ബെംഗളൂരു: സൗഹൃദം പുതുക്കിയും സ്നേഹം പകർന്നും കൂടിച്ചേരലുകളുമായി ബെംഗളൂരുവിലെ മലയാളികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. പള്ളികളിലെ പെരുന്നാൾ നമസ്ക്കാരത്തിനും ഇദ്ഗാഹുകളിലും വിശ്വാസ നിർവൃതിയിൽ പതിനായിരങ്ങൾ പങ്കെടുത്തു.ഓൾ ഇന്ത്യ കെ.എം.സി.സി., മലബാർ മുസ്ലിം അസോസിയേഷൻ, എസ്.എം.എ. തുടങ്ങിയ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഈദ്ഗാഹിനും പെരുന്നാൾ നമസ്ക്കാരത്തിനുമുള്ള വിപുലമായ സൗകര്യമാണ് ഒരുക്കിയിരുന്നത്. നഗരത്തിലെ പ്രധാന പള്ളികളിലെ പെരുന്നാൾ നമസ്കാരത്തിനും ഒട്ടേറെ വിശ്വാസികൾ പങ്കാളികളായി.