ബെംഗളൂരു:പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നുമുതൽ എട്ടുവരെ നടക്കും. വിവിധ വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽനിന്നുള്ള 200-ലധികം സിനിമകളുണ്ടാകും. എം.ടി. വാസുദേവൻ നായർക്ക് ആദരാഞ്ജലിയായി അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച ‘നിർമാല്യം’ പ്രദർശിപ്പിക്കും. ഹോമേജ് ആൻഡ് റിമംബറൻസ് എന്ന വിഭാഗത്തിലാണ് നിർമാല്യം ഉൾപ്പെടുത്തിയത്. റീസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ ജി. അരവിന്ദന്റെ കുമ്മാട്ടിയും തമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യൻ സിനിമകളുടെ മത്സര വിഭാഗത്തിൽ മലയാളത്തിൽനിന്ന് ഫാസിൽ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’ മത്സരിക്കും. കൊങ്ങിണി, കന്നഡ ഭാഷകളിൽ ജയൻ ചെറിയാൻ സംവിധാനംചെയ്ത ‘റിഥം ഓഫ് ദമാം’ എന്ന ചിത്രവും ഈ വിഭാഗത്തിലുണ്ട്.
ഇന്ത്യൻ സിനിമകളുടെ മത്സരവിഭാഗത്തിൽ മലയാളത്തിൽനിന്ന് മൂന്നുചിത്രങ്ങളുണ്ട്. ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറം’, അർഫാസ് അയ്യൂബിന്റെ ‘ലെവൽ ക്രോസ്’, സൂരജ് ടോമിന്റെ ‘വിശേഷം’ എന്നിവയാണ് മത്സരിക്കുക. തമിഴിൽനിന്ന് രാജ്കുമാർ പെരിയസ്വാമിയുടെ അമരനും സി. പ്രേംകുമാറിന്റെ മെയ്യഴകനും ഈ വിഭാഗത്തിൽ മത്സരിക്കാനുണ്ട്. സമകാലിക ലോകസിനിമാവിഭാഗത്തിൽ യു.എസ്., യു.കെ., ജർമനി, ഫ്രാൻസ്, ദക്ഷിണകൊറിയ, പോളണ്ട്, ജോർജിയ, ബ്രസീൽ, ബെൽജിയം, നെതർലൻഡ്‌സ്, ഫിൻലൻഡ്, ഇറാൻ, അർജന്റീന, കാനഡ, ഡെൻമാർക്ക്, ഗ്രീസ്, റഷ്യ, ഫിലിപ്പീൻസ്, റൊമാനിയ, ജപ്പാൻ, സ്പെയിൻ, ഇൻഡൊനീഷ്യ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും.
യൂണിവേഴ്‌സൽ പീസ് ഇൻ ഡൈവേഴ്‌സിറ്റി’ എന്നതാണ് ഇത്തവണത്തെ ചലച്ചിത്രോത്സവത്തിന്റെ വിഷയം. രാജാജിനഗറിലെ ഓറിയോൺ മാളിൽ 11 സ്ക്രീനുകളിലാണ് സിനിമകൾ പ്രദർശിപ്പിക്കുക. ദിവസവും സംവാദങ്ങൾ, സെമിനാറുകൾ, ശില്പശാലകൾ, സിനിമാരംഗത്തെ പ്രഗല്‌ഭർ നയിക്കുന്ന ക്ലാസുകൾ എന്നിവയുമൊരുക്കിയിട്ടുണ്ട്. മാർച്ച് ഒന്നിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും. എട്ടിന് സമാപന സമ്മേളനത്തിൽ ഗവർണർ താവർചന്ദ് ഗഹ്‌ലോത് അധ്യക്ഷതവഹിക്കും. ചലച്ചിത്രോത്സവത്തിൽ പ്രതിനിധികളായി പങ്കെടുക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി. Biffes.org എന്ന വൈബ്‌സൈറ്റ് വഴി രജിസ്റ്റർചെയ്യാം. 800 രൂപയാണ് ഫീസ്. സിനിമാ പ്രൊഫഷണലുകൾക്കും ഫിലിം സൊസൈറ്റി അംഗങ്ങൾക്കും വിദ്യാർഥികൾക്കും മുതിർന്ന പൗരർക്കും 400 രൂപയാണ് ഫീസ്. 18 മുതൽ പാസുകൾ നൽകിത്തുടങ്ങും.
ബാലരാമപുരം കൊലപാതകം;ഹരികുമാറും ശ്രീതുവും തമ്മില്‍ വഴിവിട്ടബന്ധം,വൈരാഗ്യം മൂലം കുഞ്ഞിനെ കിണറ്റിലിട്ടു
കോട്ടുകാൽക്കോണത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മാവൻ ഹരികുമാർ മാത്രമാണ് പ്രതിയെന്ന് അന്വേഷണസംഘം ഉറപ്പിച്ചു.കസ്റ്റഡിയിലായിരുന്ന പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണസംഘം വെളിപ്പെടുത്തി. പ്രതിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഹരികുമാറിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു.
കഴിഞ്ഞ മാസം 30-ന് പുലർച്ചെയാണ്, അമ്മ ശ്രീതുവിനൊപ്പം ഉറങ്ങിക്കിടന്ന ദേവേന്ദുവിനെ അമ്മാവനായ ഹരികുമാർ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. അമ്മ ശ്രീതു ശുചിമുറിയിലേക്കു പോയ തക്കത്തിനാണ് പ്രതി കുഞ്ഞിനെയെടുത്ത് കിണറ്റിലെറിഞ്ഞത്.
സഹോദരിയോടു തോന്നിയ വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്ന് ഹരികുമാർ സമ്മതിച്ചതായി അന്വേഷണോദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.പ്രതി ഹരികുമാറും സഹോദരി ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നു. 29-ന് രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്കു വരാൻ ഹരികുമാർ വാട്സാപ്പിൽ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനാൽ ശ്രീതു തിരികെപ്പോയി. തുടർന്നാണ് അടുത്ത ദിവസം പുലർച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്ന് പ്രതി പോലീസിനോടു പറഞ്ഞു. ഹരികുമാറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിച്ചതിനാൽ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. ഹരികുമാറിനെ കോടതി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിലാക്കി.
സാമ്പത്തികത്തട്ടിപ്പിൽ ശ്രീതുവിനെതിരേ വീണ്ടും പരാതി
:സാമ്പത്തികത്തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന ദേവേന്ദുവിന്റെ അമ്മ ശ്രീതു അന്വേഷണസംഘത്തിനു നൽകിയ പീഡനപരാതിയുടെ അടിസ്ഥാനത്തിൽ പോലീസുകാരനെതിരേ ബാലരാമപുരം പോലീസ് കേസെടുത്തു. പരശുവയ്ക്കൽ സ്വദേശി ഗിരീഷ് എന്ന പോലീസുകാരനെതിരേയാണ് കേസെടുത്തത്. ശ്രീതുവിനെ ഗിരീഷ് പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നുമാണ് പരാതി. ഇയാൾ നേരത്തേ എസ്.പി. ഓഫീസിലെ പോലീസുകാരനായിരുന്നു. പോലീസ് കസ്റ്റഡിയിലിരിക്കേയാണ് ശ്രീതു ഗിരീഷിനെതിരേ പരാതി പറഞ്ഞത്. ബാലരാമപുരം പോലീസാണ് ഗിരീഷിനെതിരേ കേസെടുത്തത്.