Home Featured കാത്തിരിക്കുന്ന ബെംഗളൂരു – ചെന്നൈ എക്സ്‍പ്രസ്‍വേയുടെ ഒരു സ്ട്രെച്ച് ഗതാഗതത്തിനായി തുറന്നു.

കാത്തിരിക്കുന്ന ബെംഗളൂരു – ചെന്നൈ എക്സ്‍പ്രസ്‍വേയുടെ ഒരു സ്ട്രെച്ച് ഗതാഗതത്തിനായി തുറന്നു.

കാത്തിരിക്കുന്ന ബെംഗളൂരു – ചെന്നൈ എക്സ്‍പ്രസ്‍വേയുടെ ഒരു സ്ട്രെച്ച് ഗതാഗതത്തിനായി തുറന്നു. എക്സ്‍പ്രസ്‍വേയുടെ കർണാടകത്തിലൂടെ കടന്നുപോകുന്ന 71 കിലോമീറ്റ‍ർ പാതയാണ് തുറന്നത്. എക്സ്‍പ്രസ്‍വേയ്ക്ക് സമീപം താമസിക്കുന്നവ‍ർക്ക് പാത ഉപയോഗപ്പെടുത്താം. കൂടാതെ, ദീർഘദൂര ഡ്രൈവ് ആഗ്രഹിക്കുന്നവർക്കും പാത തിരഞ്ഞെടുക്കാം. ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് 260 കിലോമീറ്റ‍ർ നീളുന്ന നാലുവരി എക്സ്‍പ്രസ്‍വേ 2025 ഓഗസ്റ്റോടെയാണ് പൂർണമായും ഗതാഗത യോഗ്യമാകുക.

കർണാടകത്തിനും തമിഴ്നാടിനും പുറമേ, ആന്ധ്രാ പ്രദേശിലൂടെയും ബെംഗളൂരു – ചെന്നൈ എക്സ്‍പ്രസ്‍വേ കടന്നുപോകുന്നുണ്ട്. കർണാടകത്തിലെ സ്ട്രെച്ച് പൂർത്തിയായെങ്കിലും മറ്റ് രണ്ട് സംസ്ഥാനങ്ങളിലെയും പ്രവൃത്തി പൂർത്തിയാകാനുണ്ട്. കർണാടകത്തിലെ ഹോസ്കോട്ടെയ്ക്ക് സമീപമുള്ള ജിന്നഗേര ക്രോസിലെ ക്ഷേത്രം മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയാണ് കർണാടകത്തിലെ സ്ട്രെച്ചിൻ്റെ പ്രവൃത്തി വൈകിപ്പിക്കാൻ ഇടയാക്കിയത്. ഇതും പൂർത്തിയാക്കിയതോടെയാണ് റോഡ് പൊതുജനത്തിനായി തുറന്നത്.

മാലൂർ, ബംഗാരപേട്ട്, ബെതമംഗല എന്നിവിടങ്ങളിലാണ് ബെംഗളൂരു – ചെന്നൈ എക്സ്‍പ്രസ്‍വേയുടെ കർണാടകത്തിലെ സ്ട്രെച്ചിൻ്റെ എക്സിറ്റ് പോയിൻ്റുകൾ ഉള്ളത്. ഹോസ്കോട്ടെ – മാലൂർ (27.1 കിലോമീറ്റർ), മാലൂർ – ബംഗാരപേട്ട് (27.1 കിലോമീറ്റർ), ബംഗാരപേട്ട് – ബെതമംഗല (17.5 കിലോമീറ്റർ) എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് കർണാടകത്തിലെ സ്ട്രെച്ച് പൂർത്തീകരിച്ചത്. പ്രവൃത്തി പൂർണമായും പൂ‍ർത്തിയാകാത്തതിനാൽ നിലവിൽ പാതയിൽ ടോൾ ഈടാക്കുന്നില്ല. അതിനാൽ വാരാന്ത്യം ഒരു ദീർഘദൂര ഡ്രൈവ് ആഗ്രഹിക്കുന്ന ബെംഗളൂരു മലയാളികൾക്ക് ഉൾപ്പെടെ ഈ പാത ഉപയോഗപ്പെടുത്താം. സ്ട്രെച്ചിൻ്റെ അവസാന ഭാഗത്തെത്തി യൂടേൺ എടുത്ത് മടങ്ങിവരാം. നിലവിൽ പാതയോട് ചേർന്ന് താമസിക്കുന്നവരും ദീർഘദൂര ഡ്രൈവ് ആഗ്രഹിക്കുന്നവരും പാത ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് എക്സ്‍പ്രസ്‍വേ ആണ് ബെംഗളൂരു – ചെന്നൈ എക്സ്‍പ്രസ്‍വേ. ബെംഗളൂരു – ചെന്നൈ യാത്രാ സമയം ആറു മണിക്കൂറിൽനിന്ന് മൂന്നു മണിക്കൂറായി കുറയ്ക്കും എന്നതാണ് ഈ എക്സ്‍പ്രസ്‍വേയുടെ പ്രധാന സവിശേഷത. പാതയിലെ പരമാവധി വേഗപരിധി 120 കിലോമീറ്റർ ആയിരിക്കും. 17,900 കോടി രൂപയാണ് പദ്ധതിയുടെ മുതൽമടക്ക്. നേരത്തെ, ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ബെംഗളൂരു – ചെന്നൈ എക്സ്പ്രസ്‍വേയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ നടത്തുമെന്ന് അറിയിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group