ബെംഗളൂരു: മൊബൈൽ ഫോൺ വാങ്ങിയ ഉപഭോക്താവിന് യൂസർമാനുവൽ നൽകാൻ വൈകിയതിൽ വൺപ്ലസ് കമ്പനിക്ക് 5,000 രൂപ പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കോടതി. 2023 ഡിസംബർ മാസം മൊബൈൽ ഫോൺ വാങ്ങിയ ബെംഗളൂരു സ്വദേശി എസ്.എം രമേഷിനാണ് യൂസർമാനുവൽ കിട്ടാതിരുന്നത്. ഇതേത്തുടർന്ന് ഇയാൾ മൊബൈൽ പ്രവർത്തിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടുകയും ചെയ്തു.യൂസർമാനുവൽ ആവശ്യപ്പെട്ട് നിരവധി തവണ രമേഷ് കമ്പനിയെ ബന്ധപ്പെട്ടെങ്കിലും നാല് മാസം കഴിഞ്ഞാണ് ലഭ്യമായത്.
ഇതോടെ ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു. ബെംഗളൂരു- 1 അഡീഷണൽ കൺസ്യൂമർ ഡിസ്പ്യൂട്ട്സ് റെഡ്രസ്സൽ കമ്മിഷനെയാണ് ഈ ജൂൺമാസം രമേഷ് സമീപിച്ചത്. യൂസർ മാനുവൽ ഇല്ലാത്തതുമൂലം അനുഭവിച്ച മാനസിക സംഘർഷവും നിരുത്തരവാദപരമായ പ്രവർത്തനവും ചൂണ്ടിക്കാട്ടിയിരുന്നു പരാതി. ഇതാണ് കോടതി പരിഗണിച്ചത്.
യൂസർമാനുവർ നൽകാത്തത് അങ്ങേയറ്റത്തെ അശ്രദ്ധയാണെന്ന് കോടതി വിലയിരുത്തി. ഇത് ഉപഭോക്താവിന് മാനസികവ്യഥയുണ്ടാക്കിയെന്നും കമ്പനി കോടതി നടപടികളോട് സഹകരിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് പിഴയിടാൻ തീരുമാനിച്ചത്. 5000 രൂപ പിഴയും 1000 രൂപ കോടതിച്ചെലവും കമ്പനി നൽകണമെന്നും വിധിയിൽ പറയുന്നു.