സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും മികച്ച ഇന്ത്യന്‍ നഗരമായി ബെംഗളൂരൂ. ചെന്നൈയെ പിന്തള്ളിയാണ് ബെംഗളൂരു ഒന്നാം സ്ഥാനത്ത് എത്തിയത്. വനിതാ പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും സുരക്ഷിതവും അനുയോജ്യവുമായ അന്തരീക്ഷമാണ് ബെംഗളൂരുവിലേതെന്നാണ് കണ്ടെത്തല്‍. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അവ്താര്‍ ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ സ്ത്രീകള്‍ക്കായുള്ള മികച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. മികച്ച 25 നഗരങ്ങളാണ് ഈ പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍ ഇടം നേടിയത്.
സ്ത്രീകളുടെ നൈപുണ്യ വികസനം, തൊഴിലവസരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പിന്തുണ തുടങ്ങിയ മേഖലകളിലുള്ള ഉയര്‍ന്ന സ്‌കോറാണ് ബെംഗളൂരുവിന് അനുകൂലമായി മാറിയത്. ഇന്ത്യയിലെ 120 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടന്നത്. ഓരോ നഗരത്തിനും അതിന്റെ അടിസ്ഥാനത്തില്‍ സ്‌കോറുകളും നല്‍കി. ബെംഗളൂരുവിന് ശേഷം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത് ചെന്നൈയും മുംബൈയുമാണ്. കൊച്ചി പതിനൊന്നാമതും തിരുവനന്തപുരം പതിമൂന്നാമതുമായാണ് പട്ടികയില്‍ ഇടം നേടിയത്. സുരക്ഷാമാനദണ്ഡങ്ങളുടെ കാര്യത്തില്‍ മുംബൈയും ഹൈദരാബാദുമാണ് മുന്നില്‍.
നാഷണല്‍ ഈസ് ഓഫ് ലിവിംഗ് റിപ്പോര്‍ട്ട്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ, സ്ഥിതിവിവരക്കണക്കുകള്‍, ആനുകാലിക ലേബര്‍ ഫോഴ്‌സ് സര്‍വ്വേ, ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ എന്നിവയിലുള്‍പ്പടെ വിവിധ റിപ്പോര്‍ട്ടുകളുടെ ഔദ്യോഗിക ഡേറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്.
അന്യ സ്‌ത്രീകളെ സ്‌പര്‍ശിക്കില്ല; വൈശാലിയുടെ ഹസ്‌തദാനം നിരസിച്ച് ഉസ്‌ബക്ക് ഗ്രാന്‍ഡ് മാസ്റ്റര്‍, വിമര്‍ശനത്തിന് പിന്നാലെ ക്ഷമാപണം
ഇന്ത്യന്‍ ചെസ് താരം ആര്‍ വൈശാലിയുടെ ഹസ്‌തദാനം നിരസിച്ച് ഉസ്‌ബക്കിസ്ഥാന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ നോദിര്‍ബെക് യാക്കൂബോവ്. ടാറ്റ സ്റ്റീല്‍ ചെസ് ടൂര്‍ണമെന്‍റ് വേദിയിലായിരുന്നു സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ യാക്കൂബോവിന് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇതോടെ വിശദീകരണവുമായി യാക്കൂബോവ് രംഗത്തുവരികയും ചെയ്‌തു. വൈശാലിയോട് അനാദരവൊന്നും താന്‍ ഉദ്ദേശിച്ചില്ലെന്നും തികച്ചും മതപരമായ കാരണങ്ങള്‍ കൊണ്ടാണ് താന്‍ ഹസ്‌തദാനം ചെയ്യാതിരുന്നത് എന്നും ഉസ്‌ബക്ക് ഗ്രാന്‍ഡ് മാസ്റ്റര്‍ പറഞ്ഞു. ‘പ്രിയപ്പെട്ട ചെസ് സുഹൃത്തുക്കളെ, വൈശാലിയുമായി നടന്ന മത്സരത്തിന് മുന്നേ സംഭവിച്ച കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നുണ്ട്. എല്ലാ സ്‌ത്രീകളോടും ഇന്ത്യന്‍ ചെസ് കളിക്കാരോടുമുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ, മതപരമായ കാരണങ്ങളാല്‍ ഞാന്‍ മറ്റു സ്‌ത്രീകളെ സ്‌പര്‍ശിക്കാറില്ല’ -യാക്കൂബോവ് എക്‌സില്‍ കുറിച്ചു.
ഇന്ത്യയിലെ രണ്ട് ശക്തരായ ചെസ് കളിക്കാര്‍ എന്ന നിലയില്‍ വൈശാലിയേയും അവളുടെ സഹോദരനെയും ഞാന്‍ ബഹുമാനിക്കുന്നുണ്ട്. എന്‍റെ പെരുമാറ്റം അവളെ അവഹേളിക്കുന്നതായെങ്കില്‍ ഞാന്‍ ക്ഷമപറയുന്നു. ചെസ് ഹറാം അല്ല. ഞാന്‍ മുന്‍പ് ചെയ്‌തത് ( 2023 ല്‍ ദിവ്യയുമായി ഉണ്ടായ മത്സരവും സമാന സംഭവവും ആണ് ഉദ്ദേശിച്ചത്) എനിക്ക് അത് തെറ്റായി തേന്നിയത് കൊണ്ടാണ്. എനിക്ക് എന്താണോ ചെയ്യേണ്ടത് അതാണ് ഞാന്‍ ചെയ്യുന്നത്. എതിര്‍ ലിംഗത്തില്‍ പെട്ടവരുമായി ഹസ്‌തദാനം നടത്തരുതെന്ന് ഞാന്‍ ആരോടും പറയുന്നില്ല. ബുര്‍ഖയും ഹിജാബും ധരിക്കണമെന്ന് സ്‌ത്രീകളോടും പറയുന്നില്ല. എന്ത് ചെയ്യണമെന്ന് അവരാണ് തീരുമാനിക്കേണ്ടത്’ -യാക്കൂബോവ് എക്‌സ് പോസ്റ്റില്‍ പറയുന്നു.
അതേസമയം, ചെസ് ബേസ് ഇന്ത്യ പങ്കിട്ട വീഡിയോയില്‍ വൈശാലി ഹസ്‌തദാനത്തിനായി കൈ നീട്ടുന്നതും യാക്കൂബോവ് നിരസിക്കുന്നതും കാണാം. നാലാം റൗണ്ട് മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഭവം. എന്നാല്‍ 2019 ൽ ഗ്രാൻഡ്‌മാസ്റ്ററായ 23 കാരനായ യാക്കൂബോവ് മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു