ബംഗളൂരു: പിന്നാക്ക ജാതിയില്‍പ്പെട്ടയാളെ പ്രണയച്ചതിന് വീണ്ടും ദുരഭിമാനക്കൊല. കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ 24കാരനെയും പതിനെട്ടുകാരിയെയുമാണ് യുവതിയുടെ വീട്ടുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്.
ദിവസ ജോലിക്കാരനായ വിശ്വനാഥ് നെല്‍ഗി, രാജേശ്വരി എന്നിവരാണ് മരിച്ചത്. സെപ്റ്റംബര്‍ മുപ്പതിനായിരുന്നു കൊലപാതകം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; കഴിഞ്ഞ രണ്ടുവര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. യുവാവ് പിന്നോക്ക ജാതിക്കാരനായതിനാല്‍ യുവതിയുടെ വീട്ടുകാര്‍ ഇതിനെ എതിര്‍ത്തിരുന്നു. ജാതിയുടെ പേരില്‍ നേരത്തെ ഇരുകുടുംബങ്ങളും തമ്മില്‍ വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇത് ഒരു ആസൂത്രിത കൊലപാതകമായിരുന്നെന്ന് എസ്പി ജയപ്രകാശ് പറഞ്ഞു. യുവാവ് പിന്നാക്ക ജാതിയില്‍പ്പെട്ടയാളായതിനാല്‍ ഈ ബന്ധത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തു. ഇതേതുടര്‍ന്ന് ഇരുവരെയും ഇല്ലാതാക്കന്‍ യുവതിയുടെ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വനാഥ് ജോലിക്കായി കാസര്‍ഗോഡ് ജില്ലയില്‍ എത്തിയിരുന്നു. അവിടെ ജോലി ചെയ്യുന്നതിനിട രാജേശ്വരി വിശ്വനാഥിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി രക്ഷിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് വിവാഹത്തിനായി യുവതിയുടെ വീട്ടിലെത്താന്‍ വിശ്വാഥിനോട് ആവശ്യപ്പെട്ട് പെണ്‍വീട്ടുകാര്‍ കെണിയൊരുക്കുകയായിരുന്നു. നരഗുണ്ടിലെത്തിയ വിശ്വനാഥിനോട് മറ്റൊരു വാഹനത്തില്‍ യുവതി ഉണ്ടെന്നറിയിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കൃഷ്ണ നദിയില്‍ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നദിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് എസ്പി പറഞ്ഞു.
വാക്ക് തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി
മലപ്പുറം: മലപ്പുറത്ത് ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. നാരങ്ങാ തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്. വാക്ക് തർക്കത്തിനിടെ കത്തിയെടുത്തു കുത്തുകയായിരുന്നു. നഫീസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതിയെ പൊലീസ് മർദ്ദിച്ചെന്ന് പരാതി
മലപ്പുറം: വാഹനപരിശോധനയുമായി ബന്ധപ്പെട്ട് യുവതിയെയും സഹോദരനെയും സുഹൃത്തുക്കളെയും മലപ്പുറം മഞ്ചേരി പൊലീസ് മര്‍ദിച്ചെന്ന് പരാതി. 10 വയസുള്ള മകന്റെ മുന്നില്‍ വച്ചാണ് അതിക്രമമെന്ന് മഞ്ചേരി സ്വദേശി അമൃത ജോസ് ആരോപിച്ചു. യുവതിയും കൂടെയുള്ളവരും കൃത്യനിർവഹണം തടഞ്ഞെന്നാണ് പൊലീസിന്റെ വിശദീകരണം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തരയോടെ നടന്ന സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ. മകനും സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള യാത്രാമധ്യേ മഞ്ചേരിയില്‍ ചായ കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ പൊലീസ് അതിക്രമിച്ചു കയറി വാഹനം പരിശോധിച്ചു. കാരണം അന്വേഷിച്ചപ്പോള്‍ പൊലീസ് അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു.
ദൃശ്യങ്ങളെടുത്ത സഹോദരന്റെ കൈ പിടിച്ച് തിരിച്ചെന്നും തുടര്‍ന്ന് സ്റ്റേഷനിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും പത്തു വയസുള്ള മകന്റെ മുന്നില്‍ വച്ചായിരുന്നു അതിക്രമമെന്നും യുവതി പറയുന്നു. ‘എന്റെ സഹോദരനെ വലിച്ചിഴച്ചുകൊണ്ടുപോയി, കരണം നോക്കി അടിച്ചു. ചോരയൊക്കെ വന്നു. അതേപോലെ എന്നെയും കൊണ്ടുപോയി. പത്ത് വയസുള്ള എന്റെ കുട്ടിയുടെ മുന്നിലായിരുന്നു അതിക്രമം. കുടുംബത്തോടൊപ്പമാണ് വന്നതെന്നും കുഞ്ഞുണ്ടെന്നും പറഞ്ഞിട്ടും പൊലീസ് ചെവികൊണ്ടില്ല. നീതിക്കായി ഏതറ്റം വരെയും പോകും. കഴിയുന്നിടത്തെല്ലാം പരാതി നൽകും എന്നും ആയിരുന്നു അവരുടെ വാക്കുകൾ. യുവതിയെയും സഹോദരനെയും പിടിച്ചുകൊണ്ടുപോകുന്നത് അടക്കമുള്ള ദൃശ്യങ്ങൾ ഇവരുടെ കയ്യിലുണ്ട്.