Home Featured ബംഗളൂരു: ചാമുണ്ഡി ഹില്‍സ് റോപ് വേ പദ്ധതിക്കെതിരെ പരിസ്ഥിതി സ്നേഹികള്‍

ബംഗളൂരു: ചാമുണ്ഡി ഹില്‍സ് റോപ് വേ പദ്ധതിക്കെതിരെ പരിസ്ഥിതി സ്നേഹികള്‍

ബംഗളൂരു: ചാമുണ്ഡി ഹില്‍സ് റോപ് വേ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ചാമുണ്ഡി ബെട്ട ഉളിസി സമിതി രംഗത്ത്.ചരിത്ര പ്രാധാന്യമുള്ള ചാമുണ്ഡി മലയെയും പാരമ്ബര്യത്തെയും വിനോദസഞ്ചാര വികസനത്തിന്‍റെ പേരില്‍ നശിപ്പിക്കരുതെന്നാണ് സമിതിയുടെ ആവശ്യം. പരിസ്ഥിതി സ്നേഹികളും സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമെല്ലാം നേതൃത്വം നല്‍കുന്നതാണ് ചാമുണ്ഡി ബെട്ട ഉളിസി സമിതി. പദ്ധതിക്കെതിരെ മൈസൂരു-കുടക് എം.പി പ്രതാപ് സിംഹയും രംഗത്തുവന്നിരുന്നു. പദ്ധതി നടപ്പാക്കരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പല്ലാതെ പദ്ധതിക്ക് മറ്റു തടസ്സങ്ങളില്ലെന്ന് മുമ്ബ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.

ചാമുണ്ഡി മലവാരത്തിന്‍റെ പാരിസ്ഥിതിക പ്രാധാന്യം സംബന്ധിച്ച്‌ മൈസൂരുവിലെ ഹോട്ടല്‍ ഉടമകള്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്ന് പരിസര ബളഗ അംഗം പരശുരാമ ഗൗഡ പറഞ്ഞു. രാമകൃഷണ ഹെഗ്ഡെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1980കളിലാണ് ആദ്യം ഈ പദ്ധതി അവതരിപ്പിക്കപ്പെടുന്നതെന്നും പിന്നീട് 2012ല്‍ പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (പി.സി.സി.എഫ്) ഈ പദ്ധതിക്കെതിരായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതായും ചാമുണ്ഡി ബെട്ട ഉളിസി സമിതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പദ്ധതിക്കെതിരായ കാമ്ബയിൻ നയിച്ചുവരുകയാണ് സമിതി. ഫെബ്രുവരി മുതല്‍ വിവിധ ബോധവത്കരണ പ്രചാരണ പരിപാടികളും നടത്തുന്നുണ്ട്. കാമ്ബയിനിന്‍റെ ഭാഗമായി ഓണ്‍ലൈനായി 70,000 പേരുടെ ഒപ്പ് ശേഖരിച്ചു കഴിഞ്ഞു.

മൈസൂരു രാജകുടുംബാംഗം പ്രമോദ ദേവിയടക്കമുള്ളവര്‍ സമിതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.ഡല്‍ഹിയും ആഗ്രയും കഴിഞ്ഞാല്‍ കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്ന ഇടമാണ് മൈസൂരു എന്നും ചാമുണ്ഡി ഹില്‍സിന്‍റെ പ്രകൃതിസൗന്ദര്യം നിലനിര്‍ത്തേണ്ടതുണ്ടെന്നും എഴുത്തുകാരനായ പ്രഫ. കാലെഗൗഡ നാഗ്‍വാര പറഞ്ഞു. തങ്ങള്‍ ടൂറിസം വികസനത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍, ടൂറിസം വികസനത്തിന്‍റെ പേരില്‍ നശീകരണ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പ്രഫ. എൻ.എസ്. രംഗരാജു വ്യക്തമാക്കി. ചാമുണ്ഡി ഹില്‍സില്‍ റോപ് വേ പദ്ധതി ആവശ്യമില്ലെന്നും എന്നാല്‍, ഇത്തരത്തില്‍ ചരിത്ര- പാരമ്ബര്യ പ്രാധാന്യമില്ലാത്ത ടൂറിസ്റ്റുകള്‍ക്കായി തുമകുരുവിലെ മധുഗിരി ഹില്‍സില്‍ റോപ് വേ പദ്ധതി സര്‍ക്കാറിന് നടപ്പാക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കര്‍ണാടക സര്‍ക്കാര്‍ 2022-23 ബജറ്റില്‍ പ്രഖ്യാപിച്ച 15 റോപ് വേകളില്‍ പ്രധാനപ്പെട്ടതാണ് ചാമുണ്ഡി ഹില്‍സിലേത്. ചാമുണ്ഡി മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങളേയും വിനോദസഞ്ചാരികളേയും ഉന്നമിട്ടാണ് റോപ് വേ പദ്ധതി വിഭാവനം ചെയ്തത്.

ചിക്കമംഗളൂരു ജില്ലയിലെ മുല്ലയാനഗിരി, കെമ്മനഗുഡി, ശിവമൊഗ്ഗ ജില്ലയില്‍ സാഗറിലെ ജോഗ് വെള്ളച്ചാട്ടം, ചിക്കബല്ലാപൂര്‍ ജില്ലയിലെ നന്ദി ഹില്‍സ്, ഉഡുപ്പി ജില്ലയിലെ കുടജാദ്രി ഹില്‍സ്, തുമകൂരു ജില്ലയിലെ ദേവരായന ദുര്‍ഗ, മധുഗിരി കോട്ട, കൊപ്പല്‍ ജില്ലയിലെ അഞ്ജനാദ്രി ഹില്‍സ്, ഉത്തര കന്നട ജില്ലയിലെ ചപേലി, ജോയ്ഡ, യാന, കുടക് ജില്ലയിലെ കുമാര പര്‍വതം എന്നിവ റോപ് വേകള്‍ ആസൂത്രണം ചെയ്ത മറ്റു പ്രദേശങ്ങളില്‍പെടും.റോപ് വേ പദ്ധതിക്ക് മൈസൂരുവിലെ ഹോട്ടല്‍ ഉടമകള്‍ അനുകൂലമാണെന്ന് സംഘടന പ്രസിഡന്‍റ് സി. നാരായണ ഗൗഡ പറഞ്ഞു.

പരിസ്ഥിതിക്ക് കോട്ടം തട്ടാതെ രാജ്യത്തിന്‍റെ പലഭാഗത്തും പണിത റോപ് വേകള്‍ മാതൃകയാക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ പരിസ്ഥിതി വാദികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താൻ സന്നദ്ധമാവണമെന്നാണ് അവരുടെ ആവശ്യം. കഴിഞ്ഞ ബി.ജെ.പി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പദ്ധതി നടപ്പാക്കാൻ ആലോചിച്ചിരുന്നെങ്കിലും കുടക്-മൈസൂരു എം.പിയും ബി.ജെ.പി നേതാവുമായ പ്രതാപ് സിംഹ എതിര്‍പ്പുമായി രംഗത്ത് വന്നതോടെ പിന്മാറി. മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റില്‍ ചാമുണ്ഡി ഹില്‍സ് വികസന അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്‍റെ ഘടനയും പദ്ധതി വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group