ബാംഗ്ലൂർ : കഫേകളിലും ഹോട്ടലുകളിലുമൊക്കെ പോകുന്നതിന് പിന്നില്‍ ഭക്ഷണം കഴിക്കല്‍ മാത്രമായിരിക്കില്ല പലരുടേയും ഉദ്ദേശം. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സമാധാനത്തോടെ ഇരുന്ന് സംസാരിക്കാനൊക്കെയുള്ള സ്ഥലം കൂടിയായിരിക്കും അവർക്ക് അത്.ചിലരാണെങ്കില്‍ സംസാരിച്ച് മണിക്കൂറുകളോളം അവിടെ തന്നെ ഇരിക്കും. എന്നാല്‍ ഇത്തരക്കാർക്ക് പണികൊടുക്കാൻ ഒരുങ്ങുകയാണ് ബെംഗളൂരുവിലെ ഹോട്ടലുകള്‍. അതായത് കുറഞ്ഞ ഓർഡറുകള്‍ നല്‍കി ദീർഘനേരം സീറ്റുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് “ടേബിള്‍ ചാർജുകള്‍” ഏർപ്പെടുത്താനാണ് നീക്കം. വരുമാന നഷ്ടം, പരിമിതമായ ഇരിപ്പിടങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹോട്ടല്‍ ഉടമകള്‍ ഇങ്ങനെയൊരു നീക്കം പരിഗണിക്കുന്നത്. ബെംഗളൂരു ഹോട്ടല്‍ ഉടമകളുടെ അസോസിയേഷനിലാണ് ഈ നിർദ്ദേശം ചർച്ച ചെയ്യുന്നത്.ഒരു കപ്പ് ചായ, കാപ്പി അല്ലെങ്കില്‍ ലഘുഭക്ഷണം മാത്രം ഓർഡർ ചെയ്ത് മണിക്കൂറുകളോളം ഇരിക്കുന്ന ഉപഭോക്താക്കളെക്കുറിച്ച് നിരവധി അംഗങ്ങള്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ പറയുന്നു. തിരക്കേറിയ സമയങ്ങളില്‍ ദീർഘനേരം ഒരു സീറ്റ് കൈവശപ്പെടുത്തുന്നത് കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് അവസരം ഇല്ലാതാക്കുകയും വരുമാനം കുറയ്ക്കുകയും ചെയ്യും.
ഇത് ഹോട്ടല്‍ ബിസിനസിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.പരിമിതമായ സ്ഥലത്തും കുറഞ്ഞ ലാഭത്തിലും പ്രവർത്തിക്കുന്ന ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയാണ് ഈ സാഹചര്യം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പലപ്പോഴും ഗ്രൂപ്പുകള്‍ ഹോട്ടല്‍ പരിസരം അനൗപചാരിക മീറ്റിംഗ് സ്ഥലങ്ങളായി ഉപയോഗിക്കാറുണ്ട്. അധിക ഓർഡറുകളൊന്നും നല്‍കാതെ ഏറെ നേരം ടേബിളുകള്‍ കയ്യടക്കുന്നത് വ്യാപാരത്തെ തടസ്സപ്പെടുത്തുന്നു. തിരക്കേറിയ വാണിജ്യ മേഖലകളില്‍ ഇത് ഒരു പ്രധാന പ്രശ്നമാണെന്ന് ഇവർ പരാതിപ്പെട്ടു.കുറഞ്ഞ പർച്ചേസുകളുമായി ദീർഘനേരം ഇരിക്കുന്ന ഉപഭോക്താക്കള്‍ക്ക് പാർക്കിംഗ് ഫീസിന് സമാനമായ ടേബിള്‍ ഉപയോഗ ഫീസ് എന്ന ആശയമാണ് അസോസിയേഷൻ അംഗങ്ങള്‍ പരിഗണിക്കുന്നത്. ടേബിളുകള്‍ക്ക് കൃത്യമായ റൊട്ടേഷൻ ഉറപ്പാക്കാനും യഥാർത്ഥ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാതെ ദൈനംദിന വരുമാനം സംരക്ഷിക്കാനും ഇത് സഹായിക്കുമെന്നും അവർ വാദിക്കുന്നു.ഈ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് നിരവധി ഹോട്ടല്‍ ഉടമകള്‍ സംഘടനയ്ക്ക് ഔപചാരിക പരാതികള്‍ സമർപ്പിച്ചിട്ടുണ്ട്. ഈ നിർദ്ദേശം പ്രാഥമിക ഘട്ടത്തിലാണുള്ളത്. നിയമപരമായ വ്യവസ്ഥകളെക്കുറിച്ച് വ്യക്തത ലഭിക്കുന്നതിനും നഗരത്തിലുടനീളം ഏകീകൃതമായി ഇത് നടപ്പിലാക്കുന്നതിനും അസോസിയേഷൻ കർണാടക സർക്കാരിനെ സമീപിക്കാനാണ് നീക്കം.കാഷ്വല്‍ സന്ദർശകരെ നിരുത്സാഹപ്പെടുത്തുകയല്ല, മറിച്ച് ഉപഭോക്താക്കളുടെ സൗകര്യവും സുസ്ഥിരമായ ബിസിനസ്സ് പ്രവർത്തനങ്ങളും തമ്മില്‍ തുലനം കണ്ടെത്തുക എന്നതാണെന്ന് തങ്ങള്‍ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ഡൈനിംഗ് സ്പേസുകള്‍ക്ക് വലിയ ഡിമാൻഡുള്ള നഗരത്തില്‍ ഇത് അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.