി ഒരു കുടുംബമാകും. അതിനുള്ള അപ്ഡേറ്റുമായാണ് ഇക്കുറി വാട്ട്സാപ്പ് എത്തിയിരിക്കുന്നത്. ഇനി ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാനാണ് പുതിയ ഫീച്ചർ വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സാപ്പിന്റെ പുതിയ കമ്മ്യൂണിറ്റി ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും വെബ്പതിപ്പിലും ലഭ്യമാണ്. വാട്ട്സാപ്പിലെ ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കുകയാണ് ഈ ഫീച്ചർ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരേ പോലെയുള്ള ഗ്രൂപ്പുകളെല്ലാം ഒരു കമ്മ്യൂണിറ്റിയ്ക്ക് കീഴിൽ കൊണ്ടുവരാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
വാട്ട്സാപ്പ് കമ്മ്യൂണിറ്റീസ് ഉപയോഗിച്ച് ഒരു കൂട്ടം ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിയും. വാട്ട്സാപ്പ് ഗ്രൂപ്പുകളും കമ്മ്യൂണിറ്റികളും രണ്ടാണ്. സ്‌കൂളുകൾ, ഓഫീസുകൾ, ക്യാമ്പസ് പോലെയുള്ള ഇടത്തെ ഗ്രൂപ്പുകളെ ഒന്നിച്ച് കൊണ്ടുവരാൻ കഴിയുമെന്നതാണ് കമ്മ്യൂണിറ്റിസിന്റെ ഗുണം. ആൻഡ്രോയിഡിലും ഐഒഎസിലും ചാറ്റിന് അടുത്തായി തന്നെ കമ്മ്യൂണിറ്റീസിന്റെ ലോഗോ കാണാം. വാട്‌സാപ്പ് വെബിൽ നോക്കിയാൽ ഏറ്റവും മുകളിലായി കമ്മ്യൂണിറ്റീസ് ലോഗോ ഉണ്ടാകും.
കമ്മ്യൂണിറ്റിസ് ക്രിയേറ്റ് ചെയ്യുന്നതെങ്ങനെ എന്ന് സംശയമുള്ളവർ ഒരുപാട് കാണും. കമ്മ്യൂണിറ്റിസ് ക്രിയേറ്റ് ചെയ്യാൻ എളുപ്പമാണ്. വാട്ട്സാപ്പിലെ
കമ്മ്യൂണിറ്റീസ് ടാബ് തുറക്കുക അതിനു ശേഷം ന്യൂ കമ്മ്യൂണിറ്റീസ് തിരഞ്ഞെടുക്കണം. അടുത്തതായി കമ്മ്യൂണിറ്റിയുടെ പേരും വിവരണവും പ്രൊഫൈൽ ചിത്രവും നൽകണം. തുടർന്ന് വരുന്ന പച്ച നിറത്തിലുള്ള ‘ആരോ’ ഐക്കൺ ക്ലിക്ക് ചെയ്യുക. അപ്പോൾ ക്രിയേറ്റ് ആകുന്ന കമ്മ്യൂണിറ്റിയ്ക്ക് കീഴിൽ പുതിയ ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്യാനാകും.
ആവശ്യമെങ്കിൽ നിലവിലുള്ള ഗ്രൂപ്പുകളെ കമ്മ്യൂണിറ്റിയിൽ ചേർക്കുകയും ചെയ്യാം. ഗ്രൂപ്പുകൾ ആഡ് ചെയ്തതിനു ശേഷം പച്ച നിറത്തിലുള്ള ചെക്ക് മാർക്ക് ബട്ടൻ ക്ലിക്ക് ചെയ്യണം. ഏകദേശം 50 ഗ്രൂപ്പുകൾക്ക് വരെ ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമാകാം. കൂടാതെ 5000 പേരടങ്ങുന്ന അനൗൺസ്‌മെന്റ് ഗ്രൂപ്പും നിർമിക്കാൻ ഇതിലൂടെ കഴിയും. കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഇഷ്ടമുള്ള വേറെ ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യാം. പക്ഷേ അഡ്മിൻമാർക്ക് മാത്രമേ കമ്മ്യൂണിറ്റീസ് അനൗൺസ്‌മെന്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ. എല്ലാ ഗ്രൂപ്പികളിലെയും അംഗങ്ങളിലേക്ക് മെസെജ് എളുപ്പത്തിൽ എത്തിക്കാൻ ഇത് സഹായിക്കും.അനൗൺമെന്റ് ഗ്രൂപ്പിൽ അഡ്മിൻമാരുടെ മാത്രമേ നമ്പർ പ്രദർശിപ്പിക്കൂ എന്ന പ്രത്യേകതയും ഉണ്ട്.