ബെംഗളൂരു: വേനല്ക്കാലത്തു പോലും തണുത്തു വിറയ്ക്കുന്ന ഒരു കാലം ബെംഗളൂരുവിനുണ്ടായിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരും രാജഭരണാധികാരികളുമെല്ലാം ബെംഗളൂരുവിനെ വേനല്‍ക്കാല വസതിയാക്കിയിരുന്ന കാലം.എന്നാല്‍ അടുത്തകാലത്തായി ഈ ഗുണം നഗരത്തിന് നഷ്ടമായിരിക്കുന്നു. വിവിധ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മരങ്ങളെല്ലാം വെട്ടിത്തീർത്തു. തടാകങ്ങള്‍ നിറഞ്ഞിരുന്ന നഗരത്തില്‍ ഇപ്പോള്‍ അവയുടെ എണ്ണം നന്നെ കുറഞ്ഞു. ഇതിനെല്ലാം പുറമെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള ചൂട് കാലാവസ്ഥയും. ചുരുക്കത്തില്‍ ബെംഗളൂരു ഇന്ന് പണ്ടത്തെപ്പോലെ കുളിരുന്നില്ല. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുകയാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. ഇതിനായി ഒരു പൈലറ്റ് പദ്ധതി ആരംഭിച്ചിട്ടുണ്ട്.നഗരത്തിലെ ചൂട് കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള ഗ്രീൻ കവർ സൃഷ്ടിക്കുക എന്നതാണ് പദ്ധതി.
മരങ്ങള്‍ വെച്ചു പിടിപ്പിച്ച് നഗരത്തെ പഴയപോലെ തണലുകളുള്ള ഇടമാക്കി മാറ്റും. ഇതിനു പുറമെ കൂള്‍ റൂഫുകള്‍ നിർമിക്കും. വീടുകളുടെയും കെട്ടിടങ്ങളുടെയുമെല്ലാം മേല്‍ക്കൂരകള്‍ ചൂടാകുന്നത് കുറയ്ക്കുന്നതിനുള്ള പെയിന്റ് കോട്ടിങ് അടക്കമുള്ളവ നിർദ്ദേശിക്കുകയും നടപ്പാക്കുകയും ചെയ്യും. ഇതിനുപുറമെ ചൂട് കൂടിയ നഗരമേഖലകളില്‍ ആളുകള്‍ക്ക് കയറി നില്ക്കാൻ ആവശ്യമായ തണലിടങ്ങള് നിർമിക്കും. ഇതിനു വേണ്ടി വാർഡ് തലത്തിലുള്ള കാലാവസ്ഥാ മാപ്പിംഗ് നടത്തിയിട്ടുണ്ട് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. നിലവില്‍ അഞ്ച് വാർഡുകളിലാണ് ചൂട് കുറയ്ക്കുന്നതിനുള്ള പൈലറ്റ് ആരംഭിച്ചിരിക്കുന്നത്. ഇത് വിജയകരമായാല്‍ കൂടുതല്‍ വാർഡുകളിലേക്ക് വ്യാപിപ്പിക്കും.നഗരത്തിലെ ഏറ്റവും ഉയർന്ന ചൂടുള്ള അഞ്ച് വാർഡുകളെയാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി മോഡല്‍ വാർഡുകളായി തിരഞ്ഞെടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥർ നേരിട്ടെത്തി വീടുകള്‍, സ്കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സർക്കാർ കെട്ടിടങ്ങള്‍ എന്നിവ സന്ദർശിച്ച് താപനില കൂടുന്നതിന്റെ കാരണങ്ങള്‍ രേഖപ്പെടുത്തി. ഓരോ വാർഡിലെയും താപമേഖലകള്‍ ഈ സർവേയിലൂടെ തിരിച്ചറിയും. ഇടുങ്ങിയ പാതകള്‍, ഇടതൂർന്ന നിർമ്മിതി പ്രദേശങ്ങള്‍, തണലില്ലാത്ത സ്ഥലങ്ങള്‍, മോശം ഡ്രെയിനേജ് സൗകര്യങ്ങളുള്ള സ്ഥലങ്ങള്‍, തുറസ്സുകളില്ലാത്ത സ്ഥലങ്ങള്‍ തുടങ്ങിയവ ഈ ഉദ്യോഗസ്ഥർ പരിശോധിച്ചു.
ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച് പൊതുജനാഭിപ്രായം ശേഖരിക്കുകയും ചെയ്തു.ജനങ്ങളെ ബോധവല്‍ക്കരിച്ചാല്‍ തന്നെ പല മാറ്റങ്ങളും കൊണ്ടു വരാൻ സാധിക്കുമെന്നാണ് നഗര അധികാരികള്‍ കരുതുന്നത്. റൂഫിനു മുകളിലെ പെയിന്റ് മുതല്‍ക്ക് നിരവധി കാര്യങ്ങളില്‍ ഇത്തരത്തില്‍ മാറ്റം കൊണ്ടുവരാൻ കഴിയും. ചൂട് പിടിച്ചെടുക്കുന്ന വസ്തുക്കളുപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങള്‍ കുറയ്ക്കുക എന്നത് ഒരു ലക്ഷ്യമാണ്.ബെംഗളുരു നഗരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് അവിടുത്തെ തണുത്ത കാലാവസ്ഥ. ഏത് വേനലിലും കുളിരുള്ള ഒരു കാലാവസ്ഥ ഈ നഗരം വാഗ്ദാനം ചെയ്യുന്നു. നഗരത്തിന്റെ കാലാവസ്ഥയില്‍ മാറ്റം വരുന്നത് അവിടുത്തെ ബിസിനസ്സുകളെയും ബാധിക്കുന്ന ഒരു കാര്യമാണ്. തൊട്ടടുത്ത നഗരമായ ഹൊസൂരിനെ തമിഴ്നാട് സർക്കാർ ബെംഗളൂരുവിനെ പോലെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നുണ്ട്. നിലവില്‍ ഹൊസൂരില്‍ പഴയ ബെംഗളൂരുവിലെ കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്. കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളും വൻ കമ്ബനികളും ഈ പുതിയ മേഖലയെ തെരഞ്ഞെടുക്കാനിടയായാല് ബെംഗളൂരുവിന് ഭീഷണിയായി മാറും.