ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ബെംഗളൂരുവിനെ ബാധിച്ച ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ഗതാഗത കുരുക്കും മറ്റ് പ്രശ്നങ്ങളും.ഇപ്പോഴിതാ അതിനൊരു മാറ്റം കൊണ്ട് വരാൻ ശ്രമം തുടങ്ങിയിരിക്കുകയാണ്. നഗരത്തിലെ ട്രാഫിക് പോലീസ് 25 അടിപ്പാതകള്‍, 35 മേല്‍പ്പാലങ്ങള്‍, 101 ആകാശപാതകള്‍ എന്നിവ കൂടാതെ, വ്യക്തമായ സൈൻബോർഡുകള്‍, മെച്ചപ്പെട്ട ഡ്രെയിനേജ് ഉള്‍പ്പെടെ 3700-ലധികം നവീകരണങ്ങള്‍ അടങ്ങിയ സമഗ്രമായ പദ്ധതി അവതരിപ്പിച്ചു.യാത്രക്കാരുടെ ദൈനംദിന യാത്രകള്‍ സുഗമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (ജിബിഎ) സമർപ്പിച്ച ഈ നിർദ്ദേശങ്ങള്‍, നഗരത്തിലെ ഗതാഗതക്കുരുക്ക്, അപകടസാധ്യതയുള്ള റോഡുകള്‍, പ്രധാന തടസങ്ങള്‍ എന്നിവ കണ്ടെത്തിയ ഒരു വിശദമായ ഓഡിറ്റില്‍ നിന്നാണ് രൂപപ്പെട്ടത്.
സുഗമവും സുരക്ഷിതവുമായ ബെംഗളൂരു എന്നതാണ് ഇതിന്റെ കാതലായ ലക്ഷ്യങ്ങളില്‍ ഒന്ന്.ദിവസേന ഏതാണ്ട് 2000 പുതിയ വാഹനങ്ങള്‍ വരുന്നതിനാല്‍ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വെല്ലുവിളി നേരിടുന്നുവെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. മഹാദേവപുരയും വൈറ്റ്ഫീല്‍ഡും ഉള്‍പ്പെടുന്ന കിഴക്കൻ ബെംഗളൂരു ആണ് ഏറ്റവും തിരക്കേറിയ മേഖലകള്‍; ഇവിടെയാണ് മിക്ക മേല്‍പ്പാലങ്ങളും കാല്നടയാത്രാ സൗകര്യങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നതാണ് ശ്രദ്ധേയമായ കാര്യം.നിർദ്ദേശങ്ങള്‍ ട്രാഫിക് സാന്ദ്രത, അപകടനിരക്ക്, ജംഗ്ഷൻ പ്രകടനം തുടങ്ങിയ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ് ഇടപെടലുകളുടെയും ഗതാഗത പരിഷ്കരണങ്ങളുടെയും ഒരു സമന്വയമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ അറിയിച്ചു. വരും കാലത്തിന് കൂടി പ്രയോജനപ്പെടുത്തുന്ന മാറ്റങ്ങളാണ് പട്ടികയില്‍ ഏറെയും.
മാറ്റങ്ങള്‍ എവിടെയൊക്കെ?
ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കണമെങ്കില്‍ സിഗ്നല്‍ രഹിത ഇടനാഴികള്‍, തടസ്സങ്ങള്‍ നീക്കം ചെയ്യല്‍, കാല്നടയാത്രാ സുരക്ഷാ നടപടികള്‍ എന്നിവ കൂടിയേ തീരു. ഓഡിറ്റ് പ്രകാരം, ഹെബ്ബാള്‍, സാരക്കി സർക്കിള്‍, ബന്നാർഘട്ട റോഡ് (ഡാല്‍മിയ ജംഗ്ഷൻ) ഉള്‍പ്പെടെ 25 പ്രധാന ജംഗ്ഷനുകളില്‍ അടിപ്പാതകളോ ഗ്രേഡ് സെപ്പറേറ്ററുകളോ വഴി സിഗ്നല്‍ രഹിത ഗതാഗതം നടപ്പാക്കും.വർത്തുർ കോടി, ദൊമ്മസന്ദ്ര, ഗുഞ്ചൂർ, എച്ച്എഎല്‍ ഓള്‍ഡ് എയർപോർട്ട് റോഡ്, യെലഹങ്ക എന്നിവിടങ്ങളിലെ പ്രധാന കവലകളില്‍ മേല്‍പ്പാലങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. ഹോസൂർ റോഡ്, ഓള്‍ഡ് മദ്രാസ് റോഡ്, മൈസൂരു റോഡ്, കനകപുര റോഡ്, ദേശീയപാത 44 ജംഗ്ഷനുകള്‍ എന്നിവിടങ്ങളിലെ അപകടകരമായ ഇടനാഴികളില്‍ 101 ആകാശപാതകള്‍ക്ക് മുൻഗണന നല്‍കിയിട്ടുണ്ട്; ഇവിടെയാണ് ഉയർന്ന കാല്‍നടയാത്രക്കാരുടെ മരണങ്ങള് രേഖപ്പെടുത്തിയിട്ടുള്ളത്.ലഭ്യമായ വിവരം അനുസരിച്ച് 2340 സ്ഥലങ്ങളില്‍ ട്രാഫിക് സൈൻബോർഡുകള്‍ സ്ഥാപിക്കും, ഇത് എല്ലാ വിഭാഗങ്ങളിലും ഏറ്റവും ഉയർന്നതായിരിക്കും. ദുർബലമായ ലൈൻ അച്ചടക്കവും വഴിയിലെ ദിശാസൂചനകളുടെ അഭാവവും പരിഹരിക്കാൻ 707 സ്ഥലങ്ങളില്‍ തെർമോപ്ലാസ്റ്റിക് റോഡ് മാർക്കിംഗുകളും ആവശ്യമാണ്.
കൂടാതെ, 103 ബസ് സ്റ്റോപ്പുകള്‍ ജംഗ്ഷനുകളില്‍ നിന്ന് മാറ്റി സ്ഥാപിക്കാനും ട്രാഫിക്ക് തടസങ്ങള്‍ ഒഴിവാക്കാൻ 63 പ്രത്യേക ബസ് ബേകള്‍ നിർമ്മിക്കാനും ഓഡിറ്റില്‍ പറയുന്നു. മോശം രൂപകല്‍പ്പനയുള്ള 84 സ്പീഡ് ബ്രേക്കറുകള്‍ നീക്കം ചെയ്യാനും സുരക്ഷ-75 പദ്ധതിക്ക് കീഴില്‍ 75 അപകടസാധ്യതയുള്ള ജംഗ്ഷനുകളില്‍ സുരക്ഷാ മെച്ചപ്പെടുത്തലുകള്‍ വരുത്താനും നിർദ്ദേശങ്ങളുണ്ട്.ഇതിന് പുറമേ കെട്ടിക്കിടക്കുന്ന വെള്ളം റോഡുകളെ നശിപ്പിക്കുകയും വാഹനങ്ങളുടെ വേഗത കുറയ്ക്കുകയും ചെയ്യുന്നതിനാല്‍ പ്രധാന റോഡുകളില്‍ ഗതാഗതക്കുരുക്ക് വർധിക്കുമെന്നത് പോലീസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. റോഡ് രൂപകല്‍പ്പനയും ഡ്രെയിനേജ് സംവിധാനങ്ങളും തമ്മിലുള്ള ഏകോപനനം ആവശ്യമാണ് എന്നാണ് പോലീസ് റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.