ബെംഗളൂരു: ഇന്ത്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളില്‍ ഒന്നായാണ് ബെംഗളൂരു കണക്കാക്കുന്നത്. എന്നാല്‍ അത്രകണ്ട് ഗതാഗത കുരുക്കുകളും അതുപോലെയുള്ള യാത്രാ തടസങ്ങളും ഒക്കെയുണ്ട് ഈ നഗരത്തിന്.അതൊക്കെയും പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോവാനുള്ള ശ്രമങ്ങള്‍ അധികൃതർ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.ഇപ്പോഴിതാ നഗരത്തിലെ ഏറ്റവും തിരക്കേറിയ സില്‍ക്ക് ബോർഡ് ജംഗ്ഷനിലെ യാത്രക്കാർക്ക് വലിയ ആശ്വാസമെത്തുകയാണ്. നഗരത്തിലെ ആദ്യത്തെ ഇരട്ട മേല്‍പ്പാലം ഒരാഴ്ചയ്ക്കുള്ളില്‍ പൂർണമായി പ്രവർത്തനക്ഷമമാകും എന്നതാണ് കാത്തിരിക്കുന്ന ആനന്ദം. ഉദ്ഘാടനം മാത്രം ബാക്കി നില്‍ക്കേ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ഓഫീസുമായി തീയതിക്കായി ഏകോപനം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഏപ്രില്‍ രണ്ടിന് നടത്തിയ പരിശോധനയില്‍ പ്രധാന റാമ്പുകള്‍ ഉപയോഗത്തിന് തയ്യാറാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എച്ച്എസ്ആർ ലേഔട്ട്, ബിടിഎം ലേഔട്ട്, രാഗിഗുഡ്ഡ എന്നിവിടങ്ങളെ ഈ ഫ്ലൈഓവർ ബന്ധിപ്പിക്കുന്നു. മെട്രോയുടെ യെല്ലോ ലൈനിന് താഴെയാണിത്. എച്ച്എസ്ആർ ലേഔട്ടിനും ജയദേവ ആശുപത്രിക്ക് ഇടയിലുള്ള ഗതാഗതക്കുരുക്ക് 80 ശതമാനം വരെ കുറയ്ക്കാൻ പുതിയ മേല്‍പ്പാലത്തിന് കഴിയും എന്നാണ് ട്രാഫിക് പോലീസ് കരുതുന്നത്.42 മീറ്റർ സ്റ്റീല്‍ ഗർഡറുകള്‍ സ്ഥാപിച്ചത് കാരണം മുൻപ് കാലതാമസം നേരിട്ട പദ്ധതിയുടെ നിർമ്മാണം ഇപ്പോള്‍ പൂർത്തിയായി. അധികൃതർ അറിയിച്ചതനുസരിച്ച്, മേല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറക്കാൻ തയ്യാറാണ്. നേരത്തെ രാഗിഗുഡ്ഡ, ഹൊസൂർ റോഡ്, ബിടിഎം ലേഔട്ട്, എച്ച്എസ്ആർ ലേഔട്ട് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ചില റാമ്പുകള്‍ 2024 ജൂലൈയില്‍ ഭാഗികമായി തുറന്നിരുന്നു.അതേസമയം, മേല്‍പ്പാലം തുറക്കാൻ വളരെ വൈകിയെന്ന് നിരവധി യാത്രക്കാർ അഭിപ്രായപ്പെടുന്നു. റാമ്പുകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററാണ് ഇതിലെ വേഗപരിധി. കൂടാതെ, 50 ടണ്‍ വരെ ഭാരമുള്ള വാഹനങ്ങള്‍ക്ക് മാത്രമേ മേല്‍പ്പാലം ഉപയോഗിക്കാൻ അനുവാദമുള്ളൂ. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികളിലൊന്നിന് ഇത് ഏറെ ആശ്വാസം നല്‍കുമെന്നതാണ് പ്രധാന കാര്യം.
ഡബിള്‍ ഡക്കർ ഫ്ലൈഓവറിന്റെ വിശേഷങ്ങള്സില്ക്ക് ബോർഡ് ജംഗ്ഷൻ മുതല്‍ രാഗിഗുഡ്ഡ വരെ എച്ച്എസ്ആർ ലേഔട്ട് വഴി കടന്നുപോകുന്ന ഈ മേല്‍പ്പാലത്തിന് ഏകദേശം 3.2 കിലോമീറ്റർ നീളമുണ്ട്. നമ്മ മെട്രോയുടെ യെല്ലോ ലൈൻ വയഡക്ടിന് താഴെയായി നാലുവരി റോഡ് ഡെക്കായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഹോസൂർ റോഡിലെ ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിട്ട് റോഡ്, മെട്രോ ഗതാഗതത്തിനായി സംയോജിപ്പിച്ചാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.എല്ലാ പാതകളും തുറന്നു കഴിഞ്ഞാല്‍ തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാർക്ക് കുറഞ്ഞത് 20 മിനിറ്റ് ലാഭിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സില്‍ക്ക് ബോർഡ് ജംഗ്ഷൻ വഴി കൂടുതല്‍ സിഗ്നല്‍ രഹിത ഗതാഗതം ഉറപ്പാക്കുകയാണ് ഈ ഇടനാഴിയുടെ ലക്ഷ്യം. തെക്കൻ ബെംഗളൂരുവിലെ ടെക് ഹബ്ബുകള്‍ക്കും താമസസ്ഥലങ്ങള്ക്കുമിടയിലുള്ള ഓഫീസ് സമയത്തെ തിരക്ക് കുറയ്ക്കുന്നതിനും ഈ മേല്‍പ്പാലം സഹായിക്കും.