സമോസ കച്ചവടം നടത്തി ദിവസവും ലക്ഷങ്ങള്‍ സമ്ബാദിക്കാനാകുമോ?ബംഗളൂരുവിലെ ഒരു ദമ്ബതികളോടാണ് ഈ ചോദ്യമെങ്കില്‍ അതെ എന്ന ഉത്തരമാകും ലഭിക്കുക. ത്രികോണാകൃതിയിലുള്ളതും രുചികരവുമായ ജനപ്രിയ ഇന്ത്യന്‍ ലഘുഭക്ഷണമായ സമൂസ ശിഖര്‍ വീര്‍ സിങ്-നിധി സിങ് ദമ്ബതികളുടെ ജീവിതം മാറ്റിമറിച്ച കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.സമൂസയില്‍ നിറയ്ക്കുന്ന മസാലക്കൂട്ട് ചിലപ്പോള്‍ പ്രാദേശികമായി വ്യത്യാസപ്പെടാം, പക്ഷേ സാധാരണ ചേരുവകളില്‍ ഉരുളക്കിഴങ്ങും കടലയും ഉള്ളിയും മസാലകളും എല്ലായിടത്തും ഉണ്ടാകാം.
വ്യത്യസ്തതയ്ക്കുവേണ്ടി ചിക്കനോ മറ്റ് ഇറച്ചിയോ ചേര്‍ത്ത് നോണ്‍ വെജ് സമോസയും ഉണ്ടാക്കാറുണ്ട്. എന്നാല്‍ ബംഗളുരുവിലെ ഈ ദമ്ബതികളുടെ വിജയഗാഥ വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് വലിയ ഊര്‍ജം നല്‍കാനാകുമെന്ന കാര്യം തീര്‍ച്ചയാണ്.നിധി സിങ്ങും ഭര്‍ത്താവ് ശിഖര്‍ വീര്‍ സിംഗും 2016-ലാണ് ബെംഗളൂരുവില്‍ തങ്ങളുടെ ആദ്യ സമോസ കട തുടങ്ങിയത്. ഉയര്‍ന്ന ശമ്ബളമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് ഇരുവരും സമോസ കച്ചവടത്തിലേക്ക് ഇറങ്ങിയത്.
എന്നാല്‍ കോര്‍പറേറ്റ് ജോലി ചെയ്തപ്പോള്‍ ലഭിച്ചതിനേക്കാള്‍ എത്രയോ ഉയര്‍ന്ന നിലയിലുള്ള സമ്ബാദ്യമാണ് അവര്‍ക്ക് കച്ചവടത്തിലൂടെ ലഭിക്കുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ‘സമോസ’ വിറ്റ് ദമ്ബതികള്‍ പ്രതിദിനം 12 ലക്ഷം രൂപ സമ്ബാദിക്കുന്നുവത്രെ.സമോസ ഉണ്ടാക്കാനായി ഒരു വലിയ അടുക്കള സ്ഥലം ആവശ്യമാണെന്ന് തോന്നിയപ്പോള്‍, അവരുടെ അപ്പാര്‍ട്ട്മെന്റ് വിറ്റ് ആ പണം കൊണ്ട് ബെംഗളൂരുവില്‍ ഒരു ഫാക്ടറി വാടകയ്‌ക്കെടുക്കുകയായിരുന്നു ശിഖര്‍ വീറും നിധിയും.
ഹരിയാനക്കാരായ ഈ ദമ്ബതികള്‍ തങ്ങളുടെ വീട് വിറ്റ പണവും മറ്റ് സാമ്ബാദ്യവും ഉപയോഗിച്ച് ഫാക്ടറിക്കൊപ്പം ആദ്യ ഔട്ട്‌ലെറ്റും ആരംഭിച്ചു, താമസിയാതെ ഒരു വലിയ അടുക്കള സ്ഥാപിക്കാന്‍ മാത്രമായി 80 ലക്ഷം രൂപയാണ് ഇരുവരും നിക്ഷേപിച്ചതെന്ന് വീക്കെന്‍ഡര്‍ റിപ്പോര്‍ട്ട് ചെയ്തു.2015ല്‍ ജോലി ഉപേക്ഷിച്ച ദമ്ബതികള്‍ തൊട്ടടുത്ത വര്‍ഷമാണ് ബെംഗളൂരുവില്‍ ‘സമോസ സിംഗ്’ എന്ന ബ്രാന്‍ഡില്‍ ഔട്ട്‌ലെറ്റ് തുറന്നത്. അവിടെ നിന്ന് തുടങ്ങിയ ആ യാത്ര ഇരുവരുടെയും ജീവിതം മാറ്റിമറിക്കുന്നതാണ് പിന്നീട് കാണാനായത്. ഒരു ദിവസം എല്ലാം ചെലവും കഴിഞ്ഞ് ഏകദേശം 12 ലക്ഷത്തോളം രൂപ ലാഭം ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്.
കുരുക്ഷേത്ര സര്‍വകലാശാലയില്‍ നിന്ന് ബയോടെക്‌നോളജിയില്‍ ബി-ടെക് പഠിക്കുന്നതിനിടെയാണ് ശിഖറും നിധിയും ആദ്യമായി ഹരിയാനയില്‍വെച്ച് കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഹൈദരാബാദില്‍ നിന്ന് എംടെക്കിന് ശേഷം ചേര്‍ന്ന ബയോകോണില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായിരിക്കെയാണ് ശിഖര്‍ ജോലി ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗുരുഗ്രാം ആസ്ഥാനമായുള്ള ഫാര്‍മ കമ്ബനിയില്‍ നിന്ന് 30 ലക്ഷം രൂപ ശമ്ബള പാക്കേജിലുള്ള ജോലിയായിരുന്നു നിധിക്ക് ഉണ്ടായിരുന്നത്.