Home Featured ‘പണം, മധുരം’, സ്വീറ്റ് ബോക്സില്‍ വീഴാതെ കര്‍ണ്ണാടകയിലെ മാധ്യമപ്രവര്‍ത്തകര്‍; മുഖ്യമന്ത്രിയുടെ ഗിഫ്റ്റ് മടക്കി

‘പണം, മധുരം’, സ്വീറ്റ് ബോക്സില്‍ വീഴാതെ കര്‍ണ്ണാടകയിലെ മാധ്യമപ്രവര്‍ത്തകര്‍; മുഖ്യമന്ത്രിയുടെ ഗിഫ്റ്റ് മടക്കി

ബെംഗളൂരു: മധുരത്തിനൊപ്പം പണം നിറച്ച ദീപാവലി ബോക്സുകളാണ് കര്‍ണാടകയില്‍ മാധ്യമപ്രവര്‍ത്തകരുടെ ഓഫീസുകളില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ഓഫീസില്‍ നിന്നുള്ള ദീപാവലി സമ്മാനമെന്ന തലക്കെട്ടോടെയായിരുന്നു ഈ ഗിഫ്റ്റ് ബോക്സുകള്‍. ഒരു ലക്ഷം മുതല്‍ രണ്ടര ലക്ഷം രൂപ വരെ ഗിഫ്റ്റ് ബോക്സുകളില്‍ ലഭിച്ചവരുണ്ട്. പൊളിറ്റിക്കല്‍ ബീറ്റ് റിപ്പോര്‍ട്ടര്‍മാരെയും പത്ര, ദൃശ്യ, ഡിജിറ്റല്‍ ന്യൂസ് എഡിറ്റര്‍മാരെയും തേടിയാണ് ഈ ഗിഫ്റ്റ് ബോക്സുകള്‍ എത്തിയത്.  മധുരപലഹാരങ്ങള്‍ അടങ്ങിയ ബോക്സുകള്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ദീപാവലി സമ്മാനമായി ലഭിക്കുന്നത് പതിവാണ്. എന്നാല്‍ പണം അടങ്ങിയ ബോക്സുകള്‍, അതും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ ലഭിക്കുന്നത് ആദ്യമായാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കം ചൂണ്ടികാട്ടുന്നു. 

‘സ്വീറ്റ് ബോക്സ് കോഴ’ എന്നാണ് ബെംഗ്ലൂരു പ്രസ് ക്ലബ്ബ് ഇതിനോട് പ്രതികരിച്ചത്. കടുത്ത അതൃപ്തി വ്യക്തമാക്കി ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും പണം അടങ്ങിയ ഈ ഗിഫ്റ്റ് ബോക്സുകള്‍ തിരികെനല്‍കി. മാധ്യപ്രവര്‍ത്തനത്തെ വിലയ്ക്കെടുക്കാനുള്ള നീക്കമാണ് നടന്നതെന്ന രൂക്ഷ വിമര്‍ശനം പത്രപ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു കഴിഞ്ഞു. ഗിഫ്റ്റ് ബോക്സുകള്‍ മടക്കി നല്‍കിയതിലൂടെ പത്രപ്രവര്‍ത്തനത്തിന്‍റെ അന്തസ്സ് മാധ്യപ്രവര്‍ത്തകര്‍ കാത്തുസൂക്ഷിച്ചെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഗിഫ്റ്റ് ബോക്സുകള്‍ മടക്കി നല്‍കിയ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് അഭിനന്ദിച്ചു. 

 ”ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നപുള്ള ദീപാവലി ഗിഫ്റ്റ് ബോക്സ് ഓഫീസില്‍ കിട്ടിയത്.  അത് എടുത്ത് തുറന്നപ്പോള്‍ അതില്‍ പണമുള്ള ഒരു കവര്‍ കണ്ടു. എത്രയുണ്ടെന്ന് എണ്ണാന്‍ പോലും പോയില്ല. ഉടന്‍ തന്നെ തിരിച്ചയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെ വിളിച്ച് അതൃപ്തി അറിയിച്ചു” കന്നഡയിലെ പ്രമുഖ ദിനപത്രത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ വാക്കുകളാണിത്.  എന്നാല്‍ പുതിയതായി ജോയിന്‍ ചെയ്ത മീഡിയാ കോര്‍ഡിനേറ്റര്‍ കാണിച്ച അബദ്ധമെന്നാണ് മുഖ്യമന്ത്രിയുടെ ബസവരാജ് ബൊമ്മയെയുടെ ഓഫീസ് ഇതിനോട് പ്രതികരിച്ചത്. ഇത്തരത്തില്‍ പണം നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മീഡിയ കോര്‍ഡിനേറ്റര്‍ സ്വയം ചെയ്ത നടപടിയെന്നുമാണ് വിശദീകരണം. 

ബൊമ്മെ സര്‍ക്കാരിനെതിരെ കമ്മീഷന്‍ ആരോപണം അടക്കം ശക്തമായതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ തന്നെ വിലയ്ക്കെടുക്കാനുള്ള സ്വീറ്റ് ബോക്സ് ആരോപണം. മാധ്യമപ്രവര്‍ത്തനത്തെ വിലയ്ക്കെടുക്കാമെന്ന ബിജെപി ധാരണയാണ് പൊളിഞ്ഞതെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. സംഭവത്തില്‍ ജുഡിഷ്വല്‍ അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ബെംഗ്ലൂരുവിലെ അഴിമതി വിരുദ്ധ സംഘടന ലോകായുക്ത പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.   

കാന്താരയിലെ ‘വരാഹ രൂപം’ കോപ്പിയോ ? മറുപടിയുമായി റിഷഭ് ഷെട്ടി

സൂപ്പർ ഹിറ്റ് ചിത്രം കാന്താരയിലെ ‘വ​രാഹ രൂപം’ ​ഗാനത്തിനെതിരെ ഉയർന്ന കോപ്പിയടി വിവാദത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ റിഷഭ് ഷെട്ടി. കാന്താരയിലെ ഗാനം കോപ്പിയടിച്ചതല്ലെന്നും തൈക്കുടം ബ്രിഡ്ജ് ഉന്നയിച്ച പരാതിക്കെതിരെ പ്രൊഡക്ഷന്‍ ഹൗസ് വേണ്ട നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും റിഷഭ് ഷെട്ടി വ്യക്തമാക്കി. കാന്താരയുടെ കേരള പ്രമോഷന്റെ ഭാ​ഗമായി നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു റിഷഭ്. 

കാന്താരയിലെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു ‘വരാഹ രൂപം’ പാട്ട്. ഗാനം റിലീസ് ചെയ്തതിന് പിന്നാലെ ​ കോപ്പിയടി ആരോപണവുമായി തൈക്കുടം ബ്രിഡ്ജ് രം​ഗത്തെത്തുകയായിരുന്നു. അജനീഷ് ലോകേഷ് സംഗീതം നൽകിയ ​ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്‍റെ കോപ്പിയാണെന്നായിരുന്നു ഉയർന്ന ആരോപണം. വിഷയത്തിൽ തൈക്കുടം നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.  

അതേസമയം, കോപ്പിയടി ആരോപണത്തില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍ ജഡ്ജി നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്. ‘വരാഹ രൂപം’ എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്‍റെ അനുവാദം ഇല്ലാതെ പ്രസിദ്ധീകരിച്ചതിന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും. ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, സ്പോട്ടിഫൈ, വിന്‍ഗ്, ജിയോ സാവന്‍ എന്നിവര്‍ക്കെല്ലാം ഗാനം കാണിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.  തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്. 

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കാന്താര. അദ്ദേഹം തന്നെയാണ് നായകനായി എത്തിയതും. സെപ്റ്റംബര്‍ 30നായിരുന്നു ചിത്രത്തിന്റെ ഒറിജിനൽ കന്നഡ പതിപ്പ് പുറത്തിറങ്ങിയത്. കന്നഡയില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്‍റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. ഇതിനോടകം 200 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചു കഴിഞ്ഞു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു കാന്താര കേരളത്തിൽ എത്തിച്ചത്. 

You may also like

error: Content is protected !!
Join Our WhatsApp Group