
ബെംഗളൂരു ഗോരഗുണ്ഡപാളയ, നാഗസന്ദ മേൽപാലങ്ങൾ അടച്ചതോടെ മെട്രോ ഗ്രീൻ ലൈനിലെ ഈ ഭാഗത്തെ സ്റ്റേഷനുകളിൽ വൻ തിരക്ക്. ബെംഗളൂരു – തുമക്കുരു ദേശീയപാത 4ന്റെ ഭാഗമായ മേൽപാലങ്ങളാണ് അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ ശനിയാഴ്ച അടച്ചിട്ടത്. ഇതോടെ തുമക്കുരു റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാലാണ് പലരും സ്വകാര്യ വാഹനങ്ങളിലെ യാത്ര ഒഴിവാക്കി മെട്രോയെ ആശ്രയിക്കാൻ തുടങ്ങിയത്.
യാത്രക്കാരുടെ തിരക്കേറിയതോടെ ഇവിടത്തെ മെട്രോ സ്റ്റേഷനുകളുടെ പ്രവേശനകവാടങ്ങളിൽ കൂടുതൽ ബാഗേജ് സ്കാനറുകൾ സ്ഥാപിച്ചു. നാഗസന്ദ മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള ഗ്രീൻ ലൈനിൽ പ്രവൃത്തിദിവസങ്ങളിൽ ജാലഹള്ളി, യശ്വന്ത്പുര, രാജാജിനഗർ, മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനുകളിലാണ് തിരക്ക് കൂടുതൽ. മേൽപാലങ്ങൾ അടച്ചതോടെ യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരും മെട്രോ സർവീസിനെ കൂടുതലായി ആശ്രയിച്ച് തുടങ്ങിയിട്ടുണ്ട്.