Home Featured ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ തമിഴ്നാട്ടിലെ പ്രവൃത്തികൾ അവസാനഘട്ടത്തിൽ

ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ തമിഴ്നാട്ടിലെ പ്രവൃത്തികൾ അവസാനഘട്ടത്തിൽ

മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ നിർമാണ പ്രവൃത്തികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. എക്സ്പ്രസ് വേയുടെ ഒരു ഭാഗം കഴിഞ്ഞ ഡിസംബറിൽ കർണാടക തുറന്നുനൽകിയെങ്കിലും ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് ഭാഗങ്ങളിൽ ജോലികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. 17,900 കോടിയുടെ പദ്ധതിയാണ് 258 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ.തമിഴ്നാട്ടിൽ ചെന്നൈ – ബെംഗളൂരു എക്സ്പ്രസ് വേയുടെ നിർമാണം ഈ വർഷം പൂർത്തിയാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

എക്സ്പ്രസ് വേയുടെ 65 ശതമാനം പ്രവൃത്തികളും പൂർത്തിയായെന്നും ശേഷിക്കുന്ന ജോലികൾ ഈ ഓഗസ്റ്റോടെ പൂർത്തിയാകും. തമിഴ്നാട്ടിലെ തിരുവള്ളൂർ, കാഞ്ചീപുരം, വെല്ലൂർ, റാണിപേട്ട് എന്നീ ജില്ലകളിലൂടെ 105.7 കിലോമീറ്റർ ദൈർഘ്യത്തിലാണ് നാലുവരിപാതയായ എക്സ്പ്രസ് വേ കടന്നുപോകുന്നത്.ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ ആയ ചെന്നൈ – ബെംഗളൂരു എക്സ്പ്രസ് വേയിലെ ആറ് ടോൾ പ്ലാസകൾ തമിഴ്നാട്ടിലാണ്. പദ്ധതി പൂർണമാകുന്നതോടെ ഐടി നഗരങ്ങളായ ചെന്നൈയ്ക്കും ബെംഗളൂരുവിനും ഇടയിലുള്ള യാത്രാ സമയവും ദൂരവും ഗണ്യമായി കുറയും. ഇരു നഗരങ്ങൾക്കും ഇടയിലുള്ള യാത്രാ സമയം ഏഴ് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി കുറയുമെന്നാണ് വിലയിരുത്തൽ.

പദ്ധതി പൂർണമാകുന്നതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കാനാകും. പരമാവധി 120 കിലോമീറ്റർ വേഗതയിലാണ് എക്സ്പ്രസ് വേ രൂപകൽപ്പന ചെയ്തിരിക്കുന്നത്.പല പ്രദേശങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ എക്സ്പ്രസ് വേയിലെ യാത്ര ജാഗ്രതയോടെയായിരിക്കണമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌എ‌ഐ) മുന്നറിയിപ്പ് നൽകിയിരുന്നു. വാഹനങ്ങൾ പ്രവേശിക്കുകയും അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. എക്സ്പ്രസ് വേ ഔദ്യോഗികമായി തുറന്നിട്ടില്ലെങ്കിലും ചില ഭാഗങ്ങൾ ഗതാഗതത്തിനായി തുറന്നു നൽകിയിട്ടുണ്ട്. കർണാടകയിൽ വിവിധയിടങ്ങളിൽ പാത തുറന്നുനൽകിയിരുന്നു.

കർണാടകയിൽ എക്സ്പ്രസ് വേ മൂന്ന് ഘട്ടങ്ങളിലായാണ് വികസിപ്പിക്കുന്നത്. ആദ്യ ഭാഗം ഹോസ്കോട്ടെ മുതൽ മാലൂർ വരെ 27.1 കിലോമീറ്റർ ദൈർഘ്യത്തിനും രണ്ടാമത്തേത് മാലൂർ മുതൽ ബംഗാർപേട്ട് വരെ 27.1 കിലോമീറ്റർ ദൂരത്തിലും മൂന്നാമത്തെ ഭാഗം ബംഗാർപേട്ട് മുതൽ ബേതമംഗല വരെ 17.5 കിലോമീറ്റർ ദൈർഘ്യത്തിലുമാണ്. ഈ ഭാഗങ്ങളെല്ലാം ഉടൻ തന്നെ യാത്രക്കാർക്ക് പൂർണ്ണമായും തുറന്നുകൊടുക്കുമെന്ന പ്രതീക്ഷയാണുള്ളത്

You may also like

error: Content is protected !!
Join Our WhatsApp Group