ബെംഗളൂരു: നഗരത്തിലെ 226 ഇടങ്ങളിൽ വെള്ളപ്പൊക്കസാധ്യതയെന്ന് സംസ്ഥാന പ്രകൃതിദുരന്ത നിരീക്ഷണകേന്ദ്രത്തിന്റെ (കെ.എസ്.എൻ.ഡി.എം.സി.) റിപ്പോർട്ട്. 70 മില്ലി മീറ്റർ മഴ പെയ്താൽ വെള്ളത്തിനടിയിലാകുന്ന പ്രദേശങ്ങളുടെ റിപ്പോർട്ട് കെ.എസ്.ഡി.എം.സി. ബെംഗളൂരു കോർപ്പറേഷന് കൈമാറി. റിപ്പോർട്ടനുസരിച്ച് ബെംഗളൂരു ഈസ്റ്റിലാണ് ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളുള്ളത്- 61 എണ്ണം. വെസ്റ്റിലും സൗത്തിലും ഇത്തരം 40 വീതം ഇടങ്ങളുണ്ട്.
മഹാദേവപുര, ബൊമ്മനഹള്ളി എന്നിവിടങ്ങളിൽ 24 വീതവും യെലഹങ്കയിൽ 14, ആർ.ആർ. നഗറിൽ 23, ദാസറഹള്ളിയിൽ മൂന്ന് വെള്ളപ്പൊക്ക സാധ്യതാകേന്ദ്രങ്ങളുമാണുള്ളത്.മഴവെള്ളം ഒഴുകിപ്പോകാനുള്ള കനാലുകൾ മാലിന്യംനിറഞ്ഞ് തടസ്സപ്പെട്ടതും അനധികൃത നിർമാണങ്ങളുമാണ് വെള്ളപ്പൊക്കമുണ്ടാകാനുള്ള പ്രധാനകാരണങ്ങളായി വിലയിരുത്തുന്നത്. ഒട്ടേറെ പ്രദേശങ്ങളിൽ ഇത്തരം കനാലുകൾ സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടുമുണ്ട്.
മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളില്ലാത്തതിനാൽ ചെറുമഴയിൽപ്പോലും വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യമാണ് നഗരത്തിലുള്ളത്.കഴിഞ്ഞ ഓഗസ്റ്റിൽ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിനുശേഷം അഴുക്കുചാലുകളും കനാലുകളും കൈയേറിയുള്ള അനധികൃത നിർമിതികൾ ഒഴിപ്പിക്കാൻ ബി.ബി.എം.പി. പദ്ധതി തയ്യാറാക്കിയിരുന്നു.
ആദ്യഘട്ടത്തിൽ ഒഴിപ്പിക്കൽ നടപടികൾ കാര്യക്ഷമമായിരുന്നെങ്കിലും പിന്നീട് കെട്ടിടമുടമകൾ കോടതിയെ സമീപിച്ചതോടെ ഒഴിപ്പിക്കൽ പാതിവഴിയിൽ നിലച്ചു.സാധാരണയായി മഴക്കാലം തുടങ്ങുന്നതിനുമുമ്പ് അഴുക്കുചാലുകളും കനാലുകളും ബി.ബി.എം.പി. വൃത്തിയാക്കാറുണ്ട്. ഇത്തവണ തിരഞ്ഞെടുപ്പിനെത്തുടർന്ന് അതു നടന്നിട്ടില്ല. ഇതോടെ മഴക്കാലത്ത് നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതയേറെയാണെന്ന ആശങ്ക ശക്തമാണ്.
കഴിഞ്ഞ ഞായറാഴ്ച വേനൽമഴയിൽ വെള്ളം നിറഞ്ഞ കെ.ആർ. സർക്കിൾ അടിപ്പാതയിൽ കാർ മുങ്ങി ഐ.ടി. ജീവനക്കാരി മരിച്ചിരുന്നു. ഇതേദിവസം തന്നെ കെംപാപുര അഗ്രഹാരയിൽ അഴുക്കുചാലിൽ വീണ് മറ്റൊരു യുവാവും മരിച്ചു. വെള്ളപ്പൊക്കമുന്നൊരുക്കം നടത്താത്ത ബി.ബി.എം.പി.ക്കെതിരേ വ്യാപക പ്രതിഷേധമാണുയർന്നത്. അതേസമയം, വെള്ളപ്പൊക്കമുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അതത് മേഖലകളിലെ എൻജിനിയർമാർക്ക് നിർദേശം നൽകിയതായി ബി.ബി.എം.പി. കമ്മിഷർ തുഷാർ ഗിരിനാഥ് അറിയിച്ചു.
ഭര്‍ത്താവിന്റെ മരണം സഹിക്കാന്‍ കഴിഞ്ഞില്ല: ഭാര്യ ജീവനൊടുക്കി
ഭര്‍ത്താവിന്റെ മരണം സഹിക്കാൻ കഴിയാതെ ഭാര്യ ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം നടന്നത്. ബാഗ് ആംബര്‍പേട്ടിലെ ഡിസി കോളനിയിലെ സഹിതി ആണ് മരിച്ചത്.മരണപ്പെട്ട ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെയാണ് ഇവര്‍ ആത്മഹത്യ ചെയ്തത്.ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം യുവതിയെ മാതാപിതാക്കള്‍ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഭര്‍ത്താവിന്റെ വേര്‍പാടിന് പിന്നാലെ സഹിതി മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു.
സഹോദരി പുറത്തുപോയ സമയത്താണ് സഹിതി ആത്മഹത്യ ചെയ്തത്. ഫാനില്‍ തൂങ്ങിയ സഹിതിയെ കണ്ട വീട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.