ബെംഗളൂരു: ബെംഗളൂരുവില്‍ ഡോക്ടറായ കൃതിക റെഡ്ഡിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മഹേന്ദ്ര റെഡ്ഡിയുടെ കുറ്റസമ്മതമടങ്ങിയ ചാറ്റുകള്‍ പുറത്ത്.അനസ്‌തേഷ്യ മരുന്ന് അമിത അളവില്‍ നല്‍കി കൊലപ്പെടുത്തിയ ശേഷം സ്വാഭാവിക മരണമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാല്‍ ഇയാളുടെ ഫോണ്‍ പരിശോധിച്ചതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്.തന്റെ കാമുകിക്ക് അയച്ച സന്ദേശത്തിലാണ് മഹേന്ദ്ര റെഡ്ഡി കൊലപാതക വിവരം വെളിപ്പെടുത്തിയത്. ‘ഞാന്‍ കൃതികയെ കൊന്നു, ഞാന്‍ ജയിലില്‍ പോകും.
ഒരു കൊലയാളിക്ക് ഒരിക്കലും സന്തോഷമായിരിക്കാന്‍ കഴിയില്ല’ എന്ന് ഇയാള്‍ ചാറ്റില്‍ കുറിച്ചതായി പോലീസ് പറയുന്നു.അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ കാമുകിക്ക് ഇയാള്‍ നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു. പോലീസ് ചോദിച്ചാല്‍ തങ്ങള്‍ വെറും സുഹൃത്തുക്കള്‍ മാത്രമാണെന്ന് പറയണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.ഡിജിറ്റല്‍ തെളിവുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതോടെയാണ് കൊലപാതകത്തിലെ ഗൂഢാലോചന വ്യക്തമായത്. ഡോക്ടറുടെ മരണത്തില്‍ സംശയം തോന്നിയ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.