ബെംഗളൂരു: ബെംഗളൂരു- ഹൈദരാബാദ് വന്ദേഭാരത് എക്സപ്രസ് അടുത്തയാഴ്ച സർവീസ് തുടങ്ങിയേക്കും. ഓഗസ്റ്റ് അവസാനവാരത്തോടെ സർവീസ് തുടങ്ങാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് റെയിൽവേയധികൃതർ അറിയിച്ചു. തീവണ്ടി ഓടിത്തുടങ്ങുന്നതോടെ ബെംഗളൂരുവിൽനിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാസമയം ഏഴുമണിക്കൂറായി ചുരുങ്ങും. സാധാരണ തീവണ്ടികളിൽ ഒമ്പതര മുതൽ പത്തര മണിക്കൂർ വരെയാണ് ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലെത്താൻ ആവശ്യമായ സമയം.കർണാടകത്തിലെ മൂന്നാമത്തെ വന്ദേഭാരത് എക്സ്‌പ്രസാണിത്. നിലവിൽ ചെന്നൈ- ബെംഗളൂരു- മൈസൂരു, ബെംഗളൂരു – ഹുബ്ബള്ളി എന്നീ റൂട്ടുകളിൽ വന്ദേഭാരത് സർവീസുകൾ നടത്തുന്നുണ്ട്.
യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് ഈ തീവണ്ടികൾക്ക് ലഭിക്കുന്നത്. ഐ.ടി. നഗരമായ ബെംഗളൂരുവിൽ നിന്ന് മറ്റൊരു ഐ.ടി. നഗരമായ ഹൈദരാബാദിലേക്കും വന്ദേഭാരത് സർവീസ് തുടങ്ങുന്നതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന യാത്രക്കാർക്കും ഏറെ ഗുണകരമാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.നിലവിൽ ബെംഗളൂരു യശ്വന്തപുര, ധർമവാരം, ധോൻ, കർണൂൽ സിറ്റി, ഗഡ്‌വാൾ ജങ്‌ഷൻ, മെഹബൂബ് നഗർ, ഷാദ് നഗർ, ഹൈദരാബാദ് കെച്ചെഗുഡ എന്നിവിടങ്ങളിലാണ് തീവണ്ടിക്ക് സ്റ്റോപ്പുകൾ നിശ്ചയിച്ചിരിക്കുന്നത്.
സേദം, റായ്ച്ചൂർ ജങ്‌ഷൻ എന്നിവിടങ്ങളിലും സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.വന്ദേഭാരത് എക്സ്‌പ്രസിന്റെ സമയക്രമം സംബന്ധിച്ച് വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകുമെന്നും റെയിൽവേയധികൃതർ അറിയിച്ചു.
വിമാന യാത്രയ്ക്കിടെ വയോധികന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു; രണ്ട് ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ
മുംബൈയില്‍ നിന്ന് റാഞ്ചിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ വയോധികൻ രക്തം ഛര്‍ദ്ദിച്ച് മരിച്ചു. കഴിഞ്ഞ ദിവസമാണ് അറുപത്തിരണ്ടുകാരൻ ഇന്റിഗോ വിമാനത്തില്‍ രക്തം ഛര്‍ദിച്ച് മരിച്ചത്.വിമാനം തൊട്ടടുത്ത വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കിയെങ്കിലും യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല.മുംബൈ – റാഞ്ചി യാത്രയ്ക്കിടെ നാഗ്പൂര്‍ വിമാനത്താവളത്തിലായിരുന്നു എമര്‍ജന്‍സി ലാന്‍ഡിങ്. നേരത്തെ വിവരമറിയിച്ചത് അനുസരിച്ച് മെഡിക്കല്‍ സംഘം വിമാനത്താവളത്തില്‍ കാത്തിരുന്നു. യാത്രക്കാരന് ക്ഷയ രോഗവും ഗുരുതരമായ വൃക്ക രോഗവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വിമാനത്തില്‍ വെച്ച് വലിയ അളവില്‍ രക്തം ഛര്‍ദിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് തുടര്‍ നടപടികള്‍ക്കായി മൃതദേഹം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.രണ്ട് ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് നാഗ്പൂര്‍ വിമാനത്താവളത്തില്‍ ഇത്തരത്തിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞയാഴ്ച ഇന്റിഗോ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്ന 40 വയസുകാരന്‍ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ വെച്ച് മരണപ്പെട്ടിരുന്നു. നാഗ്പൂരില്‍ നിന്ന് പൂനെയിലേക്കുള്ള വിമാനം പറത്തുന്നതിനായി കാത്തിരുന്നതിനിടെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ പൈലറ്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്ബ് മരണം സംഭവിച്ചിരുന്നു.