ബെംഗളൂരു: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന കൊലപാതകക്കേസിലെ പ്രതിക്ക് കാമുകിയോടൊപ്പം സ്വകാര്യഹോട്ടലില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ പോലീസുകാര്‍ക്കെതിരെ കേസ്. കര്‍ണാടകയിലെ ധര്‍വാദിലാണ് സംഭവം. കര്‍ണാടക പോലീസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ബച്ച ഖാന്‍ എന്ന പ്രതിയെ ധര്‍വാദ് കോടതിയില്‍ ഹാജരാക്കാനാണ് ബെല്ലാരി പോലീസ് ശനിയാഴ്ച ഇയാളുമായി എത്തിയത്. എന്നാല്‍, കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് മടങ്ങിപ്പോകുന്നതിന് മുമ്ബ് സ്വകാര്യഹോട്ടലില്‍ കാമുകിയെ കാണാനുള്ള അവസരം പോലീസ് ഒരുക്കി നല്‍കുകയും കൂടാതെ, ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ സ്ഥലത്ത് പാറാവ് നില്‍ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
ബച്ച ഖാന്റെ കാമുകി ഇവരെത്തുന്നതിന് മുമ്ബ് തന്നെ ബെംഗളൂരുവില്‍ നിന്ന് സ്ഥലത്തെത്തി ഹോട്ടല്‍ മുറിയില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. പോലീസുകാര്‍ നിയമലംഘനം നടത്തി പ്രതിയ്ക്ക് വേണ്ട ഒത്താശ ചെയ്തു നല്‍കുന്നതായി വിവരമറിഞ്ഞ ഹുബ്ബാലി ഗോകുല റോഡ് പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ ഹോട്ടലിലെത്തി പരിശോധന നടത്തുകയും ബച്ച ഖാനെ കസ്റ്റഡിലെടുക്കുകയും ചെയ്തു. ഇത് കൂടാതെ, ഇയാള്‍ക്കൊപ്പമെത്തിയ പോലീസുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. ഫ്രൂട്ട് ഖാന്‍ എന്നറിയപ്പെടുന്ന ഇര്‍ഫാന്‍ എന്നയാളുടെ കൊലപാതകക്കേസിലെ പ്രതിയാണ് ബച്ച ഖാന്‍. കേസില്‍ അന്വേഷണം നടന്നുവരികയാണ്.
ചൈനയെ നിലയ്‌ക്ക് നിര്‍ത്തും, നിയന്ത്രണരേഖയില്‍ നിരീക്ഷണം ശക്തമാക്കൊനൊരുങ്ങി ഇന്ത്യ: മൂന്ന് ബില്യണ്‍ ചിലവില്‍ അമേരിക്കയുടെ 30 എംക്യൂ-9ബി സായുധ ഡ്രോണുകള്‍ വാങ്ങും
ന്യൂഡല്‍ഹി: ഇന്ത്യ- ചൈന നിയന്ത്രണ രേഖയില്‍ നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യ. ഇതിനായി മൂന്ന് ബില്യണ്‍ രൂപ ചിലവില്‍ 30 എംക്യൂ-9ബി സായുധ ഡ്രോണുകളാകും വാങ്ങുക. ഇതിനായി അമേരിക്കയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സമുദ്ര നിരീക്ഷണത്തിനും അന്തര്‍വാഹിനി വേധ യുദ്ധങ്ങള്‍ക്കും, ആകാശ നിരീക്ഷണങ്ങള്‍ ശക്തമാക്കാനും ആകും ഇവ ഉപയോഗപ്പെടുത്തുക. അടുത്തിടെ അല്‍ ഖ്വായ്ദ തലവന്‍ അയ്മന്‍ അല്‍ സാവാഹിരിയെ വധിക്കാന്‍ ഉപയോഗിച്ച ഡ്രോണിന്റെ വകഭേദമാണ് ഇന്ത്യയും സ്വന്തമാക്കുക.
യുഎസിലെ ഡിഫന്‍സ് മേജര്‍ ജനറല്‍ അറ്റോമിക്‌സ് നിര്‍മ്മിക്കുന്ന ഡ്രോണുകള്‍ വാങ്ങുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ജനറല്‍ അറ്റോമിക്‌സ് ഗ്ലോബല്‍ കോര്‍പ്പറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് വിവേക് ലാല്‍ വ്യക്തമാക്കി. ഇന്ത്യയെ പിന്തുണയ്‌ക്കാനും ദീര്‍ഘക്കാല ബന്ധം നിലനിര്‍ത്താനും തയ്യാറാണെന്നും ലാല്‍ പറഞ്ഞു. ചിലവ് , ആയുധ പാക്കേജ്, സാങ്കേതികവിദ്യ പങ്കിടുന്നത് എന്നിവ സംബന്ധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളാണ് നിലവില്‍ നടക്കുന്നെതന്നും അദ്ദേഹം വ്യക്തമാക്കി.