Home കർണാടക ‘ബെംഗളൂരു ബിസിനസ് കോറിഡോര്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും’; വമ്പൻ പ്രഖ്യാപനവുമായി ഡികെ ശിവകുമാര്‍

‘ബെംഗളൂരു ബിസിനസ് കോറിഡോര്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും’; വമ്പൻ പ്രഖ്യാപനവുമായി ഡികെ ശിവകുമാര്‍

by ടാർസ്യുസ്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ബെംഗളൂരു ബിസിനസ് കോറിഡോർ (ബിബിസി-1) പദ്ധതി ഒന്നര വർഷത്തിനുള്ളില്‍ പൂർത്തിയാകുമെന്ന് കർണാടക ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡികെ ശിവകുമാർ. പെരിഫറല്‍ റിങ് റോഡ് (പിആർആർ) പദ്ധതിയെന്നറിയപ്പെടുന്ന ബെംഗളൂരു ബിസിനസ് കോറിഡോറുമായി സർക്കാർ അതിവേഗം മുന്നോട്ട് പോകുന്നതിനിടെയാണ് ഡികെ ശിവകുമാറിൻ്റെ നിർണായക പ്രതികരണം. ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുകയും ഭൂമി വിട്ടുനല്‍കിയവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യല്‍ നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തു. ബാംഗ്ലൂർ വികസന അതോറിറ്റി (ബിഡിഎ) നാല് ഓപ്ഷനുകളിലൂടെയാണ് നഷ്ടപരിഹാരം നല്‍കുന്നത്. നഷ്ടപരിഹാരം, ട്രാൻസ്ഫറബിള്‍ ഡെവലപ്‌മെന്റ് റൈറ്റ്സ് (ടിഡിആർ), ഫ്ലോർ ഏരിയ റേഷ്യോ (എഫ്‌എആർ), വികസിപ്പിച്ച വാണിജ്യ സൈറ്റുകള്‍. ബിഡിഎ വികസിപ്പിച്ച ലേഔട്ടുകളിലൊന്നില്‍ ഭൂവുടമകള്‍ക്ക് സൈറ്റുകള്‍ തെരഞ്ഞെടുക്കാം. എന്നീ നാല് ഓപ്ഷനുകളാണ് ഭൂമി വിട്ടുനല്‍കുന്നവരുടെ മുന്നിലുള്ളത്. ഭൂമി നഷ്ടപ്പെട്ട 400 പേർക്ക് ഇതിനകം നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് ഡികെ ശിവകുമാർ പറഞ്ഞു. പലരും വാണിജ്യ സ്ഥലം (65% – 35%) പദ്ധതി തെരഞ്ഞെടുത്തു. ടിഡിആർ എങ്ങനെ നല്‍കുമെന്ന് വിശദീകരിച്ചുകൊണ്ട് ബിഡിഎയുടെ അധികാരപരിധിയില്‍ വരുന്ന ഭൂമികള്‍ക്ക് അതോറിറ്റി ടിഡിആർ നല്‍കുമെന്നും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) യ്ക്ക് കീഴിലുള്ള പ്രദേശങ്ങള്‍ക്ക് ബിഡിഎ ജിബിഎയ്ക്ക് കത്തെഴുതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രക്രിയ പൂർത്തിയാക്കുമെന്നും ശിവകുമാർ പറഞ്ഞു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) പരിധിയിലുള്ള അവരുടെ റവന്യൂ ഭൂമിയുടെ വിപണി മൂല്യത്തിന്റെ മൂന്നിരട്ടിയും വസ്തുവിന്റെ വിപണി മൂല്യത്തിന്റെ ഇരട്ടിയും ഉടമകള്‍ക്ക് നല്‍കി. 650ലധികം ഉടമകള്‍ അവരുടെ ഭൂമി വിട്ടുകൊടുക്കാൻ സമ്മതിച്ചിട്ടുണ്ട്. 400ലധികം ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം ഇതിനകം വിതരണം ചെയ്തുവെന്ന് കർണാടക ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി.കെ ശിവകുമാർ പറഞ്ഞു. രണ്ട് പതിറ്റാണ്ടുകളായി ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതി നടപ്പിലാക്കാൻ പാടുപെടുന്ന ബിഡിഎയ്ക്ക് ആത്മവിശ്വാസം പകരുന്ന കാര്യമാണ് ഭൂവുടമകളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാൻ ഡികെ ശിവകുമാർ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദേശം നല്‍കിയിരുന്നു. ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിക്ക് 3,586 കർഷകരുടെയും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 1,810 ഏക്കർ ഭൂമിയും ആവശ്യമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group