നമ്മ മെട്രോ ബ്ലൂ ലൈനില്‍ കുതിക്കാൻ സമയമായി; ട്രയല്‍ റണ്‍ ഉടൻ, പരീക്ഷണയോട്ടം കെആര്‍ പുരത്തിനും മാര്‍ത്തഹള്ളിക്കും ഇടയില്‍

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരു പ്രതീക്ഷയോടെ കാത്തിരിക്കുന്ന കെആർ പുരം മുതല്‍ മാർത്തഹള്ളി വരെയുള്ള നമ്മ മെട്രോ ബ്ലൂ ലൈനില്‍ ട്രയല്‍ റണ്‍ ഉടൻ.ഒക്ടോബർ അവസാനത്തോടെ ട്രയല്‍ റണ്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെൻട്രല്‍ സില്‍ക്ക് ബോർഡ് വരെയുള്ള മുഴുവൻ പാതയും അടുത്ത വർഷം പകുതിയോടെ മാത്രമേ പൂർത്തിയാകൂ.ഔട്ടർ റിങ് റോഡ് പാതയില്‍ ഓരോ സ്റ്റേഷനും പ്രവർത്തനസജ്ജമാകുന്ന മുറയ്ക്ക് ട്രെയിൻ സർവീസുകള്‍ ഘട്ടംഘട്ടമായി ആരംഭിക്കുമെന്ന് ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചു. കെആർ പുരം – ഹെബ്ബാള്‍ – കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള പാതയിലെ നിർമാണ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. അടുത്ത വർഷം നവംബറോടെ ഈ പാതയില്‍ ട്രെയിൻ സർവീസുകള്‍ ആരംഭിക്കാനാണ് ബെംഗളൂരു നമ്മ മെട്രോ ലക്ഷ്യമിടുന്നത്.

മന്ത്രി വ്യാഴാഴ്ച നിർമാണ പ്രവർത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.നമ്മ മെട്രോയുടെ 2A, 2B ഘട്ടങ്ങള്‍ ഉള്‍പ്പെടുന്ന ബ്ലൂ ലൈൻ ബെംഗളൂരു നഗരത്തിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്. കെആർ പുരം മുതല്‍ വിമാനത്താവളം വരെയുള്ള പാതയ്ക്ക് 38.44 കിലോമീറ്റർ ദൈർഘ്യമുണ്ട്. കെആർ പുരം മുതല്‍ സെൻട്രല്‍ സില്‍ക്ക് ബോർഡ് വരെയുള്ള പാതയ്ക്ക് 19.75 കിലോമീറ്റർ നീളവുമുണ്ട്. ഈ പാതകള്‍ നഗരത്തിലെ ടെക് ഇടനാഴിയെയും അന്താരാഷ്ട്ര വിമാനത്താവളത്തെയും തമ്മില്‍ ബന്ധിപ്പിക്കും.ഹെബ്ബാള്‍ മുതല്‍ കസ്തൂരി നഗർ വരെയുള്ള ഔട്ടർ റിങ് റോഡിനോട് ചേർന്നുള്ള സർവീസ് റോഡ് വളരെ മോശം അവസ്ഥയിലാണെന്ന് പരിശോധനയില്‍ മന്ത്രി കണ്ടെത്തി. ചിലയിടങ്ങളില്‍ മെട്രോ എൻജിനീയർമാർ നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും റോഡ് ആവശ്യത്തിന് വീതി കൂട്ടിയിട്ടില്ല.നിർമാണ സാമഗ്രികള്‍ റോഡില്‍ കൂട്ടിയിട്ടിരിക്കുന്നത് ഗതാഗതത്തിനുള്ള സ്ഥലം കൂടുതല്‍ കുറയ്ക്കുന്നതായും മന്ത്രി ശ്രദ്ധയില്‍പ്പെടുത്തി.

വീരണ്ണപാള്യ മെട്രോ സ്റ്റേഷന് സമീപം നിർമ്മാണ സാമഗ്രികള്‍ നീക്കം ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ റോഡ് വീതി കൂട്ടാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. സർവീസ് റോഡ് വീതി കൂട്ടാനും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും നോർത്ത് കോർപറേഷനോടും മന്ത്രി ആവശ്യപ്പെട്ടു.പ്രത്യേകിച്ച്‌ വീരണ്ണപാള്യയ്ക്കും ഹെബ്ബാളിനും ഇടയില്‍ കാവേരി ജലവിതരണ പൈപ്പ് ലൈനുകളും ഭൂഗർഭ ഡ്രെയിനേജ് ലൈനുകളും ഉള്ളതിനാല്‍ നിർമാണ പ്രവർത്തനങ്ങള്‍ വൈകുന്നതായി ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. കനത്ത ഗതാഗതത്തിരക്കും നിർമ്മാണ പ്രവർത്തനങ്ങളുടെ വേഗത കുറയ്ക്കുന്നതായി അവർ വ്യക്തമാക്കി. വെല്ലുവിളികള്‍ അംഗീകരിച്ചുകൊണ്ട് അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ തടസ്സങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ ബന്ധപ്പെട്ട കരാറുകാർ വേണ്ടത്ര ഗൗരവത്തോടെയോ വേഗത്തിലോ പ്രതികരിച്ചില്ലെന്നും കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു.

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി