ബംഗലൂരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. എന്‍ഐഎ ആണ് ഇവരെ പിടികൂടിയത്. കെ. മഹമ്മദ് ഇഖ്ബാല്‍, കെ ഇസ്മയില്‍ ഷാഫി, ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. ദക്ഷിണ കന്നഡയിലെ ഹൂബള്ളിയിലും മൈസൂരിലും അടക്കം അഞ്ച് ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ഇതിനൊടുവിലാണ് അറസ്റ്റ് വിവരം പുറത്തുവരുന്നത്.
പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതില്‍ മൂവര്‍ക്കും സജീവപങ്കുണ്ടെന്നാണ് വിവരം. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തിലെത്തി. കേസില്‍ നാല് പേരെ ഇനിയും പിടികിട്ടാനുണ്ട്. ഒളിവിലുള്ള ഇവര്‍ക്കായി എന്‍ഐഎ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ബെല്ലാരെയില്‍ യുവമോര്‍ച്ച ജില്ല സെക്രട്ടറിയായിരുന്നു പ്രവീണ്‍ നെട്ടാരു. ജൂലൈ 26 ന് രാത്രി 8.30 ഓടെ സ്വന്തം ചിക്കന്‍ കട അടച്ച് മടങ്ങുന്നതിനിടെ അക്രമികള്‍ പ്രവീണിനെ വധിക്കുകയായിരുന്നു.
നടി കനി കുസൃതി ബോളിവുഡിലേക്ക്
ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി മലയാളി താരം കനി കുസൃതി. ‘ഗേള്‍സ് വില്‍ ബി ഗേള്‍സ്’ എന്ന് പേരിട്ടിരുന്ന ചിത്രത്തിലാണ് കനി അഭിനയിക്കുക. ഹോളിവുഡ് ചിത്രം ഗേള്‍സ് വില്‍ ബി ഗേള്‍സിന്റെ ഹിന്ദി റീമേക്കാണ് സിനിമ.
സുച്ചി തളതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് നടി റിച്ച ഛദ്ദയും ഭർത്താവ് അലി ഫസലും ചേർന്നാണ്.
കനി കുസൃതി സുപ്രധാന വേഷത്തിലാകും ചിത്രത്തിൽ എത്തുകയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉത്തരാഖണ്ഡില്‍ ആരംഭിച്ചു. ഹിമാലയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്ന പതിനാറുകാരി മിറയുടെ കഥയാണ് ‘ഗേള്‍സ് വില്‍ ബി ഗേള്‍സ്’ പറയുന്നത്. പ്രീതി പനിഗരി, കേശവ് ബിനോയ് കിരണ്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു.
തമിഴ്, തെലുങ്ക് സിനിമകളിലും ഹിന്ദി ടിവി സീരിസിലും അഭിനയിച്ചിട്ടുള്ള കനിയ്ക്ക് 2020ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ‘ബിരിയാണി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയിരുന്നു പുരസ്കാരം. മതവും പുരുഷാദിപത്യവും ചേര്‍ന്ന് ദുരിതത്തിലാഴ്ത്തിയ ഒരു പെണ്‍കുട്ടിയുടെ നിസ്സഹായതയും സഹനങ്ങളും അതിജീവനശ്രമങ്ങളും അതിതീക്ഷ്ണമായി ആവിഷ്കരിച്ച അഭിനയ മികവ് എന്നായിരുന്നു പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ട് ജൂറി വിലയിരുത്തിയത്.
ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിക്ക് അന്താരാഷ്‍ട്ര പുരസ്‍കാരവും ലഭിച്ചിരുന്നു. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിലാണ് കനി കുസൃതി മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്‍ട്ര പുരസ്‍കാരം നേടിയത്. ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായിട്ടാണ് ബിരിയാണ് ആദ്യം പ്രദർശിപ്പിച്ചത്. അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടി. ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരവും സ്വന്തമാക്കിയിരുന്നു. അമേരിക്ക,ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാരാഷ്‍ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻസ് എന്നിവ ബിരിയാണി സ്വന്തമാക്കിയിരുന്നു. ‘വിചിത്ര’മാണ് കനിയുടേതായി റിലീസ് ചെയ്ത അവസാന ചിത്രം. മാര്‍ത്ത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.